ആലപ്പുഴ: ആലപ്പുഴയിലെ സി.പി.എം വിഭാഗീയത പരിശോധിക്കാൻ കമീഷനെ നിയോഗിക്കും. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ എന്നിവരുടെ സാന്നിധ്യത്തിൽ ശനിയാഴ്ച ചേർന്ന ജില്ല കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
സമ്മേളനവുമായി ബന്ധപ്പെട്ട് നാല് ഏരിയ കമ്മിറ്റികളിൽ വിഭാഗീയത രൂക്ഷമാണെന്നായിരുന്നു വിലയിരുത്തൽ. ഇത് ജില്ല-സംസ്ഥാന സമ്മേളനങ്ങളിൽ വിശദമായി ചർച്ച ചെയ്തിരുന്നു. വിഷയത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണ കമീഷനെ നിയോഗിച്ച് ആവർത്തിക്കാതിരിക്കാൻ ആവശ്യമായ നടപടി സംസ്ഥാന കമ്മിറ്റി തീരുമാനിക്കും. ജില്ല സമ്മേളനവുമായി ബന്ധപ്പെട്ട് ആലപ്പുഴ നോർത്ത്, സൗത്ത്, തകഴി, ഹരിപ്പാട് ഏരിയകളിലാണ് വിഭാഗീതയും കടുത്ത മത്സരവും നടന്നത്. ഇതിനു പിന്നാലെ പരാതികൾ സംസ്ഥാന കമ്മിറ്റിക്ക് മുന്നിലും എത്തിയിരുന്നു. തുടർന്ന് ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളുടെ തെരഞ്ഞെടുപ്പ് പിന്നീട് മതിയെന്ന് തീരുമാനിക്കുകയായിരുന്നു.
സമൂഹമാധ്യമങ്ങളിലൂടെ പാർട്ടിയെയും കായംകുളത്തെ പ്രാദേശിക നേതാക്കളെയും വിമർശിച്ച യു. പ്രതിഭ എം.എൽ.എക്കെതിരെ നടപടിയുണ്ടാവില്ല. തെറ്റുപറ്റിയെന്ന് വീണ്ടും ഏറ്റുപറഞ്ഞ സാഹചര്യത്തിലാണ് നടപടിയിൽനിന്ന് ഒഴിവാക്കിയത്. എന്നാൽ, പാർട്ടി എന്താണെന്ന് എം.എൽ.എയെ പഠിപ്പിക്കണമെന്ന വിമർശനം യോഗത്തിൽ ഉയർന്നു. തകഴി ഏരിയ കമ്മിറ്റി അംഗമായ പ്രതിഭയെ കായംകുളത്തേക്ക് മാറ്റാനും തീരുമാനിച്ചു.
പ്രായപരിധി ബാധകമായതോടെ പാർട്ടി സംസ്ഥാന കമ്മിറ്റിയിൽനിന്ന് ഒഴിവാക്കിയ മുൻമന്ത്രി ജി. സുധാകരൻ ജില്ല കമ്മിറ്റിയിൽ സ്ഥിരം ക്ഷണിതാവാകും. ആലപ്പുഴ ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കണമെന്ന സുധാകരന്‍റെ ആവശ്യം പരിഗണിച്ച് ജില്ല കമ്മിറ്റി ഓഫിസ് ബ്രാഞ്ചാണ് പ്രവർത്തനഘടകം. സുശീല ഗോപാലൻ പഠന ഗവഷേണ കേന്ദ്രത്തിന്‍റെ ചുമതലയും നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.