കോഴിക്കോട് : അട്ടപ്പാടിയിൽ പുഴയോരത്തെ സർക്കാർ ഭൂമിയിലെ വൻ വീട്ടിമരങ്ങൾ മുറിച്ചുവെന്ന് പരാതി. അഗളി ഫോറസ്റ്റ് റേഞ്ചിൽപ്പെട്ട വെങ്കടവ് എന്ന സ്ഥലത്താണ് മരം മുറിച്ചിട്ടിരിക്കുന്നത്. അതിന്റെ ചിത്രവുമായി എടത്തനാട്ടുകാര സ്വദേശി കെ.കെ തോമസാണ് മണ്ണാർക്കാട് ഡി.എഫ്.ഒക്ക് പരാതി നൽകിയത്.
ഷോളയൂർ വില്ലേജിൽ സർവേ നമ്പർ 896 ൽ ഉൾപ്പെട്ട അദ്ദേഹത്തിന്റെ പിതാവ് കുര്യാക്കോസിനും ജേഷ്ടൻ കെ.ടി വർക്കിക്കും ഇവിടെ 7.2913 ഹെക്ടർ സ്ഥലമുണ്ടെന്നാണ് തോമസ് മാധ്യമം ഓൺ ലൈനോട് പറഞ്ഞത്. തോമസ് സ്വന്തം ഭൂമിയിൽ എത്തിയപ്പോൾ 60 അടി ഉയരമുള്ള വീട്ടി മരങ്ങൾ ഉൾപ്പെടെ മുറിച്ചിട്ടിരിക്കുന്നു. നിയമ വിരുദ്ധമായ മരംമുറിക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് അദ്ദേഹം മണ്ണാർക്കാട് ഡി.എഫ്.ഒക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടത്.
അതേസമയം, വനം- റവന്യൂ വകുപ്പുകളുടെ അനുമതിയോടെയാണ് മരം മുറി തുടങ്ങിയതെന്ന് മരക്കച്ചവടക്കാരനായ ഷിന്റോയുടെ മാധ്യമം ഓൺ ലൈനോട് പറഞ്ഞു. നിലിവിൽ ഇവിടെ രണ്ടര ഏക്കർ ഭൂമി കൊല്ലങ്കോട് സ്വദേശിയുടെതാണ്. 2023 ലാണ് നിലവിലെ ഉടമസ്ഥൻ ഈ ഭൂമി വാങ്ങിയത്. ഈ രണ്ടര ഏക്കർ ഭൂമിയിലെയും മരങ്ങൾ മുറിക്കുന്നതിനുള്ള അനുമതി ലഭിച്ചു. അട്ടപ്പാടിയിലെ നിയന്ത്രിണമുള്ള മേഖലയിൽ ആർക്കും വനംവകുപ്പിന്റെ അനുമതിയില്ലാതെ മരം മുറിക്കനാവില്ല. ഇവിടെ ഭൂമിയിൽ അവകാശമില്ലാത്തവരാണ് ആരോപണം ഉന്നയിക്കുന്നതെന്നും ഷിന്റോ പറഞ്ഞു.
വനം-റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടുകൂടിയാണ് മരം മുറി നടന്നതെന്ന് ചീഫ് സെക്രട്ടറിക്ക് നൽകിയ പരാതിയിൽ അട്ടപ്പാടി സുകുമാരൻ ചൂണ്ടിക്കാണിച്ചു. അട്ടപ്പാടി പോലുള്ള സംരക്ഷണ മേഖലകളിൽ നിന്ന് ഇത്തരത്തിൽ വീട്ടി പോലുള്ള വൻ മരങ്ങൾ മുറിച്ചുകടത്തുന്നത് പാരിസ്ഥിതികമായി വലിയ ആഘാതമുണ്ടാകുകമെന്നും അദ്ദേഹം പറയുന്നു. ഇക്കാര്യത്തിൽ വനം- റവന്യൂ വകുപ്പുകൾ പരിശോധിക്കണം.
മരംമുറിച്ച ഭൂമിയുടെ രേഖകൾ റവന്യൂ അധികാരികൾ പരിശോധിക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടത്. അട്ടപ്പാടിയിൽ ആദിവാസികളുടെ പട്ടയങ്ങളുടെ നമ്പറുകളുപയോഗിച്ച് വ്യാജ പട്ടയങ്ങളുണ്ടാക്കി ഭൂമികൾ ആധാരം നടത്തുന്ന സംഘം പ്രവർത്തിക്കുണ്ട്. മരം മുറിച്ച ഭൂമി ഇത്തരത്തിൽ വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തതാണോയെന്ന് പരിശോധിക്കണമെന്നും ചീഫ് സെക്രട്ടറിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.