കൊച്ചി: അധ്യാപകരുടെ പ്രവൃത്തിദോഷം ചൂണ്ടിക്കാട്ടി ലഭിക്കുന്ന പരാതികളിൽ കേസെടുക്കും മുമ്പ് പ്രാഥമികാന്വേഷണം നടത്തണമെന്ന് ഹൈകോടതി. പരാതിയുടെ പേരിൽ ഉടൻ കേസെടുക്കരുത്. ഇതിൽ കഴമ്പുണ്ടോയെന്നാണ് ആദ്യം അറിയേണ്ടത്. വിദ്യാലയങ്ങളിൽ അച്ചടക്കം ഉറപ്പുവരുത്താൻ അധ്യാപകർ ചെറിയ ചൂരൽ കൈയിൽ കരുതട്ടെയെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.
ആറാം ക്ലാസുകാരനെ ചൂരൽകൊണ്ട് അടിച്ചെന്ന പരാതിയിൽ വിഴിഞ്ഞം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അധ്യാപകന് മുൻകൂർ ജാമ്യം അനുവദിച്ച ഉത്തരവിലാണ് കോടതി നിരീക്ഷണം.
ഭാവിതലമുറയെ വാർത്തെടുക്കുന്നവരാണ് അധ്യാപകർ. കുട്ടികളുടെ മനസ്സും ഹൃദയവുമൊക്കെ രൂപപ്പെടുത്തുന്ന അവർ യഥാർഥത്തിൽ പുതുതലമുറയുടെ ശിൽപികളാണ്. അവർ കാണാൻ പഠിപ്പിച്ച സ്വപ്നങ്ങളാണ് പിന്നീട് ലോകത്തെ രൂപപ്പെടുത്തുന്നത്.
കുട്ടികളുടെ നല്ല ഭാവിക്കായി ചെറുശിക്ഷ നൽകിയാൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുമെന്ന ഭയത്തോടെയല്ല അധ്യാപകർ ജോലി ചെയ്യേണ്ടത്. ഡെമോക്ലീസിന്റെ വാളുപോലെ അത്തരമൊരു ഭീതി അധ്യാപകരുടെമേൽ ഉണ്ടാകരുത്. ഇക്കാര്യത്തിൽ അധ്യാപകർക്ക് സ്വാതന്ത്ര്യം വേണം. അതിന് സഹായകമായ അന്തരീക്ഷം സ്കൂളിലും സൃഷ്ടിക്കണം. അധ്യാപകർ ചൂരൽ പ്രയോഗിക്കാതെ വെറുതെ കൈയിൽ കരുതുന്നതുപോലും കുട്ടികളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും.
യുവതലമുറയുടെ പെരുമാറ്റം ആശങ്കയുണ്ടാക്കുന്നതാണ്. ചിലരെങ്കിലും മദ്യത്തിനും മയക്കുമരുന്നിനും അടിമകളാണ്. പണ്ട് സ്കൂളുകളിൽ അച്ചടക്കമുണ്ടാകാൻ അധ്യാപകരുടെ നിഴൽ മതിയായിരുന്നു.
ഇന്ന് അധ്യാപകരെ ഭീഷണിപ്പെടുത്തിയതിന്റെയും തടഞ്ഞുവെച്ചതിന്റെയും മർദിച്ചതിന്റെയും വാർത്തകളാണ് കേൾക്കുന്നത്. ഈ രീതി പ്രോത്സാഹിപ്പിക്കാനാവില്ല. പരാതി ലഭിച്ചശേഷം നടത്തുന്ന പ്രാഥമികാന്വേഷണ ഘട്ടത്തിൽ അധ്യാപകരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദേശിച്ചു. ആവശ്യമെങ്കിൽ അധ്യാപകർക്ക് നോട്ടീസ് നൽകാം. ഇക്കാര്യത്തിൽ വ്യക്തത ആവശ്യമെങ്കിൽ സർക്കാറിനോ പൊലീസിനോ കോടതിയെ സമീപിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.