തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുആവശ്യത്തിനായി ഭൂമി ഏറ്റെടുത്താൽ ഇനി ന്യായമായ നഷ്ടപരിഹാരം ലഭിക്കും. 2013ലെ ‘ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതക്കും പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള അവകാശ നിയമ’പ്രകാരമാണ് അഡീഷനൽ ചീഫ് സെക്രട്ടറി(റവന്യൂ) പി.എച്ച്. കുര്യെൻറ ഉത്തരവ്. സംസ്ഥാനത്ത് പൊതുആവശ്യത്തിനുള്ള ഭൂമി ഏറ്റെടുക്കൽ സുഗമമാക്കുന്നതിനാണ് പുതിയ ഉത്തരവ്.
ഇക്കഴിഞ്ഞ മേയ് 29ന് അഡീഷനൽ ചീഫ് സെക്രട്ടറി (റവന്യൂ), ധന, നിയമ, പി.ഡബ്ല്യു.ഡി, ട്രാൻസ്പോർട്ട് സെക്രട്ടറിമാർ, ലാൻഡ് റവന്യൂ കമീഷണർ, തിരുവനന്തപുരം കലക്ടർ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിലാണ് ഇക്കാര്യം ചർച്ച ചെയ്തത്. ഭൂമിയുമായി ബന്ധപ്പെട്ട് സംസ്ഥാനം നിരവധി പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ടെന്ന് കമ്മിറ്റി വിലയിരുത്തി. ഭൂമി ഏറ്റെടുക്കൽ ഓഫിസർമാർ ശക്തമായ പ്രതിരോധം നേരിടുന്നുണ്ട്. മുൻ വർഷങ്ങളിലെ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ച കമ്മിറ്റി തുടർന്നാണ് ഭൂമി ഏറ്റെടുക്കുന്നതിന് ഉത്തരവ് ഇറക്കിയത്. 1956ലെ ദേശീയപാത നിയമം, കൂടാതെ നേരിട്ടുള്ള ചർച്ചയിലൂടെ ഭൂമി വാങ്ങൽ തുടങ്ങിയവക്കും ഉത്തരവ് ബാധകമായിരിക്കും. നിലവിൽ നഷ്ടപരിഹാരം പ്രഖ്യാപിച്ചവ ഒഴികെയുള്ള ഭൂമി ഏറ്റെടുക്കലുകൾക്കും ഉത്തരവ് ബാധകമാവും.
ഉത്തരവിലെ പ്രധാന നിർദേശങ്ങൾ - ഗ്രാമീണ മേഖലയിൽ ഒരു വീട് നഷ്ടപ്പെടുകയാണെങ്കിൽ ഇന്ദിര ആവാസ് യോജന വഴി വീട് നൽകും. വീട് നഷ്ടപ്പെടുന്നവർക്ക് നഗരപ്രദേശങ്ങളിൽ 50 സ്ക്വയർ മീറ്ററിൽ കുറയാത്ത വീട് നിർമ്മിച്ച് നൽകും.
- ജലസേചനപദ്ധതികൾക്ക് ഭൂമി ഏറ്റെടുക്കുേമ്പാൾ കൃഷിഭൂമി നഷ്ടപ്പെടുന്നവർക്ക് പകരം ചുരുങ്ങിയത് ഒരു ഏക്കർ ഭൂമി നൽകും. പട്ടികജാതി-വർഗ വിഭാഗങ്ങളിൽനിന്നാണ് ഭൂമി ഏറ്റെടുക്കുന്നതെങ്കിൽ ഏറ്റെടുക്കുന്ന സ്ഥലത്തിന് തുല്യമോ അല്ലെങ്കിൽ ഒന്നര ഏക്കറോ നൽകും. ഏതാണോ കുറവ് എന്ന് നോക്കിയാവും ഭൂമി നൽകുക.
- നഗരവത്കരണത്തിന് ഭൂമി ഏറ്റെടുക്കുമ്പോൾ വികസിപ്പിച്ച സ്ഥലത്തിെൻറ 20 ശതമാനം കുടിയിറപ്പെടുന്ന കുടുംബത്തിെൻറ പുനരധിവാസത്തിനായി നീക്കിവെക്കണം. ഇതിനു തുല്യമായ തുക ഭൂമി ഏറ്റെടുക്കൽ നഷ്ടപരിഹാര പാക്കേജിൽനിന്ന് കുറക്കണം.
- ജീവിത സുരക്ഷ ഉറപ്പാക്കാൻ കുടുംബത്തിലെ ഒരംഗത്തിന് അനുയോജ്യമായ പരിശീലനം നൽകി തൊഴിലവസരം സൃഷ്ടിക്കും.
- ഏറ്റെടുക്കുന്ന ഭൂമിയിൽനിന്ന് കുടിയൊഴിപ്പിക്കപ്പെട്ട ഓരോ കുടുംബത്തിനും മാസം തോറുമുള്ള ഉപജീവനത്തിന് ആവശ്യമായത് നൽകണം. ഒരു വർഷം വരെ പ്രതിമാസം 5000 രൂപക്ക് തുല്യമായ അലവൻസ് നൽകണം.
- കുടുംബത്തിന് കന്നുകാലികളെ വാങ്ങുന്നതിനോ ചെറുകിട കച്ചവടത്തിന് കടകൾ തുടങ്ങുന്നതിനോ 25,000 മുതൽ 50,000വരെ നൽകും.
- ജലസേചന, വൈദ്യുത പദ്ധതികൾക്ക് ഏറ്റെടുക്കുന്ന സ്ഥലങ്ങളിൽ മത്സ്യം പിടിക്കാനുള്ള അവകാശം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.