മൂന്നര വർഷത്തിനുള്ളിൽ ഏഴാമത്തെ സെക്രട്ടറിയും പോയി; മാന്നാർ ഗ്രാമ പഞ്ചായത്തിൽ സെക്രട്ടറിമാർ വാഴുന്നില്ല

ചെങ്ങന്നൂർ: മൂന്നര വർഷത്തിനുള്ളിൽ മാന്നാർ സ്പെഷ്യൽ ഗ്രേഡ് ഗ്രാമപഞ്ചായത്തിലെ സെക്രട്ടറിയുടെ കസേരയിൽ ഇരുപ്പുറക്കാതെ പോയത് ഏഴു പേർ. വിരമിക്കൽ ആനുകൂല്യങ്ങൾ നൽകുവാൻ തനതുഫണ്ടുള്ള ഇവിടെ നിന്നും വിരമിക്കാനായി എത്തിയ ഒരാളൊഴികെ മറ്റു ആറുപേരും സ്ഥലം മാറിപ്പോവുകയോ ഭരണകക്ഷിയുടെ അനിഷ്ടക്കേടുകൊണ്ട് മാറ്റപ്പെടുകയോ ചെയ്യപ്പെട്ടു.

2021 നവംമ്പറിലാണ് പത്തുവർഷത്തെ ഇടവേളക്കുശേഷം ഇടതുപക്ഷത്തിന്റെ നേതൃത്വത്തിലുള്ള ഇപ്പോഴത്തെ ഭരണസമിതി അധികാരത്തിലേറു മ്പോൾ ബീനയായിരുന്നു സെക്രട്ടറി. പിന്നീട് സബൂറബീവി, ബിജു,പി.സുനിൽ, ഗീവർഗീസ്, ഉല്ലാസ്‌കുമാർ, ജയകുമാർ എന്നിവരാണ്വന്നുപോയിട്ടുള്ളത്. ഇവരിലാരുംതന്നെ ഒരുവർഷം പോലും തികച്ച് കസേരയിൽ ഇരുന്നിട്ടില്ല. വിരമിക്കുന്നതിനു ഏതാനും മാസംമുമ്പ് നീണ്ട അവധിയിൽ പ്രവേശിച്ച സെക്രട്ടറി ഉല്ലാസ്‌കുമാറിന് ശേഷമാണ് ഇപ്പോഴുണ്ടായിരുന്ന ജയകുമാറെത്തിയത്. കൊല്ലം മൺട്രോതുരുത്തിലേക്ക് സ്ഥലം മാറ്റംവാങ്ങി പോയതോടെ നിലവിൽ സെക്രട്ടറിയില്ലാതായി.

പുതുതായി എത്തുന്ന ഉദ്യോഗസ്ഥർ പഞ്ചായത്തിനെക്കുറിച്ച് പഠിച്ച് വരുമ്പോഴേക്കും സ്ഥലം മാറ്റമുണ്ടാവുന്നത് മൂലം പഞ്ചായത്തിന്റെ പദ്ധതികൾ പലതും സമയബന്ധിതമായി പൂർത്തീകരിക്കാൻ കഴിയാതെ പോകുന്നതായി ഭരണ-പ്രതിപക്ഷ ഭേദമന്യേ ഒരേപോലെ സമ്മതിക്കുന്നുണ്ട്. തകർന്നു കിടക്കുന്ന റോഡുകളുടെ പുനർനിർമാണം, തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണികൾ , തെരുവുനായ്ക്കളുടെ ശല്യം തുടങ്ങിയ ജനങ്ങളുടെ അടിസ്ഥാനപരമായ പ്രശ്ന പരിഹാരങ്ങൾ പോലും തടസപ്പെടുകയാണ്. കഴിഞ്ഞ വർഷത്തെ പദ്ധതികൾ ഈ വർഷം സ്‌പിൽ ഓവറായി നടപ്പിലാക്കുവാനുള്ള ശ്രമങ്ങളാണ് നടന്നുവന്നിരുന്നത്.

നിരന്തരം ഉദ്യോഗസ്ഥർ സ്ഥലംമാറ്റം വാങ്ങിപ്പോകുന്നത് ഭരണനേതൃത്വത്തിന്റെ തെറ്റായ പ്രവണതകൾക്ക് കൂട്ടുനിൽക്കാത്തതിനാലാണെന്നും ഇതുഗ്രാമത്തിന്റെ വികസന പ്രവർത്തനങ്ങളെ അപ്പാടെ പ്രതികൂലമായി ബാധിക്കുകയാണെന്നും മുൻ വൈസ് പ്രസിഡന്റുകൂടിയ പഞ്ചായത്തംഗം അജിത്ത് പഴവൂർ ആരോപിക്കുന്നു. സെക്രട്ടറിമാരിൽ പലരും ദൂരദിക്കുകളിൽ നിന്നും എത്തുന്നവരായതിനാൾ അവർക്ക് സൗകര്യമായിടത്തേക്ക് സ്ഥലം മാറ്റം വാങ്ങിപ്പോവുകയാണ് പതിവെന്നും ഇത് ഭരണ സമിതിയുടെ കുഴപ്പം കൊണ്ടല്ലെന്നും പ്രസിഡന്റ് ടി.വി രത്നകുമാരി പറഞ്ഞു. ഇപ്പോഴുണ്ടായിരുന്ന ജയകുമാർ കൊല്ലം ജില്ലയിൽ സീനിയോറിറ്റി ലിസ്റ്റിലുണ്ടായിരുന്നതിനാൽ അവിടെ ഒഴിവുവന്ന മുറയ്ക്ക് പോയതാണെന്നും രത്നകുമാരി പറഞ്ഞു. സീനിയോറിറ്റി ലിസ്റ്റിലുള്ള കൊല്ലം ജില്ലക്കാരൻ തന്നെയായ ബോബിഫ്രാൻസിസ് മലപ്പുറത്തു നിന്നുംഅടുത്ത ദിവസംതന്നെ ചാർജെടുക്കുമെന്നും പ്രസിഡന്റ് അറിയിച്ചു.

Tags:    
News Summary - Secretaries do not rule in Mannar Gram Panchayat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.