ക്രൗര്യം വെടിഞ്ഞ് സൗമ്യനായി ചുള്ളിക്കൊമ്പന്‍

കേളകം: ആറളം വന്യജീവി സങ്കേതത്തിലെ വളയഞ്ചാലില്‍ വനം വകുപ്പ് നിര്‍മ്മിച്ച ആനക്കൂട്ടില്‍ ചുള്ളിക്കൊമ്പന്‍റെ തടങ്കല്‍ ജിവിതത്തിന് ഒരു മാസം പൂര്‍ത്തിയായി. ക്രൗര്യം വെടിഞ്ഞ് സൗമ്യനായി കാട്ടുകൊമ്പന്‍ അനുസരണയുള്ളവനായി മാറിിത്തുടങ്ങിയെന്ന് വനം അധികൃതര്‍ അറിയിച്ചു. ആറളം ഫാമിലും ആദിവാസി പുനരധിവാസ മേഖലയിലും കൊട്ടിയൂര്‍- കേളകം വനാതിര്‍ത്തി പ്രദേശങ്ങളിലുമായി ആറു പേരെ വകവരുത്തിയ ചുള്ളിക്കൊമ്പനെ മയക്കുവെടി വെച്ച് കഴിഞ്ഞ മാസം പത്തിനാണ് പിടികൂടി കൂട്ടിലടച്ചത്. 

തുടക്കത്തില്‍ ആനക്കൂട്ടിലും കലിയടങ്ങാതെ ചുള്ളിക്കൊമ്പന്‍ അക്രമാസക്തനായിരുന്നു. ഇപ്പോൾ പാപ്പാന്‍ നല്‍കുന്ന ഭക്ഷണങ്ങള്‍ കഴിച്ച് തുടങ്ങിയ ചുള്ളിക്കൊമ്പന്‍ വനപാലകരോട് അടക്കമുള്ളവരോട് അടുപ്പം കാണിക്കുകയും നാട്ടുവിഭവങ്ങളുടെ രുചിയറിഞ്ഞ് ഭക്ഷിക്കുകയും ചെയ്യുന്നുണ്ട്. ആദ്യത്തെ രണ്ടാഴ്ചക്കാലം കൂടുതകര്‍ത്ത് പുറത്തേക്ക് കുതിക്കാന്‍ ശ്രമം നടത്തിയ ചുള്ളിക്കൊമ്പന് ഇപ്പോള്‍ അങ്ങനെ മോഹമില്ല. ഗോതമ്പ്, രാഗി, കടല, ശര്‍ക്കര, മിനറല്‍ മിക്സ് തുടങ്ങിയ ഭക്ഷ്യ വിഭവങ്ങള്‍ക്കൊപ്പം പനയോലയും കഴിക്കുന്നുണ്ട്. നിലവില്‍ സൗമ്യനായി തുടങ്ങിയ ചുള്ളിക്കൊമ്പനെ രണ്ടാഴ്ചക്കകം കോടനാട് ആന സങ്കേതത്തിലേക്ക് മാറ്റാനാണ് പദ്ധതി.  

ചുള്ളിക്കൊമ്പന്‍ ആറളം വന്യജീവി സങ്കേതത്തില്‍ നിര്‍മിച്ച ആനക്കൂട്ടിനുള്ളില്‍ സൗമ്യനായ നിലയില്‍.
 


ആനക്കൂടിന് സമീപം മറ്റ് കാട്ടാനകളും വട്ടമിടുന്നത് തുടരുകയാണ്. ആറളം ഫാമിന്‍റെ നാലാം ബ്ലോക്കില്‍ നിന്നാണ് മറ്റ് രണ്ട് ആനകൾക്കൊപ്പം മേഞ്ഞ് നടന്ന ചുള്ളിക്കൊമ്പനെ കഴിഞ്ഞ പത്തിന് മയക്കുവെടിവെച്ച് പിടികൂടിയത്. പിടികൂടിയ ഉടന്‍ വാഹനത്തില്‍ ദീര്‍ഘദൂരം കൊണ്ട് പോകുന്നത് അപകടമാകുമെന്ന വിദഗ്ധ അഭിപ്രായത്തെ തുടര്‍ന്നാണ് ആനക്കൂട്ടില്‍ പാര്‍പ്പിക്കാന്‍ നടപടിയായത്. 

കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടുന്നതിനും ആനക്കൂട് നിര്‍മാണത്തിനും നേതൃത്യം നല്‍കാന്‍ ഉന്നത വനപാലകരെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. കൊലയാളി കാട്ടുകൊമ്പനെ മയക്കുവെടി വെച്ച് പിടികൂടുന്നതിനും തുടര്‍ചികില്‍സക്കും മേല്‍നോട്ടം വഹിക്കാന്‍ ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്റര്‍ ശ്രാവണ്‍ കുമാര്‍ വര്‍മ, കണ്ണൂര്‍ ഡി.എഫ്. സുനിൽ പാമടി, വിജിലന്‍സ് ഡി.എഫ്.ഒ സി.വി. രാജന്‍, മയക്കുവെടി വിദഗ്ധന്‍ കൂടിയായ ഫോറസ്റ്റ് ചീഫ് വെറ്റനറി സര്‍ജന്‍ ഡോ: അരുണ്‍ സക്കറിയ തുടങ്ങിയവരാണ് നിയോഗിക്കപ്പെട്ടത്. 

Tags:    
News Summary - chullikkomban in aralam farm, kelakam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.