ആലപ്പുഴ: നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വളഞ്ഞിട്ട് ആക്രമിച്ച കേസിൽ മുഖ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥരായ ഗൺമാന്മാർക്ക് ക്രൈംബ്രാഞ്ചിന്‍റെ ക്ലീൻചീറ്റ്. കേസ് അവസാനിപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടി ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ഗൺമാന്മാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചില്ലെന്ന വിചിത്രവാദം.
മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍കുമാറിനും സുരക്ഷ ജീവനക്കാരന്‍ സന്ദീപിനും ക്ലീൻചിറ്റ് നൽകി ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയാണ് റിപ്പോർട്ട് നൽകിയത്. മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുക മാത്രമാണ് ഉദ്യോഗസ്ഥർ ചെയ്തതെന്നും പരാതി വ്യാജമെന്നും പറയുന്നുണ്ട്.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അജയ് ജ്യുവൽ, കെ.എസ്.യു ജില്ല പ്രസിഡന്റ് എ.ഡി. തോമസ് എന്നിവർക്ക് 2023 ഡിസംബർ 16നാണ് മർദനമേറ്റത്. സൗത്ത് പൊലീസിൽ പരാതി നൽകിയെങ്കിലും ഒന്നര മാസത്തിനുശേഷവും കേസെടുത്തില്ല. തുടർന്ന് ജ്യൂവലും തോമസും ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ച് ഉത്തരവ് നേടിയതിന് പിന്നാലെയാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
ആയുധം കൊണ്ട് ആക്രമിക്കുക, ഗുരുതര പരിക്കേൽപിക്കുക, അസഭ്യം പറയുക തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയത്. ചോദ്യംചെയ്യലിന് പലതവണ നോട്ടീസ് നൽകിയെങ്കിലും ഹാജരായിരുന്നില്ല. നവകേരള യാത്രക്കിടെയുണ്ടായ മർദനത്തിന്‍റെ ദൃശ്യങ്ങൾ ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
ലോക്കല്‍ പൊലീസിൽനിന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത ഈ കേസ് വ്യാജമെന്ന് പറഞ്ഞ് അവസാനിപ്പിക്കുമ്പോൾ മുഖ്യമന്ത്രിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ‘രക്ഷാപ്രവര്‍ത്തനം’ മാത്രമായി ഈ സംഭവവും മാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.