രാജീവ് ചന്ദ്രശേഖറിനെ പുതിയ പ്രസിഡന്റാക്കിയത് ഒരു പരീക്ഷണത്തിന്റെ ഭാഗം; വിജയിക്കുമോ ഇല്ലയോ എന്ന് പിന്നീടറിയാമെന്ന് ബി.ജെ.പി നേതാവ് സി.കെ പത്മനാഭന്‍

രാജീവ് ചന്ദ്രശേഖർ, സി.കെ പത്മനാഭന്‍

രാജീവ് ചന്ദ്രശേഖറിനെ പുതിയ പ്രസിഡന്റാക്കിയത് ഒരു പരീക്ഷണത്തിന്റെ ഭാഗം; വിജയിക്കുമോ ഇല്ലയോ എന്ന് പിന്നീടറിയാമെന്ന് ബി.ജെ.പി നേതാവ് സി.കെ പത്മനാഭന്‍

കണ്ണൂർ: രാജീവ് ചന്ദ്രശേഖറിനെ പുതിയ പ്രസിഡന്റാക്കിയത് ഒരു പരീക്ഷണത്തിന്റെ ഭാഗമാണെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം സി.കെ പത്മനാഭന്‍. രാജീവ് ചന്ദ്രശേഖര്‍ ബി.ജെ.പിയുടെ പുതിയ സംസ്ഥാന പ്രസിഡന്റായി വന്നതിനെ ആത്മാര്‍ത്ഥമായി സ്വാഗതം ചെയ്യുന്നുവെന്നും ഇത് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ പരീക്ഷണം കൂടിയാണന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുന്‍ സംസ്ഥാന അധ്യക്ഷൻ കൂടിയായ സി.കെ പത്മനാഭന്‍ കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

'ബി.ജെ.പി കേന്ദ്ര നേതൃത്വം കേരളവുമായി ബന്ധപ്പെട്ട് പരമ്പരാഗത രീതിയില്‍ നിന്ന് മാറി ഒരു പരീക്ഷണത്തിനിറങ്ങിയിരിക്കുകയാണ്. അത് വിജയിക്കുമോ ഇല്ലയോ എന്നത് നാളെ അറിയേണ്ട കാര്യമാണ്. രാജീവ് ചന്ദ്രശേഖര്‍ ഒരു ടെക്‌നോ ക്രാറ്റാണ്. അത്തരം ഒരാളെ സംഘടനയുടെ തലപ്പത്ത് കൊണ്ടുവരിക എന്നത് പരീക്ഷണമാണ്. അത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് താന്‍ കരുതുന്നത്. പക്ഷേ സംഘടനാ പ്രവര്‍ത്തനവുമായി ഇണങ്ങി പ്രവര്‍ത്തിക്കുന്ന നേതൃത്വമാവാൻ ശ്രദ്ധിക്കേണ്ടി വരും' -പത്മനാഭന്‍ പറഞ്ഞു. സംഘടന ശക്തമായിരുന്നെങ്കിലും പണ്ടുകാലത്ത് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ അത് പ്രതിഫലിക്കാറില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ കാലഘട്ടത്തിൽ പഴയരീതിയില്‍ മുന്നോട്ടു പോകാനാവില്ല. പരമ്പരാഗതമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ രീതി കൊണ്ട് ഈ ഡിജിറ്റില്‍ യുഗത്തില്‍ വിജയിക്കണമെന്നില്ല. ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകളെ മറ്റെല്ലാ രംഗത്തും പ്രയോജനപ്പെടുത്തുന്നതുപോലെ രാഷ്ട്രീയ രംഗത്തും പ്രയോജനപ്പെടുത്തിയാലേ വിജയിക്കാന്‍ കഴിയുകയുള്ളു. നരേന്ദ്രമോദി അക്കാര്യത്തില്‍ വിജയകരമായ നേതൃത്വം കൊടുത്തു വരികയാണ്. അത് കേരളത്തിലും വരണം. രാജീവ് ചന്ദ്രശേഖരന്‍ നേതൃത്വത്തിലേക്ക് വരുന്നത് പുതിയ പ്രചോദനമാകുമെന്നും സംഘടനയെ ഭാവി വെല്ലുവിളികളെ നേരിടാൻ പാകത്തിന് മുന്നോട്ടു കൊണ്ടുപോകാനുള്ള നേതൃപാടവം അദ്ദേഹം പ്രകടിപ്പിക്കുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - ck padmanabhan about rajiv chandrashekhar's appointment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.