അട്ടപ്പാടി വെച്ചപ്പതിയിൽ തോട് പുറമ്പോക്ക് കൈയേറിയെന്ന് പരാതി

കോഴിക്കോട് : അട്ടപ്പാടി വെച്ചപ്പതിയിൽ സർക്കാരിന്റെ തോട് പുറമ്പോക്ക് കൈയേറിയെന്ന് പരാതി. വെച്ചപ്പതി ഊരിലെ മുരുകനാണ് ഡി.ജി.പിക്ക് പരാതി നൽകിയത്. പരാതിയുടെ പകർപ്പ് ഷോളയൂർ വില്ലേജ് ഓഫിസർക്കും നൽകി. പരാതി പ്രകാരം ആദിവാസിയായ മുരുകന്റെ മുത്തച്ഛൻ രങ്കമൂപ്പൻ മകൻ കാരയുടെ പേരിൽ സർവേ 1795/2-ൽപ്പെട്ട ഭൂമിയുണ്ട്.

ഈ ഭൂമി മുത്തച്ഛൻ ആർക്കും കൈമാറിയിട്ടില്ല. തൊട്ടടുത്ത സർവേ നമ്പർ 1795/3-ൽ ഉൾപ്പെട്ട സ്ഥലം തോട് പുറംമ്പോക്കാണ്. ആർക്കും വാങ്ങുവാനോ, വിൽക്കുവാനോ കഴിയില്ല. റവന്യൂ രേഖകളിൽ അത് സർക്കാർ ഭൂമിയാണ്. എന്നാൽ ഈ നമ്പറുകളിൽ ഉൾപ്പെട്ട സ്ഥലങ്ങൾക്ക് ജനാർദനൻ, ജ്യോതിമണി, സന്തോഷ് തുടങ്ങിയവർ വില്ലേജ് ഓഫീസറെ സ്വാധീനിച്ച് നികുതി രസീത് വാങ്ങി. വില്ലേജ് ഓഫിസിൽ നിന്ന് ഇവർക്ക് ഭൂമിയുടെ കൈവശ സർട്ടിഫിക്കറ്റും ലഭിച്ചുവെന്ന് പരാതിയിൽ പറയുന്നു.

നികുതി രസീതും കൈവശ സർട്ടിഫിക്കറ്റും കോടതികളിൽ ഹാജരാക്കി ഭൂമി തട്ടിയെടുക്കാനാണ് ശ്രമിക്കുന്നത്. ഭൂമിയിൽ പ്രവേശിക്കുന്നതിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഇവർ കോടതിയിൽ ഹരജി നൽകുന്നവെന്നാണ് മുരുകൻ അറിഞ്ഞത്. അട്ടപ്പാടിയിലെ വില്ലേജ് ഓഫിസർമാരിൽ ചിലർ സർക്കാർ ഭൂമിക്കും ആദിവാസി ഭൂമിക്കും വ്യാജരേഖയുണ്ടാക്കി കൊടുക്കുന്നുണ്ട്.

വില്ലേജ് സർവേ രേഖകളിൽ പുറമ്പോക്കെന്നും, ആദിവാസി ഭൂമിയെന്നും രേഖപ്പെടുത്തുകയും ആദിവാസികളുടെ കൈവശത്തിലിരിക്കുന്ന ഭൂമി തട്ടിയെടുക്കുകയുമാണ് ഇതിലൂടെ ചെയ്യുന്നത്. ആദിവാസി ഭൂമിയും സർക്കാർ പുറമ്പോക്കും കൈയേറുന്നത് തടയാനും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നുമാണ് മുരുകൻ ഡി.ജി.പിക്ക് നൽകിയ പരാതിയിലെ ആവശ്യം. 

Tags:    
News Summary - Complaint that the ditch has overflowed at Attappadi Vechapati

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.