മല്ലു ഹിന്ദു ഓഫീസേഴ്സ് ഗ്രൂപ്പ്: ഗോപാലകൃഷ്ണന്‍റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഗൂഗ്ൾ

തിരുവനന്തപുരം: മതാടിസ്ഥാനത്തിൽ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ വാട്സ്​ആപ് ഗ്രൂപ് രൂപവത്​കരിച്ച സംഭവത്തിൽ വ്യവസായ, വാണിജ്യ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണൻ കുരുക്കിലേക്ക്. മല്ലു ഹിന്ദു ഓഫീസേഴ്‌സ് എന്ന പേരിൽ ഗ്രൂപ്പ് ഉണ്ടാക്കിയ കെ. ഗോപാലകൃഷ്ണന്‍റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് വ്യക്തമായി. ഹാക്കിങ് നടന്നിട്ടില്ലെന്ന് പൊലീസിന്‍റെ അന്വേഷണത്തിന് ഗൂഗിളും മെറ്റയും മറുപടി നൽകി. തന്‍റെ ഫോൺ ഹാക്ക് ചെയ്ത് ആരോ വാട്സ്ആപ് ഗ്രൂപ്പ് ഉണ്ടാക്കുകയായിരുന്നു എന്നാണ് ഗോപാലകൃഷ്ണൻ വാദിച്ചിരുന്നത്.

നേരത്തെ, മതാടിസ്ഥാനത്തിൽ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ വാട്സ്​ആപ് ഗ്രൂപ് ഉണ്ടാക്കിയത് ഗോപാലകൃഷ്ണന്‍റെ ഫോണിൽനിന്ന് തന്നെയാണെന്ന് വാട്സ്ആപ് മറുപടി നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് സംഭവം അന്വേഷിക്കുന്ന പൊലീസിന് ഗൂഗിളിന്‍റേയും മറുപടി ലഭിച്ചിരിക്കുന്നത്. പൊലീസിന്റെ കസ്റ്റഡിയിലുള്ള ഫോൺ ഫൊറൻസിക് പരിശോധനക്ക് അയച്ചിരിക്കുകയാണ്. ഇതിന്‍റെ ഫലമാണ് പൊലീസ് ഇനി കാത്തിരിക്കുന്നത്. വിവരങ്ങൾ ഡിലീറ്റ് ചെയ്ത് ഫാക്ടറി റീസെറ്റ് ചെയ്ത നിലയിലാണ് ഫോൺ പൊലീസിന് ലഭിച്ചിരുന്നത്.

കെ. ഗോപാലകൃഷ്ണനിൽ നിന്ന് പൊലീസ് മൊഴിയെടുത്തപ്പോൾ, ഫോൺ ഹാക്ക് ചെയ്യപ്പെട്ടെന്നാണ് ഗോപാലകൃഷ്ണൻ പറഞ്ഞിരുന്നത്. വാട്സ്ആപ്പിൽ ഗ്രൂപ് തുടങ്ങിയത് സുഹൃത്തുക്കള്‍ ആണ് ശ്രദ്ധയില്‍പെടുത്തിയതെന്നും അറിഞ്ഞയുടൻ ഗ്രൂപ് ഡിലീറ്റ് ചെയ്​തെന്നുമാണ് ഗോപാലകൃഷ്ണൻ പറയുന്നത്.

എന്നാൽ, വാട്സ്ആപ് ഗ്രൂപ്പുണ്ടാക്കിയത് ഗോപാലകൃഷ്ണൻ തന്നെയാണെന്നാണ് പൊലീസിന്‍റെ നിഗമനം. ഗ്രൂപ്പുകളുടെ സ്ക്രീൻഷോട്ടെടുത്ത് കേന്ദ്ര ഡെപ്യൂട്ടേഷന് ഗോപാലകൃഷ്ണൻ ശ്രമം നടത്തിയെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു.

കഴിഞ്ഞ മാസം 30നാണ് ‘മല്ലു ഹിന്ദു ഓഫിസേഴ്സ്’ എന്ന പേരിൽ ഗോപാലകൃഷ്ണൻ അഡ്മിനായി വാട്സ്ആപ് ഗ്രൂപ് പ്രത്യക്ഷപ്പെട്ടത്. ഹാക്ക് ചെയ്തവർ ‘മല്ലു മുസ്​ലിം ഓഫിസേഴ്സ്’എന്ന പേരിൽ മറ്റൊരു ഗ്രൂപ്പുമുണ്ടാക്കിയെന്നും കോൺടാക്ട് ലിസ്റ്റിലുള്ളവരെ ഉൾപ്പെടുത്തി ആകെ 11 ഗ്രൂപ്പുകളുണ്ടാക്കിയെന്നുമാണ് ഗോപാലകൃഷ്ണൻ പറയുന്നത്. ചീഫ് സെക്രട്ടറി ശാരദ മുരളീധരനെ നേരിൽക്കണ്ടും ഗോപാലകൃഷ്ണൻ വിശദീകരണം നൽകിയിരുന്നു.

Tags:    
News Summary - Mallu Hindu Officers Whatsapp Group: K Gopalakrishnan's phone not hacked -Google

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.