മുഖ്യമന്ത്രി എം.പി.മാരുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: ജി.എസ്.ടി നിലവില്‍ വന്നശേഷം സാധനങ്ങള്‍ക്ക് കച്ചവടക്കാര്‍ വിലകൂട്ടി വില്‍ക്കുന്ന പ്രവണത വ്യാപകമാണെന്നും ഈ സാഹചര്യത്തില്‍ ഉപഭോക്താക്കളുടെ താല്പര്യം സംരക്ഷിക്കുന്നതിന് കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ എം.പി.മാരോട് നിർദേശിച്ചു. പാര്‍ലമെന്‍റിന്‍റെ വര്‍ഷകാലസമ്മേളനത്തിന് മുന്നോടിയായി ചേര്‍ന്ന എം.പി.മാരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

സംസ്ഥാന തലത്തില്‍ പരിശോധന സമിതികള്‍ രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണം. ജി.എസ്.ടിയുടെ മറവിലുളള വിലക്കയറ്റം തടയുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നുണ്ട്. പരാതി സ്വീകരിക്കുന്നതിന് സംവിധാനം ഏര്‍പ്പാടാക്കി. നിലവിലുളള ജി.എസ്.ടി നിരക്കും മുമ്പത്തെ നികുതി നിരക്കും കേന്ദ്രസര്‍ക്കാര്‍ തന്നെ പ്രസിദ്ധപ്പെടുത്തണമെന്നും പിണറായി പറഞ്ഞു. 

എ.സി.യില്ലാത്ത റസ്റ്റോറന്‍റുകളുടെ നികുതി 12 ശതമാനമാണ്. അതുകുറക്കണം. പരമ്പരാഗത ആയുര്‍വേദ മരുന്നുകളുടെ നികുതി 12 ശതമാനത്തില്‍നിന്ന് 5 ശതമാനമായി കുറക്കണം. ഹൗസ്ബോട്ടുകളുടെ നികുതി കുറച്ചില്ലെങ്കില്‍ കേരളത്തില്‍ ടൂറിസത്തെ ബാധിക്കും. ഉത്സവ സീസണില്‍ വിമാന യാത്രാനിരക്ക് വര്‍ധിപ്പിക്കുന്ന പ്രവണത അവസാനിപ്പിക്കുന്നതിന് ആഗസ്റ്റില്‍ പ്രധാനമന്ത്രിയെ കാണുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ പ്രശ്നം പരിഹരിക്കുന്നതിന് വിമാനക്കമ്പനികളുടെ യോഗം സംസ്ഥാന സര്‍ക്കാര്‍ വിളിച്ചിരുന്നു. സിവില്‍ ഏവിയേഷന്‍ സെക്രട്ടറിയും ഈ യോഗത്തില്‍ പങ്കെടുത്തു. ഉത്സവ സീസണില്‍ വിദേശ വിമാന കമ്പനികള്‍ക്ക് കൂടുതല്‍ സീറ്റ് അനുവദിക്കുമെന്ന് ആ യോഗത്തില്‍ സിവില്‍ ഏവിയേഷന്‍ സെക്രട്ടറി ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ അതു പ്രാവര്‍ത്തികമായില്ല. റംസാന്‍ വന്നപ്പോള്‍ വിമാനക്കൂലി ഗണ്യമായി ഉയര്‍ത്തി. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയെ കാണാന്‍ ഉദ്ദേശിക്കുന്നത്. 

സംസ്ഥാനത്തെ കേന്ദ്ര പൊതുമേഖലാ കമ്പനികള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിനെ ശക്തമായി എതിര്‍ക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വെളളൂര്‍ ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്‍റ്, കൊച്ചിയിലെ ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍സ് ലിമിറ്റഡ്, എച്ച്.എല്‍.എല്‍.  ലൈഫ് കെയര്‍ (മുമ്പത്തെ ഹിന്ദുസ്ഥാന്‍ ലാറ്റക്സ്) എന്നിവ സ്വകാര്യവല്‍ക്കരിക്കാനോ പൂട്ടാനോ ഉളള തീരുമാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍. ഇക്കാര്യത്തില്‍ എം.പി.മാര്‍ ശക്തമായി ഇടപെടണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. കേരളത്തിന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, കണ്ണൂരില്‍ അന്താരാഷ്ട്ര ആയൂര്‍വേദ ഗവേഷണ കേന്ദ്രം, വയനാട്ടില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബല്‍ ഹെല്‍ത്ത് എന്നിവ ലഭിക്കുന്നതിന് എം.പി.മാരുടെ ഇടപെടല്‍ ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മലബാര്‍ കാന്‍സര്‍ സെന്‍ററിന് കേന്ദ്ര സഹായം ലഭ്യമാക്കണം. ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിക്ക് കേന്ദ്ര സഹായം ലഭിക്കണം. 

അങ്കമാലി-ശബരി റെയില്‍പാതയുടെ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കണം. ഗുരുവായൂര്‍-തിരുന്നാവായ റെയില്‍വെ ലൈനിന്‍റെ നിര്‍മാണം വേഗത്തില്‍ ആരംഭിക്കണം. സുല്‍ത്താന്‍ ബത്തേരി വഴി നിലമ്പൂര്‍ റോഡ്-നഞ്ചന്‍കോട് റെയില്‍വെ ലൈന്‍ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പ്രൊഫ. പി.ജെ. കുര്യന്‍, മന്ത്രിമാരായ എ.കെ. ബാലന്‍, ഇ. ചന്ദ്രശേഖരന്‍, കെ.കെ. ശൈലജ ടീച്ചര്‍, ജി. സുധാകരന്‍, ടി.പി. രാമകൃഷ്ണന്‍, കടകംപള്ളി സുരേന്ദ്രന്‍, എ.സി. മൊയ്തീന്‍, കെ. രാജു, കെ. ടി. ജലീല്‍, തോമസ് ചാണ്ടി, രാമചന്ദ്രന്‍ കടന്നപ്പള്ളി, പി. തിലോത്തമന്‍, മാത്യു ടി. തോമസ്, എം. പിമാരായ പി. കരുണാകരന്‍, പി.കെ. ശ്രീമതി ടീച്ചര്‍, കൊടിക്കുന്നില്‍ സുരേഷ്, കെ.വി. തോമസ്, ജോസ് കെ. മാണി, എ. സമ്പത്ത്, എം. ബി. രാജേഷ്, ജോയിസ് ജോര്‍ജ്, പി.കെ. ബിജു, സി.പി നാരായണന്‍, ഇ.ടി മുഹമ്മദ് ബഷീര്‍, കെ. സോമപ്രസാദ്, ജോയ് എബ്രഹാം, പി.വി. അബ്ദുള്‍ വഹാബ്, സി.എന്‍. ജയദേവന്‍, പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി.കെ. രാമചന്ദ്രന്‍, ചീഫ് സെക്രട്ടറി നളിനി നെറ്റോ, വിവിധ വകുപ്പുതല സെക്രട്ടറിമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 


 

Tags:    
News Summary - CM meets MP kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.