കേരളം നടുങ്ങുന്ന ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നത്; മുഖ്യമന്ത്രി രാജിവെക്കണം -വി.ഡി. സതീശൻ

കൊച്ചി: പ്രകാശ് ജാവദേകറെ കണ്ടതിന് ഇ.പി. ജയരാജനെ പുറത്താക്കാമെങ്കിൽ മുഖ്യമന്ത്രിയെയും പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രകാശ് ജാവദേകറുമായി ബന്ധപ്പെട്ടതു കൊണ്ട് കുഴപ്പമില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. താനും ആറേഴ് തവണ പ്രകാശ് ജാവ്ദേകറെ കണ്ടിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.ബി.ജെ.പിയുമായി ഇ.പി ജയരാജനും മുഖ്യമന്ത്രിക്കും ബന്ധമുണ്ട്.

ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട ഉപജാപക സംഘത്തിലെ അംഗമായ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജിപിക്കും ബി.ജെ.പിയുമായി ബന്ധമുണ്ടെന്ന് വ്യക്തമായിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഭരണകക്ഷി എം.എല്‍.എ ഉന്നയിച്ച ഗുരുതര ആരോപണങ്ങളിലൂടെ മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉപജാപക സംഘമാണ് കേരളത്തിലെ പൊലീസിനെ നിയന്ത്രിക്കുന്നതെന്ന പ്രതിപക്ഷ വാദങ്ങൾ സത്യമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.

കൊലപാതകം നടത്തുന്ന എ.ഡി.ജി.പിയും അതിന് പിന്തുണ നല്‍കുന്ന മുഖ്യമന്ത്രിയും പൊളിറ്റിക്കല്‍ സെക്രട്ടറി, കാല് പിടിക്കുന്ന എസ്.പി, ഗുണ്ടാസംഘം പോലും നാണിക്കുന്ന രീതിയില്‍ പെരുമാറുന്ന മുഖ്യമന്ത്രിയുടെ ഓഫിസ്, അതിന് സംരക്ഷണം നല്‍കുന്ന രാഷ്ട്രീയ നേതൃത്വം. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ഒരു സി.പി.എം എം.എല്‍.എയുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര ആരോപണങ്ങളാണിത്.

മുഖ്യമന്ത്രിയുടെ ഓഫിസില്‍ സ്വര്‍ണക്കടത്ത് ഒളിച്ചുവയ്ക്കുന്നതിന് വേണ്ടി ഒരാളുടെ കൊലപാതകം നടത്തി. അത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ അറിവോടെയാണ് അയാളെ എ.ഡി.ജി.പി കൊലപ്പെടുത്തിയത്. സ്വര്‍ണം പൊട്ടിക്കല്‍ സംഘവുമായും സ്വര്‍ണക്കള്ളക്കടത്ത് സംഘവുമായും വീണ്ടും മുഖ്യമന്ത്രിയുടെ ഓഫിസിന് ബന്ധമുണ്ടെന്ന ഗുരുതര ആരോപണമാണ് ഭരണകക്ഷി എം.എല്‍.എ ഉയര്‍ത്തിയിരിക്കുന്നത്. സ്വര്‍ണക്കള്ളക്കടത്ത് നടത്തിയതിന്റെ പേരില്‍ ജയിലിലായ ആളാണ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നടക്കുന്നത് മുഴുവന്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളാണെന്നാണ് സി.പി.എം എം.എല്‍.എ പറയുന്നത്.

ബി.ജെ.പിയെ സഹായിക്കുന്നതിന് വേണ്ടി മുഖ്യമന്ത്രിയുടെ അറിവോടെയാണ് തൃശൂര്‍ പൂരം പൊലീസ് കലക്കിയതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇതേ ആരോപണമാണ് ഇപ്പോള്‍ സി.പി.എം എം.എല്‍.യും ഉന്നയിച്ചിരിക്കുന്നത്. ഈ ആരോപണം മുഖ്യമന്ത്രി നിഷേധിക്കട്ടെ. പത്തനംതിട്ട എസ്.പിയും സി.പി.എം എം.എല്‍.എയും തമ്മില്‍ നടത്തിയ സംഭാഷണം ഞെട്ടിക്കുന്നതാണ് ഇതൊക്കെ പറയുന്നത് പ്രതിപക്ഷമല്ല, മുഖ്യമന്ത്രിയുടെ വിശ്വസ്തനായ എം.എല്‍.എയാണ്. മുഖ്യമന്ത്രി പറഞ്ഞാല്‍ എന്തും ചെയ്യുന്ന എം.എല്‍.എയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്ക് ഒരു നിമിഷം പോലും തുടരാന്‍ യോഗ്യതയില്ല. ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ ഉദ്യോഗസ്ഥരെയും അടിയന്തിരമായി സസ്‌പെന്‍ഡ് ചെയ്യണം. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയെയും പുറത്താക്കണം. മുഖ്യമന്ത്രി തന്നെ രാജി വച്ചു പോയാള്‍ മറ്റാരെയും പുറത്താക്കേണ്ടതില്ല. കേരളം നടുങ്ങുന്ന ആരോപണങ്ങളാണ് മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്നിരിക്കുന്നതെന്നും വി.ഡി. സതീശൻ പറഞ്ഞു.

Tags:    
News Summary - CM should resign - VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.