തിരുവനന്തപുരം: കേരളം തയാറാക്കിയ കരട് തീരദേശ പരിപാലന പ്ലാൻ ദേശീയ തീരദേശ പരിപാലന അതോറിറ്റി (നാഷനൽ കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിറ്റി) അംഗീകരിച്ചതോടെ കൂടുതൽ പഞ്ചായത്തുകൾക്ക് ഇളവിന് കേന്ദ്രത്തിൽ സമ്മർദം തുടരും. സി.ആർ.ഇസെഡ് മൂന്നിൽനിന്നും സി.ആർ.ഇസെഡ് രണ്ടിലേക്ക് മാറ്റുന്നതിന് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് ശിപാർശ ചെയ്തത് 175 നഗര സ്വഭാവമുള്ള ഗ്രാമപഞ്ചായത്തുകളെയായിരുന്നു. ഇതിൽ 66 പഞ്ചായത്തുകൾക്ക് അംഗീകാരം ലഭിച്ചു.
ഈ പഞ്ചായത്തുകൾ സി.ആർ.ഇസെഡ് മൂന്നിൽനിന്ന് നിയന്ത്രണം കുറവുള്ള രണ്ടു വിഭാഗത്തിലേക്കാണ് മാറിയത്. ശേഷിക്കുന്ന 109 പഞ്ചായത്തുകളെ സി.ആർ.ഇസെഡ് രണ്ടു വിഭാഗത്തിലേക്ക് മാറ്റാൻ കേന്ദ്രത്തിൽ സമ്മർദം തുടരാനാണ് സംസ്ഥാന സർക്കാർ തീരുമാനം.
സി.ആർ.ഇസെഡ് ഒന്ന് ബി വിഭാഗത്തിലെ പൊക്കാളിപ്പാടങ്ങളെ നിയന്ത്രണ പരിധിയിൽനിന്ന് ഒഴിവാക്കിയതും സ്വകാര്യഭൂമിയിലെ കണ്ടൽക്കാടുകളിൽ കരുതൽ മേഖല നിയന്ത്രണ മുക്തമാക്കിയതും തീരമേഖലയുടെ ഏറെക്കാലമായുള്ള ആവശ്യമാണ്. ജനസാന്ദ്രത കുറഞ്ഞ പഞ്ചായത്ത് മേഖലകളിലൊഴികെ 50 മീറ്ററായിരിക്കും നിർമാണങ്ങൾക്കുള്ള നിയന്ത്രണ പരിധി. അതേസമയം, വാണിജ്യ ആവശ്യങ്ങൾക്കുള്ള നിർമാണങ്ങൾക്ക് നിലവിലെ 500 മീറ്റർ എന്ന പരിധി തുടരും. ഇതിൽ മാറ്റം വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
പുതിയ പ്ലാൻ നടപ്പാക്കുന്നതോടെ നിലവിൽ പ്രാബല്യത്തിലുള്ള 2011 ലെ സി.ആർ.ഇസെഡ് വിജ്ഞാപനവും അനുബന്ധ പ്ലാനും ഇല്ലാതാവും. ഇന്റഗ്രേറ്റഡ് ഐലൻഡ് മാനേജ്മെൻറ് പ്ലാൻ തയാറാക്കി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വാങ്ങിയ ശേഷം ദ്വീപുകളുടെ വികസനരഹിത മേഖല 50 മീറ്ററിൽനിന്ന് 20 മീറ്ററായി കുറക്കാനും സംസ്ഥാനം ശ്രമിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.