കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രൻ മൂന്നാംദിവസത്തെ ചോദ്യംചെയ്യലിന് തിങ്കളാഴ്ച എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് മുമ്പാകെ ഹാജരായില്ല. പരിശോധനക്ക് ആശുപത്രിയിൽ പോകണമെന്നും രണ്ടുദിവസം സമയം അനുവദിക്കണമെന്നുമാവശ്യപ്പെട്ട് രവീന്ദ്രൻ ഇ.ഡിക്ക് ഇ-മെയിൽ അയച്ചു.
വ്യാഴം, വെള്ളി ദിവസങ്ങളിൽ കൊച്ചിയിലെ ഇ.ഡി ഓഫിസിൽ 26 മണിക്കൂറോളം ചോദ്യംചെയ്തിരുന്നു. കൂടുതൽ രേഖകളുമായി തിങ്കളാഴ്ച ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് നിർദേശിച്ചാണ് രണ്ടാംദിവസം വിട്ടയച്ചത്. ആദ്യ മൂന്നുതവണ നോട്ടീസ് നൽകിയപ്പോഴും ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ചോദ്യംചെയ്യലിൽനിന്ന് വിട്ടുനിന്ന അദ്ദേഹം, നാലാമത്തെ നോട്ടീസിലാണ് ഹാജരായത്.
രവീന്ദ്രെൻറയും കുടുംബാംഗങ്ങളുടെയും ആസ്തി, ഊരാളുങ്കൽ ലേബർ സൊസൈറ്റിയുമായുള്ള ബന്ധവും ഇടപാടുകളും, സ്വർണക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ, ലൈഫ് മിഷനും കെ-ഫോണും ഉൾപ്പെടെ സർക്കാർ പദ്ധതികൾ, ബിനാമി ഇടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യങ്ങൾ.
പലതിനും വ്യക്തമായ മറുപടി നൽകിയില്ലെന്നും സ്വത്തും വരുമാനവും സംബന്ധിച്ച് അദ്ദേഹം സമർപ്പിച്ച കണക്കുകളിൽ പൊരുത്തക്കേടുണ്ടെന്നുമാണ് ഇ.ഡി അധികൃതർ പറയുന്നത്. സ്വപ്ന സുരേഷ് നൽകിയ മൊഴിയിലെ നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രവീന്ദ്രനെ ചോദ്യംചെയ്യാൻ ഇ.ഡി തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.