കൊച്ചി: പച്ചത്തേങ്ങ സംഭരിച്ച വകയിൽ സർക്കാർ നൽകേണ്ട തുക ഒരു വർഷമായിട്ടും കിട്ടാതെ നാളികേര കർഷകർ. പൊതുവിപണിയിൽ തേങ്ങക്ക് വിലയിടിഞ്ഞപ്പോൾ ആശ്വാസമാകുമെന്ന് പ്രതീക്ഷിച്ച പദ്ധതിയാണ് കേര കർഷകരുടെ വയറ്റത്തടിച്ചത്. കഴിഞ്ഞവർഷം സംഭരിച്ച വകയിൽ 1.38 കോടി രൂപ കർഷകർക്ക് കിട്ടാനുണ്ട്. കൃഷി വകുപ്പിൽനിന്ന് ഫണ്ട് നിലച്ചതും സംഭരണത്തിൽ കരാറുകാരന്റെ ഭാഗത്തുനിന്നുണ്ടായ ക്രമക്കേടുമെല്ലാം പദ്ധതിയെ അവതാളത്തിലാക്കി.
വെജിറ്റബിൾ ആന്റ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ കേരളയുടെ (വി.എഫ്.പി.സി.കെ) സമിതികൾ വഴി കർഷകരിൽനിന്ന് സംഭരിക്കുന്ന പച്ചത്തേങ്ങ കൊപ്രയാക്കി നാഫെഡിന് നൽകുന്നതാണ് പദ്ധതി. കിലോക്ക് 34 രൂപ തറവില നിശ്ചയിച്ചായിരുന്നു സംഭരണം. നാഫെഡ് വിഹിതമായ 29.28 രൂപയും തറവിലയും തമ്മിലെ വ്യത്യാസമാണ് വി.എഫ്.പി.സി.കെ വഴി സർക്കാർ കർഷകർക്ക് നൽകേണ്ടത്. നാഫെഡിന്റെ വിഹിതം ഏറെക്കുറെ ലഭിച്ചെങ്കിലും സർക്കാർ നൽകേണ്ട 1,37,99,163 രൂപ കുടിശ്ശികയാണ്. സർക്കാരിൽനിന്ന് ഫണ്ട് ലഭിക്കാത്തതുകൊണ്ടാണ് കുടിശ്ശിക തീർക്കാൻ കഴിയാത്തത് എന്നാണ് വി.എഫ്.പി.സി.കെയുടെ വിശദീകരണം. പണം നൽകാൻ സർക്കാരിന്റെ അനുമതി തേടി കത്ത് നൽകിയിട്ടുണ്ടെന്നും തീരുമാനമായാലുടൻ വിതരണം ചെയ്യുമെന്നും കൃഷി വകുപ്പിലെ മാർക്കറ്റിങ് വിഭാഗവും പറയുന്നു. എന്നാൽ, തുക എന്ന് നൽകാനാകുമെന്ന കാര്യത്തിൽ വി.എഫ്.പി.സി.കെയോ കൃഷി വകുപ്പോ വ്യക്തമായ മറുപടി നൽകുന്നില്ല.
ഇതിനിടെ, വി.എഫ്.പി.സി.കെക്ക് വേണ്ടി പച്ചത്തേങ്ങ സംഭരിച്ച് കൊപ്രയാക്കി നാഫെഡിന് നൽകാൻ കരാറെടുത്തവർ ഗുരുതര വീഴ്ച വരുത്തിയതായും പരാതി ഉയർന്നിട്ടുണ്ട്. തമിഴ്നാട്ടിൽനിന്ന് ഗുണനിലവാരം കുറഞ്ഞ ഉണ്ടകൊപ്ര വാങ്ങി കേരളത്തിൽനിന്നുള്ള കൊപ്രക്കൊപ്പം കലർത്തി നൽകിയതിനെത്തുടർന്ന് നാഫെഡ് പത്ത് ലോഡോളം തിരിച്ചയച്ചിരുന്നു. മാനദണ്ഡപ്രകാരമുള്ള നിലവാരമില്ലാത്തതിനാൽ ഈ കൊപ്രയുടെ വില നൽകാൻ നാഫെഡ് തയാറാകാത്തതും കർഷകർക്ക് തിരിച്ചടിയായി. കരാറുകാരന് അനുകൂലമായി വി.എഫ്.പി.സി.കെയിലെ ചില ഉന്നതോദ്യോഗസ്ഥർ നടത്തിയ വഴിവിട്ട നീക്കങ്ങൾ ഫലം കണ്ടില്ല. ഈ സാഹചര്യത്തിൽ സംഭരണത്തിൽനിന്ന് നാഫെഡ് പിന്മാറുമെന്നാണ് അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.