തിരുവനന്തപുരം: സർക്കാർ അനുമതിയില്ലാതെ പുസ്തകമെഴുതിയതിന് മുൻ വിജിലൻസ് ഡയറക്ടറും ഐ.എം.ജി ഡയറക്ടറുമായ ജേക്കബ് തോമസിനെതിരെ ക്രിമിനൽ കേസിനും വകുപ്പുതലനടപടിക്കും മുഖ്യമന്ത്രി പിണറായി വിജയെൻറ നിർദേശം. ഇതുസംബന്ധിച്ച റിപ്പോർട്ട് ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമിന് മുഖ്യമന്ത്രി കൈമാറി. വകുപ്പുതല നടപടിക്ക് ചീഫ് സെക്രട്ടറിക്കും ക്രിമിനൽ നടപടിക്ക് ഡി.ജി.പിക്കുമാണ് മുഖ്യമന്ത്രി നിർേദശം നൽകിയത്.
നടപടിക്ക് മുന്നോടിയായി ജേക്കബ് തോമസിെൻറ വിശദീകരണം വാങ്ങണമെന്നും മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നൽകിയ കുറിപ്പിലുണ്ട്. സർവിസ് അനുഭവങ്ങളെക്കുറിച്ച് ജേക്കബ് തോമസ് എഴുതിയ ‘സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’ എന്ന പുസ്തകത്തിലെ പരാമർശങ്ങളും വെളിപ്പെടുത്തലുകളുമാണ് നടപടിക്കാധാരം. എന്നാൽ, തനിക്കെതിരെ കേസെടുക്കുന്നത് സംബന്ധിച്ച് വിവരമില്ലെന്നാണ് ജേക്കബ് തോമസിെൻറ പ്രതികരണം.
പുസ്തകത്തിലെ 50 പേജുകളിൽ 11 ഇടത്ത് ചട്ടവിരുദ്ധ പരാമർശങ്ങളും വിമർശനങ്ങളുമുണ്ടെന്ന് ആഭ്യന്തരവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസ് ചെയർമാനായ സമിതി കണ്ടെത്തിയിരുന്നു. ഇതു രണ്ടു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ്. കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന പാറ്റൂർ കേസ് അടക്കമുള്ളവയിലെ വിശദാംശങ്ങൾ വെളിപ്പെടുത്തുന്നത് നിയമവിരുദ്ധമാണ്. ബാർ കേസിൽ മുൻ മന്ത്രി കെ. ബാബുവിനെതിരായ പരാമർശങ്ങളും ചട്ടലംഘനത്തിൽ വരും. ജേക്കബ് തോമസ് പുറത്തിറക്കിയ ‘നേരിട്ട വെല്ലുവിളികൾ: കാര്യവും കാരണവും’ എന്ന രണ്ടാമത്തെ പുസ്തകവും വിവാദത്തിലേക്ക് നീങ്ങുകയാണ്. ഈ പുസ്തകം എഴുതുന്നതിന് സർക്കാറിൽനിന്ന് അനുമതി തേടിയിരുന്നെങ്കിലും ഇതു ലഭിക്കുന്നതിന് മുമ്പുതന്നെ പുസ്തകം പ്രസിദ്ധീകരിച്ചുവെന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.