നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവള ഡയറക്ടർ എ.സി.കെ. നായർ ചൊവ്വാഴ്ച വിരമിക്കുന്നു. ഇന്ത്യയിൽ ഏറ്റവുമധികം കാലം എയർപോർട്ട് ഡയറക്ടർ തസ്തികയിൽ സേവനമനുഷ്ഠിച്ച റെക്കോഡുമായാണ് അദ്ദേഹം പടിയിറങ്ങുന്നത്. 2004 മുതൽ അദ്ദേഹം കൊച്ചി വിമാനത്താവള ഡയറക്ടറാണ്.
വിമാനത്താവള വികസനത്തിൽ നിർണായക പങ്കുവഹിച്ചയാളാണ് എ.സി.കെ. നായർ. കൊച്ചിയിൽ പൊതുജന പങ്കാളിത്തത്തോടെ വിമാനത്താവള നിർമാണത്തിന് കേന്ദ്രാനുമതി ലഭിച്ചതിനെത്തുടർന്ന് 1996ൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഇലക്ട്രിക്കൽ വിഭാഗം ചെന്നൈ മേഖല മേധാവിയായിരുന്ന നായർ ഡെപ്യൂട്ടേഷനിലാണ് സിയാലിൽ എത്തിയത്.
വിമാനത്താവളത്തിന്റെ നിർമാണഘട്ടത്തിൽ അദ്ദേഹത്തിന്‍റെ സാങ്കേതിക ജ്ഞാനവും നേതൃഗുണവും ഏറെ നിർണായകമായി. ഡെപ്യൂട്ടേഷൻ കാലാവധി കഴിഞ്ഞ് സിയാലിന്റെ അഭ്യർഥനയനുസരിച്ച് 2000ത്തിൽ വിമാനത്താവളത്തിന്റെ ഇലക്ട്രിക്കൽ വിഭാഗം ഡെപ്യൂട്ടി ജനറൽ മാനേജരായി ചുമതലയേറ്റു. 2004ൽ എയർപോർട്ട് ഡയറക്ടറായി. സർവിസിലിരിക്കെ എം.ബി.എ കരസ്ഥമാക്കി. വിമാനത്താവള ഓപറേറ്റർമാരുടെ അന്താരാഷ്ട്ര സംഘടനയായ എയർപോർട്ട് കൗൺസിൽ ഇന്റർനാഷനലിന്റെ ഏഷ്യാ പെസഫിക് ഡയറക്ടറായി ആറുവർഷം പ്രവർത്തിച്ചിട്ടുണ്ട്.
സിയാലിനെ സാങ്കേതികമായി ഇന്ത്യയിലെ ഏറ്റവും മികച്ച വിമാനത്താവളങ്ങളിലൊന്നായി മാറ്റുന്നതിലും കമ്പനിക്ക് പുതിയ വരുമാനശ്രേണികൾ കണ്ടെത്തുന്നതിലും അദ്ദേഹം വലിയ പങ്കുവഹിച്ചു. ഇലക്ട്രിക്കൽ, ഐ.ടി, കാർഗോ, ഫയർ, സെക്യൂരിറ്റി വിഭാഗങ്ങളുടെ ചുമതലയും കൊച്ചിൻ ഇന്റർനാഷനൽ ഏവിയേഷൻ സർവിസസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ സ്ഥാനവും വഹിച്ചിരുന്നു. 2006ൽ ഒരു മാസത്തോളം സിയാലിന്റെ മാനേജിങ് ഡയറക്ടറുടെ താൽക്കാലിക ചുമതലയും നിറവേറ്റിയിരുന്നു. തിരുവനന്തപുരം സ്വദേശിയായ നായർ 1984ലാണ് തിരുവനന്തപുരം എൻജിനീയറിങ് കോളജിൽനിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബി.ടെക് നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.