കൊച്ചി: പരാതി നൽകാനെത്തിയ പട്ടികജാതിക്കാരനെ മർദിക്കുകയും വിലങ്ങണിയിച്ച് സ്റ്റേഷനിൽ തടഞ്ഞുവെക്കുകയും ചെയ്തെന്ന പരാതിയിൽ ഇതുവരെ സ്വീകരിച്ച നടപടി അറിയിക്കണമെന്ന് ഹൈകോടതി. കൊല്ലം തെന്മല പൊലീസ് സ്റ്റേഷനിൽ ഉറുകുന്ന് സ്വദേശി രാജീവിന് മർദനമേറ്റ സംഭവത്തിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ എ.ഡി.ജി.പിയോട് റിപ്പോർട്ട് തേടിയത്. തുടർന്ന് ഹരജി നവംബർ 26ന് വീണ്ടും പരിഗണിക്കാൻ മാറ്റി.
ഒരുബന്ധു ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞത് സംബന്ധിച്ച പരാതി നൽകാൻ ഫെബ്രുവരി മൂന്നിന് സ്റ്റേഷനിലെത്തിയപ്പോഴാണ് രാജീവിന് മർദനമേറ്റത്. രസീത് ചോദിച്ചപ്പോൾ സി.ഐ വിശ്വംഭരൻ വിലങ്ങിട്ട് പൂട്ടി മർദിച്ചെന്നാണ് ആരോപണം. പിന്നീട് വിട്ടയച്ചെങ്കിലും പൊലീസ് ഉദ്യോഗസ്ഥെൻറ ഡ്യൂട്ടി തടസ്സപ്പെടുത്തിയെന്ന കുറ്റം ചുമത്തി തൊട്ടടുത്ത ദിവസം എസ്.ഐ ശാലുവിെൻറ നേതൃത്വത്തിെല സംഘം അറസ്റ്റ് ചെയ്തു.
സംഭവത്തെത്തുടർന്ന് ഡി.ജി.പിക്ക് നൽകിയ പരാതിയിൽ ഡിവൈ.എസ്.പി അന്വേഷണം നടത്തി സി.ഐക്കും എസ്.ഐക്കുമെതിരെ റിപ്പോർട്ട് നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് ഹരജിയിൽ പറഞ്ഞിട്ടുണ്ട്. തുടർന്ന് ഹൈകോടതിയുടെ ഉത്തരവനുസരിച്ച് ഡി.ജി.പിക്ക് വേണ്ടി എ.ഡി.ജി.പി വിജയ് സാഖറെ നൽകിയ റിപ്പോർട്ടിൽ സി.ഐ വിശ്വംഭരനെ സസ്പെൻഡ് ചെയ്തെന്നും എസ്.ഐ ശാലുവിനെ താക്കീത് ചെയ്തെന്നും അറിയിച്ചു.
ഹരജിക്കാരൻ നേരിട്ട ഭയാനക സാഹചര്യം വെളിവാക്കുന്നതാണ് പരാതിയെന്നും വൈകാതെ അന്വേഷണം പൂർത്തിയാക്കേണ്ടതുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. തുടർന്നാണ് ഇതുവരെ സ്വീകരിച്ച നടപടി അറിയിക്കാൻ കോടതി നിർദേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.