കുമളി: കനത്ത മഴയെത്തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 138.10 അടിയായി ഉയർന്നു. ഇതേതുടർന്ന് ജലനിരപ്പ് നിയന്ത്രിച്ച് നിർത്താൻ അണക്കെട്ടിനുസമീപത്തെ സ്പിൽവേ ഷട്ടറുകൾ തുറന്ന് ചൊവ്വാഴ്ച രാവിലെ 10ന് ഇടുക്കി അണക്കെട്ടിലേക്ക് ജലം ഒഴുക്കുമെന്ന് ഇടുക്കി കലക്ടർ അറിയിച്ചു.
അണക്കെട്ടിലേക്ക് റെക്കോഡ് നീരൊഴുക്കാണ് ഇപ്പോഴുള്ളത്. സെക്കൻഡിൽ 11060.79 ഘന അടി ജലമാണ് ഇപ്പോൾ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. തമിഴ്നാട്ടിലേക്ക് സെക്കൻഡിൽ 1867 ഘന അടി ജലമാണ് തുറന്നുവിട്ടിട്ടുള്ളത്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശമായ പെരിയാർ വനമേഖലയിൽ 82.6 മില്ലീമീറ്ററും തേക്കടിയിൽ 108 മില്ലീമീറ്റർ മഴയുമാണ് ഞായറാഴ്ച പെയ്തത്.
അണക്കെട്ടിലേക്ക് നീരൊഴുക്ക് വർധിച്ചതും തമിഴ്നാട്ടിലേക്ക് കൂടുതൽ ജലം കൊണ്ടുപോകാനാവാത്തതുമാണ് ഇടുക്കിയിലേക്ക് ജലം തുറന്നുവിടാൻ തമിഴ്നാട് അധികൃതരെ നിർബന്ധിതരാക്കിയത്. അണക്കെട്ടിൽനിന്ന് ചൊവ്വാഴ്ച രാവിലെ 10 മുതൽ ഘട്ടംഘട്ടമായി സെക്കൻഡിൽ 10,000 ഘന അടി ജലം ഇടുക്കിയിലേക്ക് ഒഴുക്കും. ജലം ഒഴുകിപ്പോകുന്ന വള്ളക്കടവ് മുതൽ ഉപ്പുതറ, അയ്യപ്പൻകോവിൽ വരെയുള്ള ജനവാസമേഖലയിൽ നാട്ടുകാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
ഇടുക്കി ജില്ലക്കൊപ്പം തമിഴ്നാട്ടിലും വ്യാപക മഴ തുടരുകയാണ്. മുല്ലപ്പെരിയാർ ജലം സംഭരിക്കുന്ന തേനി ജില്ലയിലെ വൈഗ ഡാമിൽ 65.55 അടിയാണ് ജലനിരപ്പ്. 71 അടിയാണ് വൈഗയുടെ സംഭരണ ശേഷി. 57 അടി ശേഷിയുള്ള മഞ്ഞളാർ ഡാമിൽ 56.30 അടിയും 52.50 അടി ശേഷിയുള്ള ഷൺമുഖാനദി ഡാമിൽ 52.55 അടിയുമാണ് ജലനിരപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.