‘വ്യാജ വാർത്തയിൽ കേരളം അവഹേളിക്കപ്പെട്ടു’; വയനാട് ദുരിതാശ്വാസ ചെലവ് വിവാദത്തിൽ മാധ്യമങ്ങളെ വിമർശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ദുരിതാശ്വാസ ചെലവ് വിവാദത്തിൽ മാധ്യമങ്ങളെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമങ്ങൾ നൽകിയ തെറ്റായ വിവരം സംശയത്തിന്‍റെ പുകപടലം പടർത്താൻ ഇടയാക്കിയെന്നും പെട്ടെന്നു കേള്‍ക്കുന്ന ആരും ഞെട്ടിപ്പോകുന്ന കണക്കാണ് മാധ്യമങ്ങള്‍ കൊടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വയനാട് ദുരന്തത്തിന്‍റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ കള്ളക്കണക്ക് കൊടുത്തു എന്ന ആരോപണവുമായി പ്രതിപക്ഷത്തെ പ്രധാന നേതാക്കളും രംഗത്തിറങ്ങി. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ആക്ഷേപം വന്നു. കേരളത്തിനെതിരായ ദുഷ്പ്രചാരണം എല്ലാ സീമകളും കടന്ന് കുതിച്ചുപാഞ്ഞു. കേരളം കണക്കുകള്‍ പെരുപ്പിച്ച് അനർഹമായ കേന്ദ്രസഹായം നേടാന്‍ ശ്രമിക്കുന്നുവെന്ന വ്യാജകഥ ഒരു വിഭാഗം ജനങ്ങളുടെ മനസില്‍ കടന്നുകയറി. കേരളീയരും ഇവിടുത്തെ സര്‍ക്കാറും ജനങ്ങളും ലോകത്തിനു മുന്നില്‍ അവഹേളിക്കപ്പെട്ടു.

അതുകൊണ്ടാണ് ഇത് കേവലമായ വ്യാജ വാര്‍ത്താ പ്രചാരണമോ മാധ്യമ ധാര്‍മികതയുടെ പ്രശ്നമോ അല്ല എന്ന് പറയേണ്ടിവരുന്നത്. വ്യാജ വാര്‍ത്തകളുടെ വലിയ പ്രശ്നം നുണകളല്ല, ആ നുണകളുടെ പിന്നിലെ അജണ്ടയാണ്. ആ അജണ്ട ഇന നാട്ടിനും ജനങ്ങള്‍ക്കുമെതിരായ ഒന്നാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. രാജ്യവും ലോകമാകെയും പ്രകീര്‍ത്തിക്കുന്ന തരത്തിലുള്ള രക്ഷാ പ്രവര്‍ത്തനമാണ് വയനാട്ടില്‍ നാം നടത്തിയത്. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇരയായവര്‍ക്കും മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും എല്ലാത്തരത്തിലുള്ള സഹായങ്ങളും സര്‍ക്കാര്‍ ചെയ്തുവരികയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ദുരിതാശ്വാസ ചെലവുകളും വാർത്തസമ്മേളനത്തിൽ മുഖ്യമന്ത്രി വിശദീകരിച്ചു. ദുരന്തത്തില്‍പെട്ട എല്ലാവര്‍ക്കും സര്‍ക്കാര്‍ സഹായം ഉറപ്പാക്കി. ദുരന്തത്തില്‍പെട്ടവരുടെ ആശ്രിതര്‍ക്ക് ആറു ലക്ഷം രൂപ വീതം നല്‍കി. 173 പേരുടെ സംസ്‌കാര ചടങ്ങുകള്‍ക്കായി കുടുംബത്തിന് 10000 രൂപ വീതം നല്‍കി. പരിക്കേറ്റ് ഒരാഴ്ചയിലേറെ ആശുപത്രിയില്‍ തുടര്‍ന്ന 26 പേര്‍ക്ക് 17,16,000 രൂപ സഹായം നല്‍കി. 1013 കുടുംബങ്ങള്‍ക്ക് അടിയന്തരമായി 10000 രൂപ വീതം സഹായം നല്‍കി. 1694 പേര്‍ക്ക് 30 ദിവസം 300 രൂപ വീതം നല്‍കി. 33 കിടപ്പുരോഗികള്‍ക്ക് 2,97,000 രൂപ നല്‍കി. 722 കുടുംബങ്ങള്‍ക്ക് പ്രതിമാസവാടക 6000 രൂപ നല്‍കിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ചാനലുകളുടെ കിടമത്സരത്തില്‍ വ്യാജവാര്‍ത്തകളുടെയും അജണ്ടവെച്ചുള്ള അസത്യപ്രചരണങ്ങളുടെയും കുത്തൊഴുക്കാണ് നടക്കുന്നത്. സാമാന്യ ഭാഷാശേഷിയുള്ളവര്‍ക്കുപോലും മനസ്സിലാവുന്ന ഒരു കാര്യം മനഃപൂര്‍വം തെറ്റായി വ്യാഖ്യാനിച്ച് സര്‍ക്കാറിനെ പഴിചാരാന്‍ ഉപയോഗിക്കുകയായിരുന്നു എന്നത് വയനാടിന്‍റെ കാര്യത്തില്‍ വ്യക്തമാണ്. ദുരന്താനന്തരം ലഭിക്കേണ്ട കേന്ദ്ര സഹായം മുടക്കാനുള്ള ക്വട്ടേഷനാണോ ഇക്കൂട്ടര്‍ ഏറ്റെടുത്തതെന്ന സംശയം സമൂഹത്തില്‍ നിലനില്‍ക്കുന്നു. ഉണ്ടായ ദുരന്തത്തില്‍ നിന്നു നാട് ഇനിയും കരകയറിയിട്ടില്ല. കേരളമൊന്നായി വയനാട്ടിനൊപ്പം ചേര്‍ന്ന് തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്. അതിനിടയില്‍ ചാനല്‍ റേറ്റിങ്ങിനുവേണ്ടി ഒരു ജനതയുടെ അതിജീവന പോരാട്ടങ്ങളെ തുരങ്കം വെക്കരുതെന്നാണ് അഭ്യര്‍ഥിക്കാനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സി.പി.ഐ അടക്കമുള്ള ഘടകകക്ഷികൾ ക്രമസമാധാനച്ചുമതലയിൽ നിന്ന് എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെ നീക്കാൻ കടുത്ത സമ്മർദം ചെലുത്തുന്നതിനിടെയാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നത്. അജിത്കുമാറിനെ നീക്കുന്നതടക്കമുള്ള ആവശ്യങ്ങളിൽ അദ്ദേഹം എന്തുപറയുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഡി.ജി.പിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലേ അജിത്കുമാറിനെതിരെ നടപടിയെടുക്കൂ എന്ന കടുംപിടിത്തത്തിലാണ് മുഖ്യമന്ത്രി. ഈ മാസം 13നു പൊലീസ് ആസ്ഥാനത്ത് വിളിച്ചുവരുത്തി അജിത്കുമാറിനെ ഡി.ജി.പി ചോദ്യംചെയ്തിരുന്നു. 

Tags:    
News Summary - CM criticizes media over Wayanad relief expenditure controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.