ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കേരള പുനർനിർമാണത്തിന് അധിക സഹായം ആവശ്യപ്പെട്ടുവെന്ന് മുഖ്യമന്ത് രി പിണറായി വിജയൻ. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോടാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. 4796 കോടി അധിക സഹായം അനുവദിക്കണമെന്ന ആവശ്യമാണ് ഉന്നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ നിലവിലെ സാഹചര്യം പ്രധാനമന്ത്രിയെ അറിയിച്ചു. നിർലോഭമായ സഹകരണം നൽകിയ കേന്ദ്ര ഏജൻസികൾക്ക് നന്ദിയും അറിയിച്ചു. വിദേശ സഹായം സ്വീകരിക്കുന്നതിനെ കുറിച്ചുള്ള വിഷയവും മോദിയുമായി ചർച്ച ചെയ്തു. വിദേശ മലയാളികളുടെ സഹായം തേടുന്നതിനോട് അദ്ദേഹത്തിനും യോജിപ്പാണ്. അധിക സഹായത്തിന്റെ കാര്യത്തിൽ പ്രതീക്ഷ കൈവിടേണ്ടതില്ലെന്നും പിണറായി പറഞ്ഞു.
ഒരു മാസത്തെ ശമ്പളം കേരളത്തിെൻറ പുനർനിർമാണത്തിന് നൽകാൻ സർക്കാർ ജീവനക്കാരെ നിർബന്ധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ കേരളത്തെ സഹായിക്കേണ്ടത് ഒാരോരുത്തരുടെയും കടമയാണ്. അത് അവർ ചെയ്തില്ലെങ്കിൽ നാളെയൊരിക്കൽ മക്കൾ അവരോട് ചോദിക്കില്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു.
പ്രധാനമന്ത്രിയുമായി നടത്തിയ ചർച്ചയിൽ മുഖ്യമന്ത്രി മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങൾ:
● പുനർനിർമാണ പ്രവർത്തനങ്ങൾക്ക് 4796 കോടി രൂപയുടെ അധികസഹായം ദേശീയ ദുരിതാശ്വാസ നിധിയിൽനിന്ന് അനുവദിക്കണമെന്ന നിവേദനത്തിൽ അനുകൂല നിലപാട്. പുനർനിർമാണത്തിന് കണക്കാക്കുന്ന 25,000 കോടി രൂപ കണ്ടെത്തുന്നതിന് നിർലോപമായ കേന്ദ്രസഹായം വേണം.
● സംസ്ഥാനത്തെ മൊത്ത ആഭ്യന്തര ഉൽപാദനത്തിെൻറ മൂന്നു ശതമാനം വായ്പയെടുക്കാമെന്ന വ്യവസ്ഥ കേരളത്തിന് ഇളവുചെയ്ത് നാലര ശതമാനമാക്കണം.16,000 കോടിയുടെ അധികവായ്പ രണ്ടു വർഷംകൊണ്ട് ലഭ്യമാക്കുന്നതിന് ധനമന്ത്രാലയത്തിെൻറ തീരുമാനം വേഗത്തിലാക്കാൻ പ്രധാനമന്ത്രി ഇടപെടണം.
● ഭവനരഹിതർക്ക് വീടുവെച്ചു നൽകാൻ 2500 കോടി വേണ്ടിവരുമെന്നിരിക്കേ, കേരളത്തിനുള്ള കേന്ദ്രാവിഷ്കൃത പദ്ധതികളിൽ 10 ശതമാനം വർധന വരുത്താൻ ബന്ധപ്പെട്ട മന്ത്രാലയങ്ങൾക്ക് നിർദേശം നൽകണം. റോഡ് പുനർനിർമാണത്തിന് കേന്ദ്ര റോഡ് ഫണ്ടിൽനിന്ന് 3000 കോടി അനുവദിക്കണം.
● ദുരന്തബാധിതർക്കുള്ള ധനസഹായ വ്യവസ്ഥകളുടെ പരിധിയിൽ വരാത്ത വ്യാപാരികളുടെ കാര്യത്തിൽ ഇളവ് അനുവദിച്ച് സഹായം ലഭ്യമാക്കണം.
● ലോകബാങ്ക്, ഏഷ്യൻ വികസന ബാങ്ക്, യു.എൻ.ഡി.പി തുടങ്ങിയ അന്താരാഷ്ട്ര സ്ഥാപനങ്ങളിൽനിന്ന് ധനസഹായം സ്വീകരിക്കുന്നതിന് വായ്പാപരിധിയിൽ ഇളവു നൽകണം. 5000 കോടി പ്രത്യേക ഗ്രാൻറ് സ്വീകരിക്കാൻ നടപടി വേണം. സമ്പദ്ഘടന പുനരുജ്ജീവിപ്പിക്കാനും ജീവനോപാധികൾ നൽകാനും 5000 കോടിയുടെ ഗ്രാൻറും അനുവദിക്കണം.
പ്രളയക്കെടുതി സംബന്ധിച്ച വിശദമായ നിവേദനം അടുത്തമാസം ആദ്യം ധനമന്ത്രാലയത്തിനു നൽകുമെന്ന് മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ അറിയിച്ചു. കേരളം സന്ദർശിച്ച കേന്ദ്രസംഘവും റിപ്പോർട്ട് രൂപപ്പെടുത്തിവരുകയാണ്. ആവശ്യമായ സഹായം കേന്ദ്രത്തിൽനിന്ന് കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. പ്രധാനമന്ത്രിയുടെ ഒാഫിസുമായി ആവശ്യമുള്ള ഘട്ടങ്ങളിൽ ബന്ധപ്പെടാൻ ചീഫ് സെക്രട്ടറിയോട് പ്രധാനമന്ത്രിതന്നെ നിർദേശിച്ചിട്ടുണ്ടെന്ന് പിണറായി വിജയൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.