തിരുവനന്തപുരം: സഹകരണ സംഘങ്ങൾ ‘ബാങ്ക്’ എന്ന് ഉപയോഗിക്കുന്നത് വീണ്ടും വിലക്കി റിസർവ് ബാങ്ക്. പലവട്ടം മുന്നറിയിപ്പ് നൽകിയിട്ടും ചട്ടലംഘനം തുടരുന്ന സാഹചര്യത്തിലാണ് പത്രപ്പരസ്യത്തിലൂടെയുള്ള താക്കീത്. 2020 സെപ്റ്റംബർ 29ലെ ബാങ്കിങ് റെഗുലേഷൻ നിയമ ഭേദഗതിയനുസരിച്ച് സഹകരണ സംഘങ്ങൾ ‘ബാങ്ക്’, ‘ബാങ്കർ’, ‘ബാങ്കിങ്’ എന്നീ വാക്കുകൾ ഉപയോഗിക്കാൻ പാടില്ല. നിർദേശം മറികടന്നും ചില സംഘങ്ങൾ ബാങ്ക് എന്ന് ഉപയോഗിക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് മുന്നറിയിപ്പ് സന്ദേശത്തിൽ പറയുന്നു. സഹകരണ സംഘങ്ങള്‍ പേരിനൊപ്പം ബാങ്ക് എന്ന് ഉപയോഗിക്കരുതെന്ന് കാണിച്ച് റിസര്‍വ് ബാങ്ക് മൂന്നുതവണ സര്‍ക്കാറിന് കത്ത് നല്‍കിയിരുന്നു.
ബാങ്കിങ് റെഗുലേഷൻസ് ആക്ട് വ്യവസ്ഥകൾ ലംഘിച്ച് ചില സംഘങ്ങൾ ബാങ്കിങ് ബിസിനസിന് തുല്യമായി അംഗങ്ങൾ അല്ലാത്തവരിൽനിന്നും അസോസിയേറ്റ് അംഗങ്ങളിൽ നിന്നും നിക്ഷേപം സ്വീകരിക്കുന്നുണ്ട്. ഇത്തരം സംഘങ്ങൾക്ക് ബാങ്കിങ് ബിസിനസ് നടത്താൻ റിസർവ് ബാങ്ക് ലൈസൻസ് നൽകിയിട്ടില്ല. മാത്രമല്ല, ഇത്തരം സംഘങ്ങളിലുള്ള നിക്ഷേപങ്ങൾക്ക് ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് കോർപറേഷന്റെ (ഡി.ഐ.സി.ജി.സി) ഇൻഷുറൻസ് പരിരക്ഷയും ലഭ്യമല്ല. ഈ സംഘങ്ങൾ ബാങ്കാണെന്ന് അവകാശപ്പെടുകയാണെങ്കിൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.