ഒരു രേഖയും ഇല്ലാതെ ആദിവാസി ഭൂമി 54 ഏക്കർ കൈവശം വെച്ചത് അഞ്ച് പതിറ്റാണ്ട്

കോഴിക്കോട് : അട്ടപ്പാടിയിൽ ഒരു രേഖയും ഇല്ലാതെ ആദിവാസി ഭൂമി 54.54 ഏക്കർ കൈവശം വെച്ചത് അഞ്ച് പതിറ്റാണ്ട്.  ഒടുവിൽ പാലക്കാട് കലക്ടർ എസ്. ചിത്ര വിചരാണ നടത്തി   ടി.എൽ.എ ( അന്യാധീനപ്പെട്ട ആദിവാസി ഭൂമി ) കേസിലുള്ള ആദിവാസി കുടുംബങ്ങൾക്ക് 54.54 ഏക്കർ ഭൂമിയും തിരിച്ചു നൽകണമെന്ന് ഉത്തരവിട്ടു. ഭൂമിയുടെ അവകാശികളായ കൂട്ടിയണ്ണന്റെ മക്കളായ മിനക്ക, വിജയൻ, കാടൻ, മാരിയപ്പൻ, രംഗൻ, മരുതി, കോണന്റെ മക്കളായ മാരിമുത്തു, ശെൽവൻ, മാസാണി, രേശി, ലസ്മി, ഭഗവതി എന്നിവർക്ക് ഭൂമി നൽകണമെന്ന് ഉത്തരവിൽ പറയുന്നു. വിചാരണ വേളയിൽ ഭൂമി കൈവശം വെച്ചിരിക്കുന്നവർക്ക് ഉടമസ്ഥ സംബന്ധിച്ച് ഒരുരേഖയും ഹാജരാക്കാൻ കഴിഞ്ഞില്ല.

ആദിവാസി വിഭാഗത്തിലെ കുട്ടിയണ്ണൻ, കോണൻ എന്നിവർക്ക് അഗളി വില്ലേജിൽ ഉൾപ്പെട്ട 39.00 ഏക്കർ ഭൂമി അന്യാധീനപ്പെട്ടുവെന്നും അത് പുനഃസ്ഥാപിച്ച് കിട്ടുന്നതിന് ഉത്തരവാകണമെന്നും ആവശ്യപ്പെട്ട് 1975 ലെ നിയമ (കേരള പട്ടിക വർഗ ഭൂമി കൈമാറ്റ നിയന്ത്രണവും അന്യാധീനപ്പെട്ട ഭൂമി തിരിച്ച് കൊടുക്കലും) പ്രകാരം ഒറ്റപ്പാലം റവന്യൂ ഡിവിഷണൽ ഓഫീസർക്ക് അപേക്ഷ നൽകിയിരുന്നു. തുടർന്ന് അഗളി വില്ലേജ് ഓഫീസർ നൽകിയ റിപ്പോർട്ട് പ്രകാരം അഗളി വില്ലേജിലെ സർവേ നമ്പർ 381/പി.ടി, 382/പി.ടി, 380/പി.ടി, 384/പി.ടി, എന്നിവയിൽ ഉൾപ്പെട്ട 54.54 ഏക്കർ ഭൂമി കുട്ടിയണ്ണൻ, കോണൻ, എന്നിവർക്ക് അന്യാധീപ്പെട്ടുവെന്നാണ്.

വില്ലേജ് ഓഫിസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആദിവാസികൾക്ക് ഭൂമി പുനഃസ്ഥാപിച്ച് നൽകുവാൻ കൈവശക്കാരായ എൻ.സി സൗഭാഗ്യം, എൻ.സി സ്വാമി, എൻ.ബി ചിന്നപ്പ കൗണ്ടർ എൽ.ബെല്ലാ കൌണ്ടർ, നിർമല, അർജുനൻ, മാലതി രാമൻ എന്നിവരോട് നിർദേശിച്ച് 1975 ലെ കേരള പട്ടിക വർഗ ഭൂനിയമത്തിലെ വകുപ്പ് ആറ് (മൂന്ന്) പ്രകാരം 1995ൽ ഉത്തരവിട്ടു. എന്നാൽ ഈ ഉത്തരവ് റവന്യൂ വകുപ്പ് നടപ്പാക്കിയില്ല

ഇതിനിടയിൽ 1975 ലെ കേരള പട്ടിക വർഗ ഭൂനിയമം റദ്ദ് ചെയ്ത് 1999 ലെ നിയമം പാസാക്കി. ഈ നിയമത്തിലെ വകുപ്പ് അഞ്ച് (രണ്ട്) പ്രകാരം 1960 ജനുവരി ഒന്നിനും 1986 ജനുവരി 24നും ഇടയ്ക്ക് ആദിവാസികളിൽ നിന്നും ആദിവാസികളല്ലാത്തവരിലേക്കുള്ള രണ്ട് ഹെക്ടർ വരെയുള്ള ഭൂമി കൈമാറ്റം സാധുവാണ്. തുടർന്ന് കേസ് പുന:പരിശോധന നടത്തി.

ഒറ്റപ്പാലം റവന്യൂ ഡിവിഷണൽ ഓഫീസർ ഇരു കക്ഷികളെ കേട്ടതിലും, രേഖകൾ പരിശോധിച്ചതിലും കേസിലുൾപ്പെട്ട ഭൂമി മണ്ണാർക്കാട് മൂപ്പിൽ സ്ഥാനത്ത് നിന്നും മുൻ കൈവശക്കാർ നേരിട്ട് വാക്കാൽ പാട്ടത്തിന് ഏറ്റെടുത്തതാണെന്ന വ്യക്തമായി. അങ്ങനെയാണ് കൈമാറ്റങ്ങൾ നിലവിലെ കൈവശക്കാർക്ക് സിദ്ധിച്ചിട്ടുള്ളതാണെന്ന് എതിർകക്ഷികൾ ബോധിപ്പിച്ചു. എന്നാൽ, മണ്ണാർക്കാട് മൂപ്പിൽ സ്ഥാനത്ത് നിന്നും വാക്കാൽ പാട്ടത്തിന് സിദ്ധിച്ചത് സംബന്ധിച്ച രേഖകളോ, പാട്ട രസീതോ മറ്റെന്തെങ്കിലും ആധികാരിക രേഖകളോ ഹാജരാക്കാൻ കഴിഞ്ഞില്ല.

അതിനാൽ, ടി.എൽ.എ കേസിലുൾപ്പെട്ട മുഴുവൻ ഭൂമിയും അഗളി സ്വദേശികളായ കുട്ടിയണ്ണൻ, കോണൻ എന്നിവരുടെ അവകാശികൾക്ക് പുന:സ്ഥാപിച്ച് നൽകുവാൻ ഭൂമിയുടെ കൈവശക്കാരായ കോയമ്പത്തൂർ സ്വദേശികളോട് നിർദേശിച്ച് 2011 ൽ സബ് കലക്ടർ ഉത്തരവായി. ഈ ഉത്തരവിനെതിരെ ബസവരാജ് തുടങ്ങിയവർ കലക്ടർക്ക് അപ്പീൽ നൽകി. 2016 ഏപ്രിൽ അഞ്ചിന് ഇരു കക്ഷികളെയും വിചാരണ നടത്തി. അപ്പോഴും മൂപ്പിൽ നായരിൽനിന്ന് ഭൂമി പാട്ടത്തിന് ലഭിച്ചതിന്റെ രേഖകളോ പാട്ട രസീതോ മറ്റേതെങ്കിലും ആധികാരിക രേഖയോ കോയമ്പത്തൂർ സ്വദേശികളായി അപ്പീൽ നൽകിയവർ ഹാജരാക്കിയില്ല.

അതിനാൽ കോയമ്പത്തൂർ സ്വദേശികളായ ടി.എം.ബസവരാജു, അദ്ദേഹത്തിന്റെ ഭാര്യ എൻ.സി. സൗഭാഗ്യ, മക്കളായ ബി. ശ്രീകാന്ത്, ബി. അരുണ, ബി. ശ്രീനാഥ്, എ.ആരതി( ശ്രീകാന്തിന്റെ ഭാര്യ) എന്നിവരോട് ഭൂമിയുടെ അവകാശികളായി ആദിവാസികൾക്ക് ഭൂമി കൈമാറണമെന്ന് പാലക്കാട് കലക്ടർ ഡോ.എസ്. ചിത്ര ഉത്തരവായി. ഒറ്റപ്പാലം റവന്യൂ ഡിവിഷണൽ ഓഫീസറുടെ ഉത്തരവ് ശരിവെച്ചു. ഒരു രേഖയും ഇല്ലാതെയാണ് നാലരപതിറ്റാണ്ട് 54.54 ഏക്കർ  ആദിവാസി ഭൂമി ഇവർ കൈവശം വെച്ചത്.

Tags:    
News Summary - Collector to return 54.54 acres of land to tribal families

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.