കോലഞ്ചേരി: മലങ്കര സഭാ തർക്ക പരിഹാരത്തിന് അഞ്ച് നിർദ്ദേശങ്ങളുമായി യാക്കോബായ അൽമായ ഫോറം. മുഖ്യമന്ത്രി പിണറായി വിജയൻ, ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ എന്നിവർക്കാണ് അൽമായ ഫോറം തങ്ങളുടെ നിർദ്ദേശങ്ങൾ കൈമാറിയത്.
യാക്കോബായ-ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിൽ വർഷങ്ങളായി നിലനിൽക്കുന്ന തർക്കങ്ങൾ അവസാനിപ്പിക്കാൻ സുപ്രീംകോടതി വിധികൾ പൂർണ്ണമായ രീതിയിലും യഥാർത്ഥ്യബോധത്തിലും ഉൾക്കൊണ്ട് നടപ്പാക്കണമെന്നാണ് അൽമായ ഫോറത്തിൻ്റെ ആവശ്യം. വിവിധ കോടതികളിൽ അവസാനിക്കാത്ത നിയമ പോരാട്ടം സഭക്കും സമൂഹത്തിനും വിനാശമാണെന്നും സംസ്ഥാന ഖജനാവിനും സർക്കാരിനും വൻ ബാധ്യതയും ക്രമസമാധാന പ്രശ്നങ്ങളുമാണ് വരുത്തിവെയ്ക്കുന്നതെന്നും സംഘടന ചൂണ്ടിക്കാട്ടി.
സുപ്രീംകോടതി വിധി പ്രകാരം അഞ്ച് കാര്യങ്ങൾ കർശനമായി നടപ്പിലാക്കിയാൽ സഭയിലും പള്ളികളിലും സമാധാനം ഉണ്ടാകുമെന്നാണ് അൽമായ ഫോറം നിർദ്ദേശത്തിൽ ചൂണ്ടിക്കാട്ടി.
സുപ്രീംകോടതി വിധിയിൽ പറഞ്ഞതു പോലെ പാത്രിയാർക്കീസ് ബാവയെ രണ്ടു വിഭാഗവും നിയമപ്രകാരം ആത്‌മീയ മേലധികാരിയായി അംഗീകരിക്കുക, മലങ്കര സഭാ ഒരു സ്വയം ശീർഷ സഭ അല്ലെന്ന് സുപ്രീംകോടതി വിധിച്ചതുപോലെ അംഗീകരിക്കുക, പാത്രിയാർക്കീസിൽ വിശ്വസിച്ചാലും, കാതോലിക്കോസിൽ വിശ്വസിച്ചാലും എല്ലാവരെയും ഉൾക്കൊള്ളണം എന്ന സുപ്രീംകോടതി വിധി നടപ്പിലാക്കുക, രണ്ടു വിഭാഗത്തിലെയും നിലവിലുള്ള പുരോഹിതരും ബിഷപ്പമാരും 1934ലെ ഭരണഘടനക്ക് വിധേയപ്പെട്ടുകൊണ്ടുള്ള അഫിഡവിറ്റ് എഴുതി വാങ്ങി അവരിൽ നിന്ന് ഇടവക വികാരിമാരെയും ഭദ്രാസന മെത്രാപ്പോലീത്തമാരെയും നിയമിക്കുക, രണ്ടു വിഭാഗത്തെയും ഉൾപ്പെടുത്തി ഇടവക ഭരണ സമിതിയെ തിരഞ്ഞെടുക്കുക, പളളിയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും താക്കോൽ നിയമപരമായി തിരഞ്ഞെടുത്ത ഭരണ സമിതിയെ ഏൽപ്പിക്കുക, തർക്കമുള്ള പള്ളികളിൽ ഇലക്ഷൻ നടത്തി ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിന് അതാതു ജില്ലകളിലെ കലക്ടർമാരെയും, ജില്ലാ പൊലീസ് മേധാവിമാരെയും ചുമതലപ്പെടുത്തുക, അതിലേക്ക് സർക്കാരിനുണ്ടാകുന്ന ചിലവുകൾ അതാത് പള്ളികളിൽ നിന്ന് മുൻകൂറായി ഈടാക്കുക എന്നീ നിർദ്ദേശങ്ങളാണ് സർക്കാറിനും ഹൈക്കോടതിക്കും സംഘടന കൈമാറിയതെന്ന് വർക്കിങ് പ്രസിഡൻ്റ് പോൾ വർഗീസ് പറഞ്ഞു.
തർക്കവുമായി ബന്ധപ്പെട്ട് ഹൈക്കോടതി ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ്റെ 2021 ഒക്ടോബർ അഞ്ചിലെ വിധിയിലുള്ള നിരീക്ഷണങ്ങൾ സ്വാഗതാർഹമാണെന്നും പള്ളികളിൽ പൊലീസ് സംരക്ഷണമല്ല വേണ്ടതെന്ന നിഗമനം സമാധാനത്തിലേക്കു നയിക്കുമെന്നും പോൾ വർഗീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.