'വൈദ്യുതി നിരക്ക് നിശ്ചയിക്കുന്നത് കെ.എസ്.ഇ.ബിയോ സർക്കാറോ അല്ല'; വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്ന് ബോർഡ്

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ബിൽ സംബന്ധിച്ച് സമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ആരോപണങ്ങൾക്ക് മറുപടിയുമായി കെ.എസ്.ഇ.ബി.  ഫേസ്ബുക്കിൽ വിശദീകരണ വിഡിയോ പുറത്തിറക്കിയാണ്  ബോർഡിന്റെ പ്രതിരോധം. 

കെ.എസ്.ഇ.ബിക്കോ സംസ്ഥാന സർക്കാറിനോ ഏകപക്ഷീയമായി വൈദ്യുതി ചാർജ് വർധിപ്പിക്കാനാകില്ല. സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമീഷൻ എന്ന ക്വാസി ജുഡീഷ്യൽ സ്ഥാപനത്തിനാണ് വൈദ്യുതി നിരക്ക് നിശ്ചയിക്കാനുള്ള അധികാരം.

വരവും ചിലവും വിശദമാക്കി കെ.എസ്.ഇ.ബി നൽകുന്ന താരിഫ് പെറ്റീഷനിന്മേൽ വിവിധ ജില്ലകളിൽ വെച്ച് പൊതുജനങ്ങളുടേയും വിവിധ ഉപഭോക്തൃ സംഘടനകളുടെയും അഭിപ്രായങ്ങൾ ആരാഞ്ഞ് വിശദ പരിശോധന നടത്തിയിട്ടാണ് റെഗുലേറ്ററി കമീഷൻ താരിഫ് നിശ്ചയിക്കുന്നതെന്ന് കെ.എസ്.ഇ.ബി ഫേസ്ബുക്കിൽ പങ്കുവെച്ച വിഡിയോയിൽ വ്യക്തമാക്കുന്നു. കെ.എസ്.ഇ.ബിയുടെ താരിഫ് പെറ്റീഷൻ ജനങ്ങളെ കേട്ടതിന് ശേഷമാണ് റെഗുലേറ്ററി കമീഷൻ നടപടി സ്വീകരിക്കുന്നത്.

ഫിക്സഡ് ചാർജ്, എനർജി ചാർജ്, മീറ്റർ വാടക, ഇലക്ട്രിസിറ്റി ഡ്യൂട്ടി, ഫ്യൂവർ സർചാർജ് എന്നിങ്ങനെ ബില്ലിലെ പലഘടകങ്ങൾ എങ്ങനെയാണ് വരുന്നതെന്ന് വ്യക്തമായി വിശദീകരിക്കുന്നുണ്ട് ഏഴര മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ.

രാജ്യത്ത് നിലവിലുള്ള വൈദ്യുതി നിയമം അനുശാസിക്കുന്ന പ്രകാരമാണ് വൈദ്യുതി വിതരണ കമ്പനികൾ ബിൽ തയാറാക്കുന്നതെന്ന് വ്യക്തമാക്കാൻ ശ്രമിക്കുകയാണ് ഇലക്ട്രിസിറ്റി ബോർഡ്. എന്നാൽ ബോർഡിന്റെ വാദങ്ങളെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള പ്രതികരണങ്ങളാണ് വിഡിയോക്ക് താഴെ വരുന്നത്. കെ.എസ്.ഇ.ബിയുടേത് പകൽകൊള്ളായണെന്നും ഡൽഹിയിൽ വൈദ്യുതി സൗജന്യമായി എങ്ങനെ നൽകുന്നുവെന്നുമുള്ള ചോദ്യങ്ങളാണ് ചിലർ ഉയർത്തുന്നത്.  

Full View


News Summary - Electricity rates are not fixed by KSEB or the government; Board not to spread fake messages

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.