കോട്ടയം: ഹലാല്‍ ഭക്ഷണത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണങ്ങളുമായി ക്രൈസ്തവ സഭകൾക്ക് ബന്ധമില്ലെന്ന് സി.ബി.സി.ഐ ലെയ്റ്റി കൗൺസിൽ. ഭക്ഷണം കഴിക്കുന്നതിനെക്കുറിച്ച് അഭിപ്രായം പറയുന്നത് സഭകളുടെ രീതിയല്ല. കേരള ഇൻറര്‍ ചര്‍ച്ച് ലെയ്റ്റി കൗണ്‍സിൽ എന്ന പേരിലുള്ള ലെറ്റര്‍ ഹെഡാണ് പ്രചാരണത്തിന് ഉപയോഗിക്കുന്നത്. വിവിധ സഭകളെ പ്രതിനിധാനം ചെയ്യുന്നു എന്ന് അവകാശപ്പെടുന്ന ഇങ്ങനൊരു സംഘടനയെക്കുറിച്ച് കേട്ടിട്ടുപോലുമില്ലെന്ന് സി.ബി.സി.ഐ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവ. വി.സി. സെബാസ്റ്റ്യൻ 'മാധ്യമ'ത്തോട് പറഞ്ഞു.
കേരള ഇൻറര്‍ ചർച്ച് ലെയ്റ്റി കൗണ്‍സില്‍ എന്ന സംഘടന വ്യാജമാണ്. ഇന്ത്യയിലെ 174 രൂപതകളുടെയും അപ്പെക്സ് ബോഡിയാണ് കാത്തലിക് ബിഷപ് കോൺഫറൻസ് ഓഫ് ഇന്ത്യ (സി.ബി.സി.ഐ). മതപരമായ കാര്യങ്ങളിൽ ക്രൈസ്തവരുടെ ഭൂരിപക്ഷ അഭിപ്രായമായി പലപ്പോഴും പരിഗണിക്കുന്നത് സി.ബി.സി.ഐയുടെ നിലപാടുകളാണ്. കേരളത്തിലാണെങ്കിൽ ഇൗ ചുമതല കേരള കാത്തലിക് ബിഷപ്സ് കോൺഫറൻസിനാണ് (കെ.സി.ബി.സി).
സി.ബി.സി.ഐക്കുകീഴിൽ ഇന്ത്യയിലുള്ള 14 മേഖലകളിൽ ഒന്നാണ് കെ.സി.ബി.സി. ഇവയിൽപെടുന്ന ആരും ഹലാൽ ഭക്ഷണത്തിനെതിരെ നിലപാട് എടുത്തിട്ടില്ല. അതിനാൽതന്നെ സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമമാണ് ഇത്തരം പ്രസ്താവനകൾക്ക് പിന്നിൽ പ്രവർത്തിക്കുന്നവർ നടത്തുന്നത്. ദിവസങ്ങള്‍ക്ക് മുമ്പാണ് ഹലാല്‍ ഫുഡ് ബഹിഷ്കരിക്കണമെന്ന ആഹ്വാനം സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്ന തരത്തിലുള്ള, സമാന സ്വഭാവത്തിലുള്ള മറ്റു ചില സംഘടനകളുടെയും നോട്ടീസുകൾ പ്രചാരത്തിലുണ്ട്. സംഘ്പരിവാറുമായി ബന്ധപ്പെട്ട ചില സമൂഹ മാധ്യമ അക്കൗണ്ടുകളാണ് ഇവ വ്യാപകമായി പ്രചരിപ്പിക്കുന്നതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.