സംവിധായകനും തിരക്കഥാകൃത്തുമായ ജിയോ ബേബിയെ അപമാനിച്ചെന്ന പരാതിയിൽ ഫാറൂഖ് കോളജിന്റെ നടപടിയെ അപലപിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. കാലികപ്രസക്തവും സാമൂഹിക പ്രതിബദ്ധത ഉയർത്തിപ്പിടിക്കുന്നതുമായ മികച്ച സിനിമകളാൽ ശ്രദ്ധേയമായ സാന്നിധ്യമാണ് ജിയോ ബേബിയുടേതെന്നും കോളജ് യൂനിയൻ ഇടപെട്ട് അദ്ദേഹത്തിന്റെ പരിപാടി കാൻസൽ ചെയ്യിച്ചു എന്നാണ് മനസ്സിലാക്കുന്നതെന്നും അവർ ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി. ജിയോ ബേബിയുടെ പരാതിയിൽ അന്വേഷിച്ച് നടപടി സ്വീകരിക്കും. അദ്ദേഹത്തിനുണ്ടായ മാനസിക വിഷമത്തിലും അപമാനത്തിലും ഉന്നതവിദ്യാഭ്യാസ/സാമൂഹികനീതി വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി എന്ന നിലയിൽ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നെന്നും മന്ത്രി കുറിച്ചു.
ജിയോ ബേബിയുടെ പരാതിയിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കോളജ് വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.
സംവിധായകനും തിരക്കഥാകൃത്തുമായ ജിയോ ബേബിയെ അപമാനിച്ച ഫാറൂഖ് കോളജിന്റെ നടപടിയെ അപലപിക്കുന്നു. കാലികപ്രസക്തവും സാമൂഹ്യ പ്രതിബദ്ധത ഉയർത്തിപ്പിടിക്കുന്നതുമായ മികച്ച സിനിമകളാൽ ശ്രദ്ധേയമായ സാന്നിധ്യമാണ് ശ്രീ ജിയോ ബേബിയുടെത്. ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ‘ എന്ന സിനിമയിലൂടെ ഇന്ത്യൻ സ്ത്രീകളുടെ ദുരവസ്ഥ കൃത്യമായും വ്യക്തമായും പറയുകയും മാറ്റത്തിലേക്ക് വിരൽ ചൂണ്ടുകയും ചെയ്തു. ഇപ്പോൾ ‘കാതൽ’ എന്ന സിനിമ ഈ സമൂഹത്തിൽ ഒരു വിഭാഗം മനുഷ്യർ- സ്വവർഗ ലൈംഗികആഭിമുഖ്യമുള്ളവർ അനുഭവിക്കുന്ന ആന്തരിക സംഘർഷങ്ങളും സമ്മർദങ്ങളും സമൂഹശ്രദ്ധയിൽ കൊണ്ടുവരുന്നു. അവരും മനുഷ്യർ ആണെന്ന് തിരിച്ചറിഞ്ഞ് അനുഭാവപൂർണം പെരുമാറേണ്ടുന്നതിനെ കുറിച്ച് ഓർമിപ്പിക്കുന്നു.
സിനിമയുടെ സൂക്ഷ്മ രാഷ്ട്രീയത്തെ കുറിച്ച് സംസാരിക്കാനായാണ് കോളജ് ഫിലിം ക്ലബ് അദ്ദേഹത്തെ ക്ഷണിച്ചത്. അതിനുള്ള അദ്ദേഹത്തിന്റെ യോഗ്യത തന്റെ സിനിമകളിലൂടെ അദ്ദേഹം തെളിയിച്ചിട്ടുണ്ട്. പക്ഷേ, പിന്നീട് കോളജ് യൂനിയൻ ഇടപെട്ട് പരിപാടി കാൻസൽ ചെയ്യിച്ചു എന്നാണ് മനസ്സിലാക്കുന്നത്. ജിയോ ബേബി ഇതു സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്. അത് സംബന്ധിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കും.
ശ്രീ ജിയോ ബേബിക്കുണ്ടായ മാനസികവിഷമത്തിലും അപമാനത്തിലും ഉന്നതവിദ്യാഭ്യാസ/സാമൂഹ്യനീതി വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി എന്ന നിലക്ക് അദ്ദേഹത്തോട് ഐക്യം പ്രഖ്യാപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.