പാലക്കാട്: അർധരാത്രിയിൽ കോൺഗ്രസ് വനിത നേതാക്കൾ ഉൾപ്പെടെ താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ പൊലീസ് റെയ്ഡ് നടത്തിയതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് നടത്തിയ പാലക്കാട് എസ്.പി ഓഫിസ് മാർച്ചിൽ സംഘർഷം. നേതാക്കളടക്കം നൂറുകണക്കിനാളുകളാണ് മാർച്ചിൽ അണിനിരന്നത്. മാർച്ച് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി ഉദ്ഘാടനം ചെയ്തു.
മാർച്ച് എസ്.പി ഓഫിസ് പരിസരത്ത് എത്തുന്നതിന് മുമ്പ് പൊലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ സംഘർഷാവസ്ഥയുണ്ടായി. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. രാവിലെ 11.30 ഓടെയാണ് മാർച്ച് തുടങ്ങിയത്.
മാർച്ചിൽ പൊലീസുകാർക്കെതിരെ മുദ്രാവാക്യം വിളി ഉയർന്നു. മാർച്ചിന് മുന്നോടിയായി ആയിരങ്ങളാണ് കോട്ടമൈതാനിയിൽ ഒത്തുകൂടിയത്. സംഘർഷ സാധ്യത മുന്നിൽ കണ്ട് 200 ലേറെ പൊലീസുകാരെ എസ്.പി ഓഫിസ് പരിസരത്ത് വിന്യസിച്ചിരുന്നു.
റെയ്ഡനെതിരെ കോൺഗ്രസ് ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുന്നുണ്ട്. ജില്ലാ ആസ്ഥാനങ്ങളിൽ ഡി.സി.സികളുടെ നേതൃത്വത്തിലാണ് പ്രതിഷേധം. ഉപതെരഞ്ഞെടുപ്പിനു കള്ളപ്പണം കൊണ്ടുവന്നെന്ന് ആരോപിച്ചാണ് കോൺഗ്രസ് നേതാക്കൾ താമസിക്കുന്ന ഹോട്ടൽ മുറികളിൽ ഇന്നലെ അർധരാത്രിയിൽ പൊലീസ് പരിശോധന നടന്നത്.
രാത്രി 12.10നാണ് സൗത്ത്, നോർത്ത് പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥ സംഘം ഹോട്ടലിലെത്തിയത്. 12 മുറികൾ പരിശോധിച്ചെന്നും പണം കണ്ടെത്തിയില്ലെന്നും പാലക്കാട് എ.എസ്.പി അശ്വതി ജിജി അറിയിച്ചു. ഷാനിമോൾ ഉസ്മാൻ, ബിന്ദു കൃഷ്ണ അടക്കമുള്ള വനിത നേതാക്കൾ താമസിക്കുന്ന മുറികളിൽ വനിതാ ഉദ്യോഗസ്ഥരില്ലാതെ പൊലീസ് പരിശോധനക്കെത്തിയത് നാടകീയ രംഗങ്ങൾക്കിടയാക്കി. അര മണിക്കൂറിനു ശേഷം വനിതാ ഉദ്യോഗസ്ഥയെ എത്തിച്ച് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോഗസ്ഥരില്ലാതെയാണ് പൊലീസ് സംഘം പരിശോധനക്ക് എത്തിയത് വിമർശനത്തിന് വഴിവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.