അരൂർ: അരൂർ ഗ്രാമപഞ്ചായത്ത് 10-ാം വാർഡിൽ നടപ്പാത നിർമിക്കുന്നത് നോക്കുകൂലി ആവശ്യപ്പെട്ട് സി.ഐ.ടി.യു തൊഴിലാളികൾ തടസ്സപ്പെടുത്തിയെന്ന് പരാതി. മഹാത്മഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ പെടുത്തി പാലേക്കാട്ട് നടപ്പാത ടൈൽ വിരിക്കുന്നതാണ് സി.ഐ.ടി.യു തൊഴിലാളികൾ നോക്ക് കൂലി ആവശ്യപ്പെട്ട് തടസ്സപ്പെടുത്തിയത്. 150 മീറ്റർ നീളമുള്ള റോഡിൻറെ നിർമാണം അവസാന ഘട്ടത്തിൽ എത്തിയപ്പോഴാണ് വ്യാഴാഴ്ച രാവിലെ നാല് സി.ഐ.ടി.യു തൊഴിലാളികൾ ടൈൽസ് തങ്ങൾ ഇറക്കി കൊള്ളാമെന്ന് പറഞ്ഞ് രംഗത്തെത്തിയത്.
ചന്തിരൂർ ശാന്തിഗിരി ആശ്രമത്തിന്റെ വടക്കുവശത്തുള്ള നടപ്പാത പതിറ്റാണ്ടുകളായി പ്രദേശത്തുള്ളവരുടെ ആവശ്യമാണ്. ഒരു രൂപ 70 പൈസ ടൈൽ ഒന്നിന് ആവശ്യപ്പെട്ടാണ് തൊഴിലാളികൾ എത്തിയത്. ടിപ്പർ ലോറിയിൽ ചൊരിയുന്ന ടൈലുകൾക്ക് കൂലി തരാൻ നിവൃത്തിയില്ലെന്നു പറഞ്ഞതോടെ തൊഴിലാളികൾ പണി നിർത്താൻ ആവശ്യപ്പെടുകയായിരുന്നെന്ന് പറയുന്നു.
ഒരാഴ്ചയായി നടക്കുന്ന പണികളാണ് വ്യാഴാഴ്ച രാവിലെ തൊഴിലാളികൾ എത്തി നിർത്തിവെപ്പിച്ചത്. ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്തിലെ വികസന പ്രവർത്തികൾ സി.ഐ.ടി.യു തന്നെ തടസ്സപ്പെടുത്തുന്നത് വിചിത്രം ആണെന്ന് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു. ഇത്തരം പ്രവണത തുടർന്നാൽ പഞ്ചായത്തിന്റെ വർക്കുകൾ ചെയ്യുവാൻ കോൺട്രാക്ടർമാർ തയാറാവുകയില്ലെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡൻറ് പി. എ.അൻസാർ പറഞ്ഞു. പണി തുടരാനുള്ള നടപടി ഉണ്ടായില്ലെങ്കിൽ നിയമ പരാമായി മുന്നോട്ട് പോകുമെന്ന് കോൺഗ്രസ് പ്രവർത്തകർ പി.പി സാബു, കെ. എ അബ്ദുള്ള, പി.ജെ ഷിനു എന്നിവർ അറിയിച്ചു.
റോഡ് നിർമാണം തടസ്സപ്പെടുത്തിയിട്ടില്ലെന്ന് സി.പി.എം ചന്തിരൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.പി. പ്രകാശൻ പറഞ്ഞു. ഇറക്കാവുന്ന സാധനങ്ങൾ തൊഴിലാളികളെ കൊണ്ട് ഇറക്കിവെയിപ്പിച്ച് കൂലി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.