കോഴിക്കോട് : അട്ടപ്പാടിയിൽ വെച്ചപ്പതി ആദിവാസി ഊരിന് സമീപമുള്ള സർക്കാർ പുറമ്പോക്ക് വ്യാജരേഖയുണ്ടാക്കി കൈയേറിയെന്ന് പരാതി. അപ്പാടിയിലെ ആദിവാസി ഭൂമി തട്ടിപ്പിനെതിരെ ആദിവാസി കർഷകരുടെ ഭാഗത്തു നിന്ന് പ്രവർത്തിക്കുന്ന എം. സുകുമാരൻ ആണ് ഹൈകോടതി ചീഫ് ജസ്റ്റിസിനും ഡി.ജി.പിക്കും പരാതി അയച്ചത്. 2006 ൽ പാർലമന്റെ് പാസാക്കിയ വനാവകാശ നിയമപ്രകാരം വെച്ചപ്പതി ഊരിന് സാമൂഹിക വനാകശം നൽകിയ പ്രദേശത്താണ് കൈയേറ്റം നടന്നതെന്നും പരാതിയിൽ ചൂണ്ടിക്കാണിച്ചു.
പരാതി പ്രകാരം വി.എഫ്.സി ഐറ്റം നമ്പർ 98/100 ൽ ഉൾപ്പെട്ട പ്രദേശമാണ്. ഷോളയൂർ വില്ലേജിൽ 1795/3 സർവേ നമ്പരിലെ ഭൂമിയിലാണ് കൈയേറ്റം നടന്നത്. ഈ ഭൂമിക്ക് വ്യജ ആധാരം നിർമിച്ച് മറിച്ചു വിറ്റുവെന്നാണ് ആരോപണം. നിലവിൽ പൊലീസ് സഹായത്തോടെയാണ് ഭൂമിക്ക് മതിൽ കെട്ടുന്നതിന് അതിരു കല്ലുകൾ സ്ഥാപിച്ചിരിക്കുകയാണ്. ഈ ഭൂമി ആദിവാസി ഭൂമിയോട് ചേർന്നുള്ള പുറംമ്പോക്ക് ഭൂമിയാണ് പൊതുസ്ഥലമാണെന്ന് പരാതിയിൽ പറയുന്നു. 2024 മെയ് 27 ന് ഉച്ച കഴിഞ്ഞാണ് ഈ ഭൂമിയിൽ കൈയേറ്റം നടന്നത്.
എറണാകുളം കാക്കനാട് പാലച്ചുവട് സ്വദേശിയായ മോഹനനും കൊച്ചിൻ റോഡ് കടവന്ത്ര സ്വദേശി ജഗദീശ് ചന്ദ്രൻ എന്നിവരാണ് ഭൂമി കൈമാറ്റം നടത്തിയത്. തമിഴ്നാട് നോർത്ത് കോയമ്പത്തൂർ സ്വദേശിക്കാണ് ഭൂമി കൈമാറിയതെന്നും പരാതിയിൽ പറയുന്നു. ഈ ഭൂമി സർക്കാർ വില്ലേജ് രജിസ്ടറിൽ പുറംമ്പോക്ക് ഭൂമി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ സ്ഥലം തോടും ചതിപ്പ് നിലവും ആയിരുന്നു. വില്ലേജ് രജിസ്ടറിന്റെ പകർപ്പും 2015/2023 എന്ന ആധാരത്തിന്റെ പകർപ്പും പരാതിക്കൊപ്പം നൽകി.
വില്ലേജ് രേഖകൾ പ്രകാരം സർക്കാർ പൊതുതോട് പുറംമ്പോക്ക് ഭൂമിയാണിത്. സർക്കാർ ഭൂമിക്ക് വ്യാജരേഖയുണ്ടാക്കിയവർക്കെതിരയും ഇതിന് കൂട്ടുനിന്ന റവന്യൂ ഉദ്യോഗസ്ഥർക്കെതിരെയും നടപടി യെടുക്കണമെന്നും സർക്കാർ പുറംമ്പോക്ക് ഭൂമി സംരക്ഷിക്കാൻ ഹൈകോടതി ഇടപെടണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
ആദിവാസി വിഭാഗങ്ങളുടെ അവകാശങ്ങൾ നിക്ഷിപ്തമായിരിക്കുന്ന അധികര കേന്ദ്രം ഗ്രാമസഭയാണ്. തലമുറകളായി ഈ പ്രദേശത്ത് താമസിക്കുന്ന ആദിവാസി സമൂഹത്തിനാണ് നിയമപ്രകാരം ഭൂമി നൽകിയത്. ഇവിടുത്ത് പ്രകൃതിയുടെ സുസ്ഥിരമായ ഉപയോഗത്തിനായി സംരക്ഷിക്കുന്നതിനുള്ള അവകാശം ഗ്രമസഭക്കാണ്. ഏതൊരു കമ്മ്യൂണിറ്റി ഫോറസ്റ്റ് റിസോഴ്‌സും സംരക്ഷിക്കാനും പുനരുജ്ജീവിപ്പിക്കാനും സംരക്ഷിക്കാനും നിയന്ത്രിക്കാനും ഉള്ള അവകാശം ഇതിൽ ഉൾപ്പെടുന്നു. ഈ നിയമങ്ങളെല്ലാം അട്ടിമറിച്ചാണ് ഭൂമി കൈയേറ്റം നടത്തിയതെന്നും എം. സുകുമാരൻ മാധ്യമം ഓൺലൈനോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.