ന്യൂഡല്‍ഹി: രാജ്യത്തിന്‍റെ വികസന പ്രക്രിയയില്‍ സംസ്ഥാനങ്ങള്‍ക്ക് തുല്യ വിഭവ വിതരണം അനുവദിച്ചാല്‍ മാത്രമെ ഫെഡറല്‍ സംവിധാനം അര്‍ഥപൂര്‍ണമാകുകയുള്ളൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നീതി ആയോഗിന്‍റെ നാലാമത് ഗവേണിങ് കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാലുവര്‍ഷം മുമ്പ് നിലവില്‍ വന്ന നീതി ആയോഗിന്‍റെ നേട്ടങ്ങളും പോരായ്മകളും വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിമാരുടെ സമിതി രൂപീകരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അടുത്ത കൗണ്‍സില്‍ യോഗത്തില്‍ ഈ സമിതിയുടെ നിര്‍ദേശങ്ങള്‍ പരിഗണിക്കണം. ആഗോള സമ്പദ്‌വ്യവസ്ഥയിലും വ്യാപാരരംഗത്തും സമൂല മാറ്റം വന്നുകൊണ്ടിരിക്കുന്ന അന്തരീക്ഷത്തില്‍ ചേരുന്ന നീതി ആയോഗ് യോഗത്തിന് എന്തുകൊണ്ടും പ്രസക്തിയുണ്ട്. കേരളത്തിന്‍റെ വികസനരംഗത്ത് പുത്തന്‍ അധ്യായം രചിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച പതിമൂന്നാം പഞ്ചവത്‌സര പദ്ധതി രണ്ടാം വര്‍ഷത്തിലേക്കു കടന്നിരിക്കുകയാണ്. സംസ്ഥാനത്തിന്റെ ഭൗതികവും സാമൂഹികവുമായ അടിത്തറയെ ശക്തിപ്പെടുത്തുക എന്നതാണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കാര്‍ഷിക വ്യവസായിക മേഖലകളില്‍ ഉത്പാദനം വര്‍ധിപ്പിക്കുക, തൊഴിലവസരം വര്‍ധിപ്പിക്കുക, നൈപുണ്യ വികസനം, സ്ത്രീപുരുഷ തുല്യത ഉറപ്പുവരുത്തിക്കൊണ്ടുള്ള നയപരിപാടികള്‍, സാമൂഹിക സുരക്ഷ തുടങ്ങിയവയും ഇതില്‍പ്പെടുന്നു. സുസ്ഥിര വികസനവും ജനകീയ പങ്കാളിത്തവും ചേര്‍ത്തുകൊണ്ട് നാലു മിഷനുകളിലൂടെ നവകേരളം കെട്ടിപ്പെടുക്കുകയാണു ലക്ഷ്യം. ഉയര്‍ന്ന നിലവാരത്തിലുള്ള സ്‌കൂള്‍ വിദ്യാഭ്യാസം, ജനസൗഹൃദ ആരോഗ്യസംവിധാനം, പരിസ്ഥിതി സൗഹൃദ കാര്‍ഷിക രീതി, സമഗ്ര മാലിന്യ സംസ്‌കരണം എന്നിവ ഇതില്‍പ്പെടുന്നു.
കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച ചരക്കു സേവന നികുതി ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിനു വലിയ വരുമാന നഷ്ടത്തിന് ഇടയാക്കിയിരിക്കുകയാണെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.
പതിനഞ്ചാം ധനകാര്യ കമ്മീഷന്‍റെ പരിഗണനാ വിഷയങ്ങള്‍ ആശങ്ക സൃഷ്ടിക്കുന്നതാണ്. സംസ്ഥാനങ്ങള്‍ക്കുള്ള വിഭവവിതരണത്തില്‍ തുല്യത ഉറപ്പുവരുത്തണം. കടുത്ത സാമ്പത്തിക പ്രയാസങ്ങള്‍ അനുഭവിക്കുന്നുണ്ടെങ്കിലും ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് അനവധി നടപടികള്‍ സര്‍ക്കാര്‍ എടുത്തുകഴിഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.