കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ എന്‍ഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) ഒമ്പത് മണിക്കൂർ ചോദ്യം ചെയ്തു. രണ്ടാംതവണ ഇ.ഡി നൽകിയ നോട്ടീസിലാണ് രവീന്ദ്രൻ ഹാജരായത്.
ചൊവ്വാഴ്ച രാവിലെ 11ന് എത്താനാണ് ആവശ്യപ്പെട്ടതെങ്കിലും 9.20ന് തന്നെ വന്നു. രാത്രിവരെ നീണ്ട ചോദ്യം ചെയ്യലിനുശേഷം മാധ്യമങ്ങളോട് പ്രതികരിക്കാതെ അദ്ദേഹം മടങ്ങി.ലൈഫ് മിഷൻ കോഴ ഇടപാടിൽ മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടന്നോയെന്ന പരിശോധനയുടെ ഭാഗമായാണ് രവീന്ദ്രനെ വിളിച്ചുവരുത്തിയത്. ഫെബ്രുവരി 27ന് ഹാജരാകാനായിരുന്നു ആദ്യ നോട്ടീസ്. എന്നാൽ, അന്ന് നിയമസഭ സമ്മേളനത്തിന്‍റെ തിരക്ക് ചൂണ്ടിക്കാട്ടി ഒഴിഞ്ഞു.
സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ മൊഴി രവീന്ദ്രനെതിരെയുണ്ട്. രവീന്ദ്രന്‍റെ പേര് പരാമർശിക്കുന്ന സ്വപ്ന സുരേഷും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറും തമ്മിലുള്ള ചാറ്റുകളും സ്വപ്നയും രവീന്ദ്രനും തമ്മിൽ നടത്തിയതെന്ന് കരുതുന്ന ചാറ്റുകളും ഇ.ഡിയുടെ പക്കലുണ്ട്. ചാറ്റുകൾ രവീന്ദ്രൻ തന്നെ നടത്തിയതാണോയെന്ന് ഇ.ഡി ചോദിച്ചതായാണ് വിവരം. മൊഴികളെക്കുറിച്ചുള്ള വിശദീകരണവും ആരാഞ്ഞു. സ്വപ്നയെ വ്യക്തിപരമായി അറിയില്ലെന്ന് പറഞ്ഞ രവീന്ദ്രനെ പ്രതിരോധത്തിലാക്കുന്നതാണ് പുറത്തുവന്ന ചാറ്റുകൾ.
ജയിലിലുള്ള എം. ശിവശങ്കറിന്‍റെ ചോദ്യം ചെയ്യലിന് തുടർച്ചയായാണ് രവീന്ദ്രനെ വിളിച്ചുവരുത്തിയത്. അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് കൂടുതൽ അടുക്കുന്നുവെന്നതാണ് ഇതിലൂടെ വിലയിരുത്തുന്നത്. വരുംദിവസങ്ങളിൽ വീണ്ടും വിളിച്ചുവരുത്തിയേക്കും. ശിവശങ്കറിനെ ഇനിയും കസ്റ്റഡിയിൽ വാങ്ങി ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനും സാധ്യതയുണ്ട്.
കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട രേഖകൾ ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്.
ലൈഫ് മിഷൻ അധികൃതർക്കാണ് ഇ.ഡി ഇതുസംബന്ധിച്ച് കത്ത് നൽകിയത്. പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഹാജരാക്കാനാണ് നിർദേശം. പദ്ധതിയുടെ കരാർ വിശദാംശങ്ങളിലടക്കം വ്യക്തതയുണ്ടാക്കലാണ് ഇ.ഡിയുടെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.