കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ കമ്പനിയായ എക്സാലോജിക്സുമായി ബന്ധപ്പെട്ട മാസപ്പടി കേസിൽ പ്രതിസ്ഥാനത്തുള്ള സി.എം.ആർ.എൽ കമ്പനിക്ക് പതിവായി എക്സലൻസ് അവാർഡ് ലഭിച്ചതിൽ ദുരൂഹത. കമ്പനി പ്രവർത്തിക്കുന്നത് പരിസ്ഥിതി മലിനീകരണം ഇല്ലാതെയെന്ന ഗുണനിലവാര റിപ്പോർട്ട് ഭരണ-രാഷ്ട്രീയ നേതൃത്വങ്ങളുടെ ഇടപെടലിൽ മാനദണ്ഡങ്ങൾ അട്ടിമറിച്ച് ലഭ്യമാക്കിയാണ് കാലങ്ങളായി ഇത് സാധിച്ചത്. ഇതിലൂടെ പെരിയാർ മലിനീകരണം മറികടക്കാനും കമ്പനിക്കായി.
വി.എസ് മുഖ്യമന്ത്രിയായിരിക്കെ പ്രതിപക്ഷ നേതാക്കളുടെകൂടി ഒത്താശയോടെയാണ് സി.എം.ആർ.എല്ലിന് എക്സലൻസ് അവാർഡ് ലഭിക്കാൻ അട്ടിമറി നടന്നത്. അന്ന് പിണറായി വിജയൻ സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്നു. മലിനീകരണ നിയന്ത്രണ ബോർഡിൽ വഴിവിട്ട പലതും നടപ്പാക്കിയാണ് ഇത് സാധ്യമാക്കിയത്.
ഉൽപാദനശേഷം പുറന്തള്ളുന്ന ജലത്തിന്റെ ഗുണനിലവാരം സംബന്ധിച്ച് കേന്ദ്ര മാനദണ്ഡങ്ങൾ പാലിക്കാതെയാണ് റിപ്പോർട്ടുണ്ടാക്കിയത്. ശുദ്ധീകരിച്ച് പുറന്തള്ളുന്ന വെള്ളത്തിൽ ചട്ടപ്രകാരം 14 ഇനങ്ങൾ പരിശോധിക്കണം. ഈയം, മെർക്കുറി, കാഡ്മിയം എന്നിവയടക്കമുള്ളവയുടെ സാന്നിധ്യമാണ് പരിശോധിക്കേണ്ടത്. പ്രതിമാസ ജലപരിശോധനയിൽ ഇവയുടെ സാന്നിധ്യം ഒട്ടും ഇല്ലാതിരുന്നാലേ പ്രവർത്തനം തുടരാനാകൂ.
2007 വരെ പെരിയാറിലെ ജലം ശേഖരിച്ച് ഈ പരിശോധന നടന്നു. അനുവദനീയ അളവിലും പത്തിരട്ടിയിലധികമാണ് പലപ്പോഴും മലിനീകരണത്തോതെന്നും കണ്ടെത്തി. പെരിയാർ മലിനീകരണത്തിന്റെ പേരിൽ അക്കാലത്ത് കമ്പനി പ്രതിക്കൂട്ടിലുമായിരുന്നു. ഇതോടെയാണ് ദുരൂഹ നടപടികൾ സംസ്ഥാന മലിനീകരണ നിയന്ത്രണബോർഡ് കേന്ദ്രീകരിച്ച് തുടങ്ങിയത്.
2007ൽ ഗുണനിലവാര പരിശോധന സൂചിക14ൽനിന്ന് 12 ആക്കി. 2009 ജൂലൈ ഏഴിന് ഇത് അഞ്ച് പരിശോധന മാത്രമാക്കി. 2009 ജൂൈല 13ന് മാരകമായവയുടെ പരിശോധന മാത്രമായി കുറച്ചു. ഇതിനുശേഷമാണ് സി.എം.ആർ.എൽ കമ്പനിക്ക് ഒരു വർഷം പോലും മുടങ്ങാതെ 2017 വരെ എക്സലൻസ് അവാർഡ് കിട്ടിയത്. ഒരു മലിനീകരണവും നടക്കുന്നില്ലെന്ന നിലക്കാണിത്.
1986ലെ പരിസ്ഥിതി സംരക്ഷണ ചട്ടം 3(2) അനുസരിച്ച് സംസ്ഥാന സർക്കാറിനോ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകൾക്കോ ഗുണനിലവാര പരിശോധനയിൽ ഇളവ് വരുത്താൻ അധികാരമില്ല. എന്നിരിക്കെയാണ് ബോർഡ് സി.എം.ആർ.എല്ലിനെ സഹായിച്ചത്.
പൊതുമേഖല സ്ഥാപനമായ കെ.എം.എം.എല്ലിന് ഇപ്പോഴും 12 ഗുണനിലവാര പരിശോധന സൂചിക തുടരുന്നുണ്ട്. അപ്പോഴും നാമമാത്ര പരിശോധന ആനുകൂല്യം തുടരുകയാണ് സി.എം.ആർ.എൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.