തിരുവനന്തപുരം: ലൈഫ് പദ്ധതി ക്രമക്കേടുമായി ബന്ധപ്പെട്ട് സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ചോദ്യം ചെയ്യാനൊരുങ്ങി വിജിലന്‍സ്. ലൈഫ് പദ്ധതിയുെട നിർമാണകരാർ ലഭിക്കാൻ കമീഷനായി സ്വപ്നക്ക് 4.48 കോടിയും അഞ്ച് ഐ ഫോണുകളും നൽകിയെന്ന യൂനിടാക് ഉടമ സന്തോഷ് ഈപ്പെൻറ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ.
അട്ടക്കുളങ്ങര വനിതാ ജയിലില്‍ കഴിയുന്ന സ്വപ്നയെ വിജിലന്‍സ് പ്രത്യേകസംഘം തിങ്കളാഴ്ച ചോദ്യം ചെയ്യാനാണ് നീക്കം. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന സന്ദീപ് നായരെയും ചോദ്യം ചെയ്യും. നേരത്തേ കേസിലെ മറ്റൊരു പ്രതി സരിത്തിെൻറ മൊഴി വിയ്യൂര്‍ ജയിലിലെത്തി ശേഖരിച്ചിരുന്നു. അഞ്ച് ഐ ഫോണുകളിൽ ഒരെണ്ണം എം. ശിവശങ്കറിനാണ് നല്‍കിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
മുഖ്യമന്ത്രിയുടെ ഓഫിസിൽ ലൈഫ് മിഷൻ പദ്ധതികളുടെ മേൽനോട്ടച്ചുമതല ശിവശങ്കറിനായിരുന്നു. 99,900 രൂപയുടെ ഫോണാണ് ശിവശങ്കറിന് സമ്മാനിച്ചത്. മറ്റ് നാല് ഫോണുകള്‍ സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അടക്കം നല്‍കിയതായി കണ്ടെത്തിയിരുന്നു.
എന്നാൽ, കോടതിയിൽ സമർപ്പിച്ച ഇൻവോയിസിൽ ആറ് ഫോണുകളുടെ ഐ.എം.ഇ.ഐ നമ്പറുണ്ടെന്ന് വിജിലൻസിന് വ്യക്തമായിട്ടുണ്ട്. 1,13,000 രൂപയുടെ ഫോൺ ഉപയോഗിക്കുന്നത് ആരെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. സ്വപ്നയുടെ നിർദേശപ്രകാരം ഒരു ഐ ഫോൺ പ്രതിപക്ഷനേതാവിന് നൽകിയെന്ന സന്തോഷ് ഈപ്പെൻറ മൊഴി വിവാദമായിരുന്നു. ആരോപണം പ്രതിപക്ഷനേതാവ് നിഷേധിച്ചു.
വിവാദങ്ങളെതുടർന്ന് ഫോൺ നശിപ്പിച്ചിരിക്കാമെന്ന സംശയം വിജിലൻസിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.