കോഴിക്കോട്: മർകസ് നോളജ് സിറ്റിയിൽ നടന്ന കാലാവസ്ഥ ഉച്ചകോടിയുടെ വേദിയിൽ പുരുഷന്മാർക്കൊപ്പം വനിതകളെ പങ്കെടുപ്പിച്ചതിൽ സംഘാടകരോട് വിശദീകരണം ചോദിക്കുമെന്ന് സമസ്ത കേരള ജംഇയ്യതുൽ ഉലമ എ.പി വിഭാഗം. സമ്മേളനത്തിലെ വനിത പ്രാതിനിധ്യം വിവാദമായ സാഹചര്യത്തിലാണ് സമസ്ത നിലപാട് വ്യക്തമാക്കി രംഗത്തുവന്നത്.
മുസ്‍ലിം സ്ത്രീകൾ അന്യപുരുഷന്മാരുമായി ഇടകലർന്ന് വേദി പങ്കിടുന്ന വിഷയത്തിൽ സമസ്തയും സുന്നി പ്രസ്ഥാനവും സ്വീകരിച്ചുവന്ന നിലപാടുകളിൽ ഒരു മാറ്റവുമില്ലെന്ന് സമസ്ത കേരള ജംഇയ്യതുൽ ഉലമ പ്രസിഡന്‍റ് ഇ. സുലൈമാൻ മുസ്‍ലിയാർ പ്രസ്താവനയിൽ പറഞ്ഞു. നോളജ് സിറ്റിയിൽ നടന്ന പരിപാടിയിൽ സമസ്തയുടെയും സുന്നി പ്രസ്ഥാനത്തിന്റെയും നയങ്ങൾക്കും പാരമ്പര്യത്തിനും വിരുദ്ധമായി നടന്ന വിഷയങ്ങൾ സംബന്ധിച്ച് ബന്ധപ്പെട്ടവരോട് വിശദീകരണം തേടി ഉചിത നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നോളജ് സിറ്റിയിൽ മൂന്നു ദിവസങ്ങളിലായി നടന്ന കാലാവസ്ഥ ഉച്ചകോടിയിലെ വിദേശ പ്രതിനിധികളിൽ വനിതകൾ ഉൾപ്പെട്ടതും സദസ്സിലും വേദിയിലും ഇടകലർന്നിരുന്നതും വിവാദങ്ങൾക്കിടയാക്കിയിരുന്നു. സ്ത്രീകൾ പൊതുവേദിയിൽ പങ്കെടുക്കുന്നതിനെ ശക്തമായി എതിർക്കുന്ന സുന്നി എ.പി വിഭാഗം ഇക്കാര്യത്തിൽ കാണിച്ച പുരോഗമന ചിന്താഗതിയെ ചിലർ പ്രശംസിച്ചപ്പോൾ, മറ്റുചിലർ പാരമ്പര്യത്തിന് വിരുദ്ധമായ നടപടിയാണെന്ന് മുദ്രകുത്തി.
സുന്നി സംഘടനകളുടെ പരിപാടിയിലല്ല വനിതകൾ പങ്കെടുത്തതെന്നും അന്താരാഷ്ട്ര സർവകലാശാല പരിപാടിയിലാണെന്നും അതിനെ വിലക്കാൻ സ്ഥാപനത്തിന് കഴിയില്ലെന്നും പറഞ്ഞായിരുന്നു വിമർശനങ്ങളെ കാന്തപുരം വിഭാഗം ന്യായീകരിച്ചത്.
ആതിഥ്യമര്യാദയാണ് അവിടെ കാണിച്ചതെന്നും അവർ വിശദീകരിച്ചു. കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാരുടെ മകനും സുന്നി യുവജന സംഘം ജനറൽ സെക്രട്ടറിയുമായ ഡോ. അബ്ദുൽ ഹക്കീം അസ്ഹരി ഒരു വിദേശ വനിത പ്രതിനിധിക്ക് ഉപഹാരം കൊടുക്കുന്ന ചിത്രവും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതോടെയാണ് സമസ്ത എ.പി വിഭാഗം ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കി രംഗത്തുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.