തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനാർഥിത്വത്തിൽ നിലപാട് വെളിപ്പെടുത്തി ഇ. ശ്രീധരനും പറഞ്ഞത് തിരുത്തി കെ. സുരേന്ദ്രനും. മെട്രോമാൻ ഇ. ശ്രീധരനെ മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടിയുള്ള പ്രചാരണം ബി.ജെ.പിക്കുള്ളിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിച്ചുള്ള പ്രചാരണം ബി.ജെ.പിക്കില്ലെന്ന് ചൂണ്ടിക്കാട്ടി ദേശീയ നേതാക്കൾ ഉൾപ്പെടെ രംഗത്തെത്തി. ആ സാഹചര്യത്തിലാണ് താൻ മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കുന്നില്ലെന്ന് ഇ. ശ്രീധരൻ വെളിപ്പെടുത്തിയത്. ഒരുപദവിയും ആഗ്രഹിച്ചല്ല ബി.ജെ.പിയിൽ ചേർന്നത്. ജനസേവനം മാത്രമാണ് ലക്ഷ്യം. ബി.ജെ.പി കേന്ദ്ര നേതൃത്വമാണ് മുഖ്യമന്ത്രി സ്ഥാനാർഥിത്വം പ്രഖ്യാപിക്കാറുള്ളത്. പാർട്ടി അത്തരം നിർദേശം വെച്ചാൽ സ്വീകരിക്കും. വിവാദങ്ങളിൽ വിഷമമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമസഭ തെരഞ്ഞെടുപ്പിൽ ഇ. ശ്രീധരനെ മുന്നിൽ നിർത്തിയാകും ബി.ജെ.പി വോട്ടുതേടുകയെന്ന് സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അതിനെ ഖണ്ഡിച്ചുകൊണ്ട് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ പ്രതികരിച്ചു. തുടർന്ന് ശ്രീധരന്‍ മുഖ്യമന്ത്രി സ്ഥാനാർഥിയാണെന്ന് പറഞ്ഞിട്ടില്ലെന്ന് കെ. സുരേന്ദ്രൻ തിരുത്തി. ശ്രീധരെൻറ നേതൃത്വം ജനങ്ങളും പാർട്ടിയും ആഗ്രഹിക്കുന്നുവെന്നാണ് പറഞ്ഞതെന്നും സുരേന്ദ്രന്‍ വിശദീകരിച്ചു.
ഇ. ശ്രീധരനെ സ്ഥാനാർഥിയാക്കണമെന്ന് പല ജില്ലകളിൽനിന്ന് ആവശ്യമുയർന്നിട്ടുണ്ട്. വീടിനോടടുത്ത മണ്ഡലമെന്ന നിലയിൽ പൊന്നാനിയിൽനിന്ന് മത്സരിക്കാനാണ് താൽപര്യമെന്ന് ഇ. ശ്രീധരൻ കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ, ശ്രീധരനെ വിജയ സാധ്യതയുള്ള മണ്ഡലത്തിൽ പരിഗണിക്കാനാണ് നേതൃത്വത്തിെൻറ താൽപര്യം. തിരുവനന്തപുരം ഉൾപ്പെടെ എ പ്ലസ് മണ്ഡലങ്ങളിലൊന്നിലാണ് പരിഗണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.