കൊച്ചി: ലൈഫ് മിഷന് കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രൻ എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) ചോദ്യം ചെയ്യലിന് ഹാജരായില്ല. തിങ്കളാഴ്ച രാവിലെ പത്തിന് കൊച്ചിയിലെ ഇ.ഡി ഓഫിസിൽ ഹാജരാകാനായിരുന്നു രവീന്ദ്രന് നൽകിയ നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, ഇ.ഡി മുമ്പാകെ ഹാജരാകാതിരുന്ന രവീന്ദ്രൻ തിങ്കളാഴ്ച നിയമസഭയിലെ ഓഫിസിലെത്തി. നിയമസഭ ചേരുന്നതിനാൽ തിങ്കളാഴ്ച ഹാജരാകാനാകില്ലെന്ന് രവീന്ദ്രൻ അറിയിച്ചിരുന്നതായി അധികൃതർ പറഞ്ഞു. ഹാജരാകാൻ വീണ്ടും നോട്ടീസ് നൽകുമെന്ന് ഇ.ഡി വൃത്തങ്ങൾ അറിയിച്ചു.
വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയ നിർമാണവുമായി ബന്ധപ്പെട്ട് 4.50 കോടി കോഴ നൽകിയെന്ന കേസിൽ ചോദ്യം ചെയ്യാനാണ് രവീന്ദ്രനെ ഇ.ഡി വിളിപ്പിച്ചത്. ഫ്ലാറ്റ് നിർമാണത്തിന് യു.എ.ഇയിലെ റെഡ് ക്രെസന്റ് കരാറുകാരായ യൂനിടാക്കിനു നൽകിയ 19 കോടിയിൽ 4.50 കോടി കോഴയായി നൽകിയെന്നാണ് ഇ.ഡി കേസ്. കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ ചോദ്യം ചെയ്തതിന്റെ തുടർച്ചയായാണ് സി.എം. രവീന്ദ്രനും നോട്ടീസ് നൽകിയത്. ലൈഫ് മിഷൻ കോഴ ഇടപാടിൽ മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട് ഗൂഢാലോചനകൾ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കലാണ് ഇ.ഡിയുടെ ലക്ഷ്യം.
സ്വപ്നയെ വ്യക്തിപരമായി അറിയില്ലെന്നാണ് രവീന്ദ്രന്റെ നിലപാട്. എന്നാൽ, സ്വപ്ന സുരേഷും എം. ശിവശങ്കറും തമ്മിലുള്ള വാട്സ്ആപ് ചാറ്റിൽ രവീന്ദ്രന്റെ പേര് പരാമർശിച്ചതായി വിവരം പുറത്തുവന്നിരുന്നു. തുടർന്ന് സ്വപ്ന സുരേഷും സി.എം. രവീന്ദ്രനും അടുത്ത ബന്ധമുണ്ടെന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള ചാറ്റുകളും പുറത്തുവന്നിട്ടുണ്ട്.
ഈ തെളിവുകളുടെയും മൊഴിയുടെയും അടിസ്ഥാനത്തിലുള്ള ചോദ്യങ്ങളാണ് രവീന്ദ്രനെ കാത്തിരിക്കുന്നത്. രവീന്ദ്രനെതിരെ സ്വപ്ന ഉന്നയിച്ച ആരോപണങ്ങളും ചോദ്യം ചെയ്യലിന് വിഷയമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.