'അസൗകര്യത്തേക്കാൾ സുരക്ഷക്കായിരുന്നു മുൻഗണന'; വൈകി അവധി പ്രഖ്യാപിച്ചതിനെ കുറിച്ച് കലക്ടർ ഡോ. രേണു രാജ്

കൊച്ചി: ആഗസ്റ്റ് നാലിന് എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വൈകി അവധി പ്രഖ്യാപിച്ച സംഭവത്തിൽ വിശദീകരണവുമായി ജില്ല കലക്ടർ ഡോ. രേണു രാജ്. അസൗകര്യമുണ്ടാകുമെന്നതിലപ്പുറം കുട്ടികളുടെ സുരക്ഷ കണക്കിലെടുത്താണ് വൈകിയാണെങ്കിലും അന്ന് അവധി പ്രഖ്യാപിച്ചതെന്ന് കലക്ടർ പറഞ്ഞു. എറണാകുളം പ്രസ് ക്ലബിൽ സംഘടിപ്പിച്ച മീറ്റ് ദ പ്രസ്സിൽ സംസാരിക്കുകയായിരുന്നു അവർ. ആഗസ്റ്റ് നാലിന് രാവിലെ 8.30ഓടെയാണ് കലക്ടർ അവധി പ്രഖ്യാപിച്ചത്. ഭൂരിഭാഗം വിദ്യാർഥികളും സ്കൂളുകളിലേക്ക് പുറപ്പെട്ട ശേഷമാണ് അവധി അറിഞ്ഞത്. 'കലക്ടർ ഉറങ്ങിപ്പോയതാണോ' എന്നുൾപ്പെടെ നിരവധി വിമർശനങ്ങൾ ആളുകൾ സമൂഹമാധ്യമങ്ങളിലൂടെ ഉയർത്തിയിരുന്നു.

അന്നത്തെ ദിവസം റെഡ് അലർട്ട് ഉണ്ടായിരുന്നില്ലെന്ന് കലക്ടർ പറഞ്ഞു. അതുകൊണ്ടു തന്നെ നിയമപ്രകാരം അവധി കൊടുക്കേണ്ടതില്ലായിരുന്നു. അന്നു പുലർച്ചെ വന്ന മുന്നറിയിപ്പിൽ മഴ കൂടുന്നതായി കാണിച്ചു. അതുപോലെ രാവിലെ ശക്തമായ മഴയായിരുന്നു. 7.30നു വന്ന മുന്നറിയിപ്പിൽ അതിതീവ്ര മഴയും കാറ്റും ഉണ്ടാകും എന്നായിരുന്നു വന്നത്. അതു സംഭവിക്കുകയും ചെയ്തു. ഉച്ചയോടു കൂടി നദികളിലെല്ലാം ജലനിരപ്പ് ഉയരുകയും ചെയ്തു.

പെട്ടെന്ന് അവധി പ്രഖ്യാപിക്കുമ്പോള്‍ അസൗകര്യമുണ്ടാകും, അതു മനസിലാകും. ശരിയുമാണ്. പരാതി പറയുന്നതിൽ ഒരു വിരോധവുമില്ല, വിഷമവുമില്ല. ഞാനാണ് ആ സ്ഥാനത്തെങ്കിൽ എനിക്കും അസൗകര്യമുണ്ടാകും. അസൗകര്യത്തിനും സുരക്ഷയ്ക്കും മധ്യേ ഇങ്ങനെ ഒരു തീരുമാനം എടുക്കാതെ നിർവാഹമില്ലായിരുന്നു. മുന്നറിയിപ്പ് എന്നു പറയുന്നത് ഒരു വിവരം മാത്രമാണ്. അതേസമയം യഥാർഥ വസ്തുത എന്താണ് എന്നു നോക്കി ഒരു തീരുമാനം എടുക്കേണ്ടി വരും. അവധി പ്രഖ്യാപിക്കുന്നില്ല, കുട്ടികൾ വൈകുന്നേരം വരെ സ്കൂളിൽ പോകട്ടെ എന്നു തീരുമാനിക്കണം. ഉച്ചകഴിഞ്ഞു കുട്ടികൾ പോകട്ടെ എന്നു തീരുമാനിച്ചിരുന്നെങ്കിൽ ആ സമയം വെള്ളപ്പൊക്കവും നദികൾ കരകവിഞ്ഞൊഴുകുന്ന സാഹചര്യവും അപകടവും ഉണ്ടായെങ്കിൽ നിങ്ങൾ തിരിച്ചു പറയുമായിരുന്നു. അൽപം വൈകിയാണെങ്കിലും അവധി കൊടുക്കേണ്ടതായിരുന്നു എന്നു പറയുമായിരുന്നു.

അവധി പ്രഖ്യാപിച്ച് ഒന്നര മണിക്കൂറു കഴിഞ്ഞു ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിക്കേണ്ടി വന്നു. ആ സമയം പറഞ്ഞില്ലായിരുന്നെങ്കിൽ 10 മണിക്ക് എന്തായാലും അവധി പ്രഖ്യാപിക്കേണ്ടി വരുമായിരുന്നു. അവധി പ്രഖ്യാപിക്കാതെ എന്തെങ്കിലും അപകടമുണ്ടായിരുന്നെങ്കിൽ നിങ്ങൾ തിരിച്ചു പറയുമായിരുന്നു. അന്നത്തെ തീരുമാനത്തിൽ 100 ശതമാനം ബോധ്യമുണ്ട്, തെറ്റു പറ്റിയിട്ടില്ല -കലക്ടർ പറഞ്ഞു.


Full View


Tags:    
News Summary - Collector Renu Raj about the announcement of late holiday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.