തിരുവനന്തപുരം: പൗരത്വ കേസുകൾ പിൻവലിക്കാൻ തയാറാകാത്തത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും പൗരത്വനിയമം തയാറാക്കിയ സംഘ്പരിവാറിനൊപ്പമാണോ സംസ്ഥാന സർക്കാറെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ‘സി.എ.എ നിയമം അറബിക്കടലില്‍’ എന്ന മുദ്രാവാക്യമുയർത്തി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രാജ്ഭവനു മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേസുകൾ പിൻവലിക്കാത്തതുകൊണ്ട് ആളുകൾ കോടതി കയറിയിറങ്ങുകയും പിഴയടയ്ക്കുകയുമാണ്. കാപട്യം നിറഞ്ഞ സമീപനമാണ് ഇടതുപക്ഷത്തിന്റേത്. അതുകൊണ്ടാണ് സി.പി.എമ്മിനൊപ്പം കോൺഗ്രസ് സമരത്തിനില്ലെന്ന് വ്യക്തമാക്കിയത്. മോദി സര്‍ക്കാര്‍ ന്യൂനപക്ഷത്തെയും ഭൂരിപക്ഷത്തേയും വിഭജിച്ച് രാഷ്ട്രീയനേട്ടം ഉണ്ടാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങള്‍ക്ക് വിപരീതമായ നടപടിയാണ് കേന്ദ്രം സ്വീകരിക്കുന്നത്. നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യരാണ്. മൗലികാവകാശങ്ങളുടെ ലംഘനമാണ് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ.പി.സി.സി താൽക്കാലിക പ്രസിഡന്റ് എം.എം. ഹസന്, തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാർഥി ശശി തരൂര്‍, ആറ്റിങ്ങൽ മണ്ഡലത്തിലെ സ്ഥാനാർഥി അടൂര്‍ പ്രകാശ്, ഡി.സി.സി പ്രസിഡന്റ് പാലോട് രവി തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.