തിരുവനന്തപുരം: ഓര്‍ത്തഡോക്സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം രമ്യമായി പരിഹരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ തേടി മുഖ്യമന്ത്രി പിണറായി വിജയന് ഇതര ക്രിസ്ത്യന്‍ സഭാമേലധ്യക്ഷന്മാരുമായും സഭാപ്രതിനിധികളുമായും ചര്‍ച്ച നടത്തി. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, ലത്തീന്‍ സഭ ബിഷപ് ജോസഫ് കരിയില്‍, ഡോ. തിയോഡോഷ്യസ് മാർത്തോമ മെത്രാപ്പൊലീത്ത, ബിഷപ് ഡോ. ഉമ്മന്‍ ജോര്‍ജ്, സിറില്‍ മാര്‍ ബസേലിയോസ് മെത്രാപ്പൊലീത്ത, ബിഷപ് ഓജീന്‍ മാര്‍ കുര്യാക്കോസ്, മാര്‍ സേേവറിയോസ് കുര്യാക്കോസ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ തര്‍ക്കം പരിഹരിക്കുന്നതിന് ചില നിര്‍ദേശങ്ങള്‍ സഭാ മേധാവികള്‍ മുന്നോട്ടുവെച്ചു. ഇന്നത്തെ സാഹചര്യത്തില്‍ ഓര്‍ത്തഡോക്സ്, യാക്കോബായ സഭകള്‍ ഒന്നിച്ചുപോകാനുള്ള സാധ്യത വിദൂരമായതിനാൽ ആരാധനാലയങ്ങളില്‍ ഭൂരിപക്ഷ അഭിപ്രായം മാനിച്ചുള്ള സംവിധാനമുണ്ടാക്കണം.
പൊതുയോഗത്തിലൂടെ നിര്‍ണയിക്കപ്പെടുന്ന ഭൂരിപക്ഷത്തിന് പള്ളിയും സ്വത്തുക്കളും വിട്ടുകൊടുക്കുകയും ഇടവകയിലെ ന്യൂനപക്ഷത്തിന് ആരാധന നടത്താനുള്ള സാഹചര്യം ഭൂരിപക്ഷത്തിെൻറ സഹകരണത്തോടെ ഉറപ്പാക്കുകയും വേണം. ആരാധനാലയങ്ങളില്‍ സമയക്രമം നിശ്ചയിച്ച് പ്രാർഥന അനുവദിക്കുകയോ സമീപത്തുതന്നെ ന്യൂനപക്ഷത്തിനുവേണ്ടി മറ്റൊരു ദേവാലയം പണിയുകയോ ചെയ്യാം. അതിനുള്ള പിന്തുണ ഭൂരിപക്ഷവിഭാഗം നല്‍കണം.
ഒരു ദേവാലയം ഭൂരിപക്ഷ അഭിപ്രായപ്രകാരം ഏതെങ്കിലുമൊരു വിഭാഗത്തിന് വിട്ടുകൊടുത്താലും വിശേഷദിവസങ്ങളില്‍ മറുവിഭാഗത്തിനും അവിടെ പ്രാർഥന നടത്താന്‍ കഴിയണം. ഇരുവിഭാഗത്തിനും സെമിത്തേരി ഉപയോഗിക്കാനും പ്രാർഥന നടത്താനും സൗകര്യമുണ്ടാകണം. ചരിത്രപ്രാധാന്യമുള്ളതും ഒരുവിഭാഗത്തിന് വൈകാരിക ബന്ധമുള്ളതുമായ ദേവാലയങ്ങളിൽ മറുവിഭാഗം ആധിപത്യം സ്ഥാപിക്കുന്നത് സംഘര്ഷമുണ്ടാക്കുമെന്നതിനാല് വിട്ടുവീഴ്ചയിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് പൊതുവേ ചര്‍ച്ചയില്‍ ഉയര്‍ന്നത്.
ആരാധനാലയങ്ങളിലും പരിസരങ്ങളിലും ക്രമസമാധാന പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് ബിഷപ്പുമാര്‍ പിന്തുണ അറിയിച്ചു. നിര്‍ദേശങ്ങളെ ഗൗരവമായി കാണുമെന്നും നിയമവശം പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി യോഗത്തിൽ വ്യക്തമാക്കി. ഓര്‍ത്തഡോക്സ്-യാക്കോബായ വിഭാഗങ്ങളുമായുള്ള ആശയവിനിമയം സര്‍ക്കാര്‍ തുടരും. അതോടൊപ്പം, ഇതരസഭകളുടെ അധ്യക്ഷന്മാര് പ്രശ്നപരിഹാരത്തിന് അവരുമായി ചര്‍ച്ച നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.