കോഴിക്കോട് : അനധികൃത മരംമുറിയിൽ റെയിഞ്ച് ഫോറസ്റ്റ് മുൻ ഓഫീസർ വി.ബി. അഖിലിനെതിരെ നടപടി. തേക്കുമരങ്ങൾ മുറിച്ച് കത്തിയ സംഭവത്തിലെ വസ്തുതകളുടെയും പി.എസ്.സിയുടെ അഭിപ്രായത്തിൻറെയും അടിസ്ഥാനത്തിലാണ് പട്ടിക്കാട് മുൻ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ വി.ബി.അഖിലിനെതിരെ നടപടി സ്വീകരിക്കാൻ വനംവകുപ്പ് ഉത്തരവിറക്കിയത്.
അഖിലിന്റെ രണ്ട് വാർഷിക വേതന വർധനവ് സഞ്ചിതഫലപ്രാബല്യത്തോടുകൂടി തടഞ്ഞു വെക്കാനാണ് ഉത്തരവ്. മരംമുറിയിൽ സർക്കാരിനുണ്ടായ നഷ്ടത്തിൽ ഇദ്ദേഹത്തിന്റെ ആനുപാതിക വിഹിതമായ 33,727 രൂപ ശമ്പളത്തിൽ നിന്നോ മറ്റ് അലവൻസുകളിൽ നിന്നോ ഈടാക്കുവാൻ തീരുമാനിച്ചു.
തൃശ്ശൂർ ഡിവിഷനിലെ പട്ടിക്കാട് റെയിഞ്ചിലെ താമര വെള്ളച്ചാൽ എൻ.ആർ.എഫ് ഭൂമിയിൽ നിന്നും അനധികൃതമായി തേക്കുമരങ്ങൾ സ്റ്റാഫുകളുടെ അറിവോടെ മുറിച്ചു മാറ്റിയെന്ന പരാതിയിന്മേണ് എറണാകുളം ഫ്ലൈയിംഗ് സ്ക്വാഡ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അന്വേഷണം നടത്തിയത്. മരംമുറിയുമായി ബന്ധപ്പെട്ട് ഒ ആർ. കേസുകളിന്മേൽ ശരിയായ രീതിയിൽ അന്വേഷണം നടത്താതെ നഷ്ടപ്പെട്ട യഥാർഥ തൊണ്ടിത്തടികൾക്കു പകരം മൂല്യം കുറഞ്ഞ പഴയ തടികൾ തൊണ്ടിയെന്ന വ്യാജേന വനം ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തതിലൂടെ കേസ് ദുർബലപ്പെടുത്തിയെന്ന് കണ്ടെത്തി.
തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തി മഹസർ തയാറാക്കിയതിലൂടെ പട്ടിക്കാട് റെയിഞ്ചാഫീസർ, മാന്ദാമംഗലം ഡെപ്യൂട്ടി റെയിഞ്ചാഫീസർ, സ്റ്റാഫുകൾ എന്നിവർ ഗുരുതരമായ അച്ചടക്ക ലംഘനവും ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ വീഴ്ചയും വരുത്തിയതായും അന്വേഷണത്തിൽ വ്യക്തമായി. കേസ് പരിശോധിക്കുമ്പോൾ ഇദ്ദേഹത്തിന്റെ കാലയളവ് ഒരു മാസമാണെങ്കിൽപോലും ഇതേ വിഷയവുമായി ബന്ധപ്പെട്ട് ഏഴ് കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ ഒരു ഓഫീസർ എന്ന നിലയിൽ 400 സെ.മി വണ്ണമുള്ള നാലു മരങ്ങൾ മുറിച്ചു കടത്തുന്നതിന് സർക്കാർ നഷ്ടം കേവലം 2,000 രൂപ ആകില്ലെന്നും കണ്ടെത്തി.
മഹസറിൽ വളരെ തുച്ഛമായ നഷ്ഠം പരാമർശിച്ചപ്പോൾ തന്നെ ഉത്തരവാദിത്വമുള്ള ഉദ്യോഗസ്ഥൻ എന്ന നിലയിൽ ഈ കേസിൻ്റെ ഗൗരവം കണക്കിലെടുത്തില്ല. മാന്ദാമംഗലം ഫോറസ്റ്റ് സ്റ്റേഷൻ ജീവനക്കാർ കണ്ടെത്തിയ തൊണ്ടികളും പ്രതികളും യഥാർഥ തൊണ്ടിതടികളാണോ എന്ന് ഉറപ്പുവരുത്തേണ്ടത് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസ്, റെയിഞ്ച് ഫോറസ്റ്റ് ഓഫീസ് എന്നിവരുടെ ഉത്തരവാദിത്തമാണ്. മഹസറിൽ തടികൾ യഥാർഥമാണോ എന്ന് പരിശോധിക്കേണ്ടവർ കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തി. തുടർന്ന് വിവിധ പരാതികളുടെ അടിസ്ഥാനത്തിൽ ഫ്ലൈയിംഗ് സ്ക്വാഡ് നേരിട്ട് അന്വേഷണം നടത്തി നിജസ്ഥിതി കണ്ടെത്തി.അന്വേഷണത്തിൽ തെളിഞ്ഞത് റെയിഞ്ച് ഫോറസ്റ്റ് ഓഫീസറുടെ ഭാഗത്തുനിന്നും വന്ന ഗുരുതര വീഴ്ചയാണ്.
സ്റ്റേഷൻ ജീവനക്കാരിൽ നിന്നും യഥാസമയം കാര്യങ്ങൾ ചോദിച്ചു മനസിലാക്കിയില്ല. മഹസർ തയാറാക്കിയ സ്റ്റാഫുമൊത്ത് തൊണ്ടിയും കൃത്യം നടന്ന സ്ഥലവും റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ പരിശോധന നടത്തിയില്ല. റേഞ്ച് ഫോറസ്റ്റ് ഓഫീസർ തസ്തികയിൽ ഇരിക്കുന്ന ഉദ്യോഗസ്ഥൻ എല്ലാ കുറ്റകൃത്യങ്ങളുടെയും പുരോഗതി വിലയിരുത്തകുയും തുടർനടപടികൾ നിർദ്ദേശിക്കുകയും ചെയ്യണം. ഇക്കാര്യങ്ങളിലെല്ലാം റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ആയിരുന്ന വി.ബി. അഖിലിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് ഉത്തരവിൽ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.