കോഴിക്കോട്: സി.ഐ.ടി.യു 15-ാമത് സംസ്ഥാന സമ്മേളനത്തിന് കോഴിക്കാട്ട് ആവേശോജ്ജ്വല തുടക്കം. മൂന്നുദിവസം നീളുന്ന സമ്മേളനത്തിന് തുടക്കം കുറിച്ച് സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ പതാക ഉയർത്തി. പ്രതിനിധികളും ഭാരവാഹികളും പ്രത്യേകം സജ്ജമാക്കിയ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.
ടാഗോർ ഹാളിലെ 'കാട്ടാക്കട ശശി' നഗറിൽ പ്രതിനിധി സമ്മേളനം സി.ഐ.ടി.യു അഖിലേന്ത്യ ജനറൽ സെക്രട്ടറി തപൻ സെൻ ഉദ്ഘാടനം ചെയ്തു. ആനത്തലവട്ടം ആനന്ദൻ അധ്യക്ഷനായി. ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്റ് കെ. രാജീവൻ, എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ജി പങ്കജാക്ഷൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ ടി.പി രാമകൃഷ്ണൻ എം.എൽ.എ സ്വാഗതം പറഞ്ഞു.
സംസ്ഥാന ജനറല്‍സെക്രട്ടറി എളമരം കരീം എം.പി പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറർ പി. നന്ദകുമാര്‍ വരവു ചെലവ് കണക്കും അവതരിപ്പിച്ചു. ഉച്ചയ്ക്കുശേഷം പ്രവർത്തന റിപ്പോർട്ടിന്മേൽ ചർച്ച തുടങ്ങി. ഞായറാഴ്ചയും ചർച്ച തുടരും.
604 പ്രതിനിധികള്‍ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. അഖിലേന്ത്യ പ്രസിഡന്റ് ഡോ. കെ. ഹേമലത, വൈസ് പ്രസിഡന്റ് എ.കെ പത്മനാഭൻ, സെക്രട്ടറി ആർ. കരുമലയൻ എന്നിവരും പങ്കെടുക്കുന്നു.
രണ്ടു ലക്ഷം പേർ അണിനിരക്കുന്ന റാലിയോടെ സമ്മേളനം 19ന് സമാപിക്കും. വൈകിട്ട് അഞ്ചിന് സമാപന പൊതുസമ്മേളനം കോഴിക്കോട് കടപ്പുറത്ത് എം. വാസു നഗറിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
കോഴിക്കോട്: കേരളം മുന്നോട്ടുവെക്കുന്ന ബദൽ നയങ്ങൾ ഇല്ലാതാക്കാനും ചെറുത്തുതോൽപിക്കാനുമാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് സി.ഐ.ടി.യു അഖിലേന്ത്യ ജനറൽ സെക്രട്ടറി തപൻ സെൻ. ടാഗോർ ഹാളിൽ സി.ഐ.ടി.യു സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൽ.ഡി.എഫ് സർക്കാറിന്റെ ബദൽ സാമ്പത്തിക നയത്തിനെതിരെ ഹിന്ദുത്വ, കോർപറേറ്റ് അജണ്ട പ്രവർത്തിക്കുകയാണ്. 86 ലക്ഷത്തിലധികം പേരാണ് സംസ്ഥാന സർക്കാറിന്റെ ക്ഷേമ പ്രവർത്തനങ്ങളുടെ ഗുണഭോക്താക്കൾ. ഇതിനുള്ള വിഭവസമാഹരണത്തിന് സർക്കാർ ആവിഷ്കരിക്കുന്ന മാർഗങ്ങൾ തടയുകയാണ്. ഇതിനെതിരായ പ്രചാരണം തൊഴിലാളികൾ ഏറ്റെടുക്കണം.
രാജ്യത്തെ വിദ്യാഭ്യാസ രംഗം കാവിവത്കരിക്കാൻ ഭരണഘടന ചുമതലയുള്ളവർതന്നെ ഇറങ്ങിയിരിക്കുകയാണ്. ജനങ്ങളെ വിഭജിക്കാനും വിഘടിപ്പിക്കാനും വർഗീയ നയങ്ങൾ നടപ്പാക്കുന്നു. ഹിന്ദുത്വം ഒരു മതപദ്ധതിയല്ല, മറിച്ച് രാഷ്ട്രീയ അജണ്ടയാണെന്നും ഇത് കോർപറേറ്റുകൾക്ക് രാജ്യത്തെ കൊള്ളയടിക്കാൻ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
1991ലാണ് രാജ്യത്തിന്റെ സാമ്പത്തിക നയത്തിൽ മാറ്റംവന്നത്. കോർപറേറ്റുകൾക്കുവേണ്ടി 2014ൽ സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാന നയം തന്നെ മാറ്റി. മൂലധനത്തിന്റെ നിയന്ത്രണമില്ലാത്ത ഒഴുക്കാണിപ്പോൾ. ഇത് വികസന സൂചനയാണെന്ന് ഈ നയത്തെ അനുകൂലിക്കുന്നവർ പറയുന്നുണ്ടെങ്കിലും ജനവിരുദ്ധമാണെന്ന് നേരത്തേതന്നെ ട്രേഡ് യൂനിയനുകൾ വ്യക്തമാക്കിയതാണ്. ബാങ്കിങ് നിയമങ്ങൾപോലും അനുകൂലമാക്കി 10 ലക്ഷം കോടി രൂപയുടെ കടമാണ് കേന്ദ്രം എഴുതിത്തള്ളുന്നത്. സർക്കാർ മുതൽമുടക്കി നടത്തിപ്പ് ചുമതല കൈമാറുന്നതിലൂടെ കോർപറേറ്റുകൾക്ക് നിക്ഷേപിക്കാതെ ലാഭം കൊയ്യാനുള്ള അവസരമാണ് സർക്കാർ സൃഷ്ടിക്കുന്നത്. മോദി സർക്കാറിന്റെ 'ജനക്ഷേമ' പദ്ധതികൾ കോർപറേറ്റ് ഭീമന്മാർക്ക് വേണ്ടിയാണ്. ഇതര തൊഴിലാളി സംഘടനകളുമായി ചേർന്ന് തൊഴിലാളിവർഗ ഐക്യം കെട്ടിപ്പടുക്കണമെന്നും തപൻസെൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.