രേഖകളില്ലാതെ വാക്കാൽ കൈമാറിയ ആദിവാസി ഭൂമി തിരിച്ചു നൽകണമെന്ന് കലക്ടർ

കോഴിക്കോട് : രേഖകളില്ലാതെ വാക്കാൽ കൈമാറിയ ആദിവാസി ഭൂമി തിരിച്ചു നൽകണമെന്ന് പാലക്കാട് കലക്ടർ ഡോ. എസ്. ചിത്ര. ആദിവാസി വിഭാഗത്തിൽപ്പെട്ട ഊത്തുകഴിയിൽ വെള്ളിയുടെ ഭൂമി അന്യാധിനപ്പെട്ട് ടി.എൽ.എ ( 96/87) കേസിലാണ് കലക്ടറുടെ ഉത്തരവ്. ഷോളയൂർ വില്ലേജിലെ സർവേ നമ്പർ 944 ൽ പ്പെട്ട 3.200 ഹെക്ടർ ഭൂമിയാണ് അന്യാധീനപ്പെട്ടത്.

ആധാരം 3736/1969 പ്രകാരം വെങ്കിടസ്വാമിക്ക് സുബ്രഹ്മണ്യം എന്നയാളിൽനിന്ന് ലഭിച്ച രണ്ട് ഏക്കർ ഭൂമി ആദിവാസിയായ രേശനിൽ നിന്നും രേഖമൂലമല്ല കൈമാറിയതെന്ന് പരിശോധനയിൽ വ്യക്തമായി. ഇത് അംഗീകൃത കൈമാറ്റമായി കണക്കാക്കാനാവില്ല. അതിനാൽ രേശൻ്റെ അവകാശികൾക്ക് ഭൂമി പുനഃസ്ഥാപിച്ച് നൽകുവാൻ നിർദ്ദേശിച്ച ഒറ്റപ്പാലം ആർ.ഡി.ഒയുടെ 2020 നവംമ്പർ അഞ്ചിലെ ഉത്തരവ് ശരി വെച്ചു. അതേസമയം ആധാര 3737/1969 പ്രകാരം രേശനിൽ നിന്നും രേഖാപരമായി രണ്ട് എക്കർ ഭൂമി വാങ്ങിയത്  ഉത്തരവിൽ സാധൂകരിച്ചു. 

ആദിവാസി വിഭാഗത്തിൽപ്പെട്ട ഊത്തുകഴിയിൽ വെള്ളിയുടെ കൈവശമുണ്ടായിരുന്ന ഷോളയൂർ വില്ലേജിലെ സർവേ നമ്പർ 944 ൽ പ്പെട്ട 3.200 ഹെക്ടർ ഭൂമിയാണ് അന്യാധീനപ്പെട്ടത്. ഇത് പുനഃസ്ഥാപിച്ച് നൽകണമെന്ന് ആവശ്യപ്പെട്ട് ഒറ്റപ്പാലം റവന്യൂ ഡിവിഷണൽ ഓഫീസർക്ക് അപേക്ഷ നൽകി. 1975 ലെ നിയമ പ്രകാരം ഈ ഭൂമി തിരിച്ചു നൽകണമെന്ന് വെങ്കിട സ്വാമി നായിഡുവിനോട് നിർദേശിച്ച് ഒറ്റപ്പാലം ആർ.ഡി.ഒ 1987ൽ ഉത്തരവിട്ടിരുന്നു. എന്നാൽ ഈ ഉത്തരവ് നടപ്പിലായില്ല.

ഇതിനിടയിൽ 1975 ലെ ഭൂനിയമം റദ്ദ് ചെയ്ത് 1999 പുതിയ നിയമം നിലവിൽ വന്നു. ടി.എൽ.എ കേസ് പുനപരിശോധിച്ചു. ഒറ്റപ്പാലം റവന്യൂ ഡിവിഷണൽ ഓഫീസർ ഇരുകക്ഷികളെയും വിചാരണക്ക് വിളിച്ചു. അതിൽ ആദിവാസികളല്ലാത്തവർ ഹാജരായില്ല. രേഖകൾ പരിശോധിച്ചതിലും വില്ലേജ് ഓഫീസറുടെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലും പരാതിക്കാരൻറെ മുഴുവൻ ഭൂമിയും പൂന.സ്ഥാപിച്ച് നൽകാൻ 2011 ജൂൺ 20ന് ഉത്തരവായി. ഈ ഉത്തരവിനെതിരെ വെങ്കടസ്വാമി നായിഡുവിൻറെ അനന്തരാ വകാശിയായ മകൻ സാലി വാഹനൻ, കലക്ടർക്ക് അപ്പീൽ അപേക്ഷ സമർപ്പിച്ചു.

തുടർന്ന് കേസ് വീണ്ടും പരിഗണിച്ചു. സാലിവാഹനൻ ഹാജരാക്കിയ 3737/1969 നമ്പർ ആധാര പ്രകാരം പട്ടിക വർഗ വിഭാഗത്തിൽ ഉൾപ്പെട്ട രേശനിൽ നിന്നും രേഖാമൂലം കൈമാറിയിട്ടുള്ള രണ്ട് ഏക്കർ ഭൂമി 1999 ലെ നിയമത്തിലെ വകുപ്പ് 5(ഒന്ന് ) പ്രകാരം തീറ് വാങ്ങിയത് സാധുവാണ്. ഈ ഭൂമി കൈവശം വെക്കുവാൻ അനുമതി നൽകി. എന്നാൽ 3736/1969 നനമ്പർ ആധാര പ്രകാരം വെങ്കിടസ്വാമി നായിഡുവിന് കൈമാറി കിട്ടിയ രണ്ട് ഏക്കർ ഭൂമി വാക്കാൽ ആണ് വേലായുധൻ എന്നയാൾ രേശനിൽ നിന്നും കൈവശപ്പെടുത്തിയതാണ്. അതിനാൽ ഈ കൈമാറ്റം അംഗീകൃത കൈമാറ്റമായി കണക്കാക്കാനാവില്ല. മരണപ്പെട്ട രേശന്റെ അവകാശികൾക്ക് ഈ ഭൂമി പുനഃസ്ഥാപിച്ച് നൽകുവാൻ ഒറ്റപ്പാലം സബ് കലക്ടർ 2020 മെയ് 11ന് ഉത്തരവായിരുന്നു.

ഈ ഉത്തരവിനെതിരെയാണ് വി.സാലിവാഹനൻ അപ്പീൽ അപേക്ഷ സമർപ്പിച്ചത്. ഇരുകക്ഷികൾക്കും നോട്ടീസ് നൽകി നേരിൽ കേട്ടു. സാലി വാഹനനും, അഡ്വക്കേറ്റും ഹാജരായി. കക്ഷികളെ നേരിൽ കേട്ടതിലും ഒറ്റപ്പാലം സബ് കലക്ടറുടെ കാര്യാലയത്തിലെ ഫയൽ പരിശോധിച്ചതിലും 3737/1969 നമ്പർ ആധാരപ്രകാരം പട്ടിക വർഗ വിഭാഗത്തിൽ ഉൾപ്പട്ട രേശനിൽ നിന്നും രണ്ട് ഏക്കർ രേഖ മൂലം വാങ്ങിയതാണ്. എന്നാൽ 3736/1969 നമ്പർ ആധാരം പരിശോധിച്ചതിൽ വെങ്കിട സ്വാമിക്ക് രണ്ട് ഏക്കർ ഭൂമി തീര് നൽകിയ ആർ. സുബ്രമണ്യത്തിന് ഭൂമി ലഭിച്ചത് വേലായുധനിൽ നിന്നാണ്. ഈ വേലായുധൻ രേശനിൽ നിന്നും വാക്കാൽ തീര് വാങ്ങി ഭൂമി കൈവശം വെച്ചതാണെന്ന് പരിശോധനയിൽ വ്യക്തമായി.

ആദിവാസി ഭൂമി രേഖാപരമായി കൈമാറ്റം ചെയ്തിട്ടില്ല. അതിനാൽ രണ്ട് ഏക്കർ ആദിവാസിയായ രേശന് അവകാശപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ട് സാലിവാഹനന്റെ അപ്പീൽ കലക്ടർ തള്ളി. ഒറ്റപ്പാലം റവന്യൂ ഡിവിഷണൽ ഓഫീസറുടെ 2020ലെ ഉത്തരവ് പുനഃപരിശോധിക്കുന്നതിനായി പുതിയതായുള്ള വസ്തുതകളോ രേഖകളോ ഒന്നും തന്നെ അപ്പിൽ വാദിയായ സാലിവാഹനൻ ഹാജരാക്കിയില്ലെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടി.

Tags:    
News Summary - Collector to return tribal land transferred orally without documents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.