മലപ്പുറം: ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതിനെതിരെ മുസ്ലിം ലീഗ്. ഇത് ഒരു സമുദായത്തെ തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഒരു മന്ത്രിക്ക് എന്ത് വകുപ്പ് കൊടുത്തു, കൊടുത്തില്ല എന്നതല്ല ഇവിടത്തെ പ്രശ്നം. കൊടുത്തിട്ട് തിരച്ചെടുത്തു എന്നതാണ് പ്രശ്നം. ബന്ധപ്പെട്ട സമുദായം അത് കൈകാര്യം ചെയ്യുന്നത് ശരിയല്ലെന്നതാണ് ഇതിന് പിന്നിലെ കാരമായി പറയുന്നത്.
ഇതിനേക്കാൾ അപമാനിക്കൽ വേറെ എന്തുണ്ട്. ആ സമുദായം അത് കൈകാര്യം ചെയ്യുന്നത് ശരിയല്ലെന്ന് പറയുന്നത് അപമാനിക്കലാണ്. മതേതര പാരമ്പര്യത്തിന് തന്നെ അത് മോശമാണ് -പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രി വി. അബ്ദുറഹ്മാന് ന്യൂനപക്ഷ ക്ഷേമ വകുപ്പ് നൽകുമെന്നായിരുന്നു ആദ്യം വന്ന റിപ്പോർട്ടുകൾ. എന്നാൽ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തത് എല്ലാവരും സ്വാഗതം ചെയ്തുവെന്നാണ് പിണറായി വിജയൻ വെള്ളിയാഴ്ച വാർത്താസമ്മേളനത്തിൽ പറഞ്ഞത്. മുസ്ലിം സമുദായത്തിന് എന്നിലും സർക്കാറിലും വിശ്വാസമുണ്ട്. ഏതെങ്കിലും ക്രിസ്ത്യൻ സഭകൾ പറഞ്ഞതുകൊണ്ടല്ല വകുപ്പ് ഏറ്റെടുത്തത്. പൊതുതീരുമാനത്തിന്റെ ഭാഗമായാണ് വകുപ്പ് ഏറ്റെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുസ്ലിം ലീഗ് അല്ല വകുപ്പുകൾ നിശ്ചയിക്കുന്നത്. മുസ്ലിം സമുദായത്തിന്റെ അട്ടിപ്പേറാവകാശം അവർക്കില്ല. മന്ത്രി കെ.ടി. ജലീലിന്‍റെ നേതൃത്വത്തിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് നല്ല രീതിയിലാണ് കഴിഞ്ഞ തവണ പ്രവർത്തിച്ചത്. അതിനെ പറ്റി ആർക്കും പരാതിയും ആക്ഷേപവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.