കോഴിക്കോട്: നവകേരള സദസ്സിൽ മന്ത്രി അഹമ്മദ് ദേവർകോവിലിനെതിരെ ലഭിച്ച പരാതി വ്യക്തിപരമല്ലെന്നും അത് ഒരു കമ്പനിയുമായി ബന്ധപ്പെട്ടതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്. പരാതി ശ്രദ്ധയിൽപെട്ടിട്ടില്ല. പത്രത്തിലൂടെയാണ് അറിഞ്ഞത്. കോടതിയുടെ മുന്നിലുള്ള വിഷയമായതിനാൽ അതിലൊന്നും പറയാനില്ലെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ ചോദ്യത്തിന് മറുപടി പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ വിമർശനം സംബന്ധിച്ച ചോദ്യത്തിന് ‘അയാളിങ്ങനെ പറഞ്ഞാൽ ഞാനെന്ത് ചെയ്യാനാണ്’ എന്നായിരുന്നു മറുചോദ്യം. വി.ഡി. സതീശൻ പറവൂർ എം.എൽ.എയാണ്. പറവൂർ നഗരസഭ നവകേരള സദസ്സിന് പണം നൽകരുതെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. അതിനാലാണ് സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയത്. വകുപ്പ് മന്ത്രിയല്ല പ്രതിപക്ഷ നേതാവാണ് നഗരസഭ സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയത്.
ഫലസ്തീൻ റാലി നടത്തിയതിനാണ് കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്തിനെതിരെ നടപടി സ്വീകരിച്ചത് എന്നതാണ് പ്രധാനം. ഇന്ത്യയുടെ ഫലസ്തീൻ അനുകൂല നിലപാടിൽ മാറ്റംവരുത്തിയത് സരസിംഹ റാവു സർക്കാറാണെന്ന് അദ്ദേഹം പറഞ്ഞു. ആശുപത്രികളിലെ ചികിത്സാ പിഴവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിശോധിക്കേണ്ടതാണ്. എന്നാൽ, ചില സംഭവങ്ങളിൽ പെട്ടെന്നുള്ള വികാരപ്രകടനങ്ങൾ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.
രാമജന്മഭൂമി പ്രക്ഷോഭം പാഠ്യപദ്ധതിയിലുൾപ്പെടുത്തുന്നത് സമൂഹത്തിനെ ഭിന്നിപ്പിക്കാനേ ഉപകരിക്കൂ. ജസ്റ്റിസ് ഫാത്തിമ ബീവിക്ക് അന്തിമോപചാരമർപ്പിക്കാൻ മന്ത്രിമാർ പോകാതിരുന്നത് എല്ലാവരും നവകേരള സദസ്സിലായതിനാലാണ്. അവരോട് യാതൊരുതരത്തിലുമുള്ള അനാദരവില്ലെന്നും മുഖ്യമന്ത്രി ചോദ്യങ്ങൾക്ക് മറുപടി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.