തിരുവനന്തപുരം: കെ.എസ്.ഇ.ബിയെ ഉപഭോക്തൃ സൗഹൃദമാക്കാനുള്ള നയരൂപവത്കരണത്തിന് ജീവനക്കാരിൽനിന്ന് നിർദേശങ്ങളും അഭിപ്രായങ്ങളും ക്ഷണിച്ച് സി.എം.ഡി ബിജു പ്രഭാകർ. ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകുക എന്ന സമീപനത്തിൽ ജീവനക്കാരുടെ ഭാഗത്തുനിന്ന് വിട്ടുവീഴ്ചയുണ്ടാകാൻ പാടില്ലെന്ന് ഇതുസംബന്ധിച്ച സർക്കുലറിൽ നിർദേശിക്കുന്നു.
അസത്യങ്ങളും അർധസത്യങ്ങളും നിരത്തിയുള്ള പ്രചാരണങ്ങൾ കാരണം ചിലർക്കെങ്കിലും സ്ഥാപനത്തിന്റെ സാമൂഹികപ്രതിബദ്ധത സംബന്ധിച്ച് തെറ്റിദ്ധാരണയുണ്ടായിട്ടുണ്ടെന്ന് സി.എം.ഡി പറയുന്നു. തെറ്റിദ്ധാരണകളും പിഴവുകളും ഉണ്ടെങ്കിൽ അവ പരിഹരിച്ച് മികവോടെ മുന്നേറുന്നതിന് ജീവനക്കാരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും അറിയാൻ ആഗ്രഹിക്കുന്നെന്നും എച്ച്.ആർ.ഐ.എസ് സോഫ്റ്റ്വെയറിന്റെ സെൽഫ് ലോഗിനിലെ ലിങ്കിൽ 25നകം നിർദേശങ്ങൾ സമർപ്പിക്കണമെന്നുമാണ് നിർദേശം.
ഭാവിയിലെ നയസമീപനങ്ങൾ രൂപവത്കരിക്കാനും സ്ഥാപനത്തെ കൂടുതൽ ഉപഭോക്തൃ സൗഹൃദമാക്കാനും ജീവനക്കാരുടെ നിർദേശങ്ങൾ സഹായിക്കുമെന്നും സർക്കുലറിൽ പറയുന്നു.
ഉപഭോക്തൃസൗഹൃദ അന്തരീക്ഷം നിലനിർത്തുന്നതിൽ ഓഫിസുകളിലെ പ്രധാന തടസ്സങ്ങൾ, തടസ്സമില്ലാത്ത വൈദ്യുതി സേവനങ്ങൾ നൽകുന്നതിലെ ബുദ്ധിമുട്ടുകൾ, പുതിയ ലൈനുകളുടെ നിർമാണം, ട്രാൻസ്ഫോർമറുകളുടെ സ്ഥാപനമുൾപ്പെടെ ജോലികളിലെ പ്രതിസന്ധി, സുരക്ഷിതമായി ജോലി ചെയ്യുന്നതിന് നേരിടുന്ന തടസ്സം, കമ്പനിയുടെ വരുമാനം നഷ്ടപ്പെടുത്തുന്ന പ്രധാനഘടകം, നിയമാനുസരണമുള്ള സേവന ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനുള്ള തടസ്സം, കെ.എസ്.ഇ.ബിയുടെ ജനപ്രിയതയും സൽപേരും മെച്ചപ്പെടുത്താനുള്ള മാർഗങ്ങൾ തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.