കൊച്ചി: കൊച്ചിൻ ഇൻറർനാഷനൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) മൂന്നുമാസ കാലയളവിൽ തുടർച്ചയായ വളർച്ച രേഖപ്പെടുത്തി. നിലവിൽ പ്രതിദിനം 150ലേറെ സർവിസുകളുമായി കോവിഡ് പൂർവ കാലഘട്ടത്തിലെ വളർച്ചയിലേക്ക് അടുക്കുകയാണ് സിയാൽ.
എയർപോർട്ട് സ്ഥിതി വിവര കണക്ക് അനുസരിച്ച്, 2021 സെപ്റ്റംബർ-നവംബർ കാലയളവിൽ സിയാൽ 11,891 വിമാന സർവിസുകളാണ് കൈകാര്യം ചെയ്തത്. ഇത് മുൻ കാലയളവിനേക്കാൾ 62 ശതമാനം കൂടുതലാണ്. യാത്രക്കാരുടെ എണ്ണത്തിൽ 2020ലെ കാലയളവിനെ അപേക്ഷിച്ച് 2021 സെപ്റ്റംബർ-നവംബർ കാലയളവിൽ വിമാനത്താവളം 110 ശതമാനം വളർച്ച രേഖപ്പെടുത്തി.
മൂന്നു മാസത്തിനിടെ 6,73,238 രാജ്യാന്തര യാത്രക്കാർക്ക് സൗകര്യമൊരുക്കാൻ സിയാലിനു സാധിച്ചു. ആഭ്യന്തര മേഖലയിലും യാത്രക്കാരുടെ എണ്ണത്തിൽ വർധനവുണ്ടായി. 6,85,817 ആഭ്യന്തര യാത്രക്കാരാണ് ഈ കാലയളവിൽ സിയാൽ വഴി കടന്ന് പോയത്. മൂന്ന് മാസകാലയളവിലെ മൊത്തം യാത്രക്കാരുടെ എണ്ണം 13,59,055 ആണ്. 2020 സമാന കാലയളവിൽ ഇത് 6,46,761 ആയിരുന്നു. വിമാനത്താവളത്തെ സുരക്ഷിതമായ യാത്ര കേന്ദ്രമാക്കി മാറ്റാനുള്ള കമ്പനിയുടെ ശ്രമമാണ് വ്യോമയന മേഖലയിലെ സ്ഥിരമായ വളർച്ചയുടെ കാരണമെന്ന് സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ് പറഞ്ഞു.
"ചെയർമാന്‍റേയും ഡയറക്ടർ ബോർഡിന്‍റെയും നിർദേശപ്രകാരം, യാത്രക്കാരുടെ സുഗമമായ യാത്ര ഉറപ്പാക്കാൻ സിയാൽ നിരവധി പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. കൊച്ചി വിമാനത്താവളത്തിന് മുൻ വർഷത്തേക്കാളും കൂടുതൽ സർവിസുകൾ നടപ്പാക്കാൻ ഈ വർഷം സാധിച്ചു" -എസ്. സുഹാസ് കൂട്ടിച്ചേർത്തു.
2021 ഡിസംബർ 10ന് 23,029 യാത്രക്കാരും 154 വിമാനങ്ങളുമായി കൊച്ചിൻ ഇന്‍റർനാഷനൽ എയർപോർട്ട് ഉയർന്ന ട്രാഫിക്കിന് സാക്ഷ്യം വഹിച്ചു. കോവിഡ് മഹാമാരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഗൾഫിലേക്ക് മാത്രമായി സിയാൽ ഇപ്പോൾ 182 പ്രതിവാര സർവിസുകൾ കൈകാര്യം ചെയ്യുന്നു. കൂടാതെ യു.കെ, ശ്രീലങ്ക, മാലി എന്നിവിടങ്ങളിലേക്കുള്ള വിമാന സർവിസുകളും സിയാലിൽ നിന്നുമുണ്ട്. 20 മാസത്തെ നീണ്ട ഇടവേളക്കുശേഷം സിയാൽ സിംഗപ്പൂരിലേക്കുള്ള സർവിസുകൾ പുനരാരംഭിച്ചു.
കൂടുതൽ അന്താരാഷ്ട്ര സർവിസുകൾ വിപുലീകരിക്കാൻ ഇതോടെ സിയാലിനു സാധിച്ചു. കോവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോണിനെതിരെ ജാഗ്രത പാലിക്കുന്നതിന്‍റെ ഭാഗമായി, കൊച്ചിൻ ഇന്‍റർനാഷനൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) അന്താരാഷ്‌ട്ര യാത്രക്കാർക്കായി കോവിഡ് പരിശോധന സൗകര്യങ്ങൾ വർധിപ്പിച്ചിട്ടുണ്ട്. ഒരേസമയം 700 കോവിഡ് പരിശോധനകൾ നടത്താനുള്ള സജ്ജീകരണങ്ങൾ രാജ്യന്തര അഗമന ഭാഗത്ത് ഒരുക്കിയിട്ടുണ്ട്.
പകർച്ചവ്യാധിക്ക് മുമ്പുള്ള കാലയളവിൽ പ്രതിവർഷം ഒരു കോടി യാത്രക്കാരെ കൈകാര്യം ചെയ്തിരുന്ന കൊച്ചിൻ ഇന്‍റർനാഷനൽ എയർപോർട്ട് വരും മാസങ്ങളിൽ വ്യോമയാന മേഖലയിയിലെ കുതിപ്പിനായി സജ്ജമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.