വെള്ള ഷർട്ടും ജീൻസും ധരിച്ച് നടന്ന് വരുന്നത് ഷോളയൂർ വില്ലേജ് ഓഫിസർ അജിത് 

അട്ടപ്പാടിയിൽ ആദിവാസികളെ കുടിയിറക്കാൻ മന്ത്രിയുടെ പേര് പറഞ്ഞ് ഭീഷണിയെന്ന് പരാതി

കോഴിക്കോട് : അട്ടപ്പാടിയിൽ വെള്ളകുളത്ത് ആദിവാസി കുടുംബത്തെ കുടിയിറക്കാൻ മന്ത്രിയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്ന് അഗളി ഡി.വൈ.എസ്.പിക്ക് പരാതി. വെള്ളകുളത്ത് താമസിക്കുന്ന ലക്ഷ്മിയാണ് പരാതി നൽകിയത്. സ്വന്തം ഭൂമിയിൽനിന്ന് ഭീഷണിപ്പെടുത്തി ഇറക്കിവിടാൻ ഷോളയൂർ വില്ലേജ് ഓഫീസർ അജിത് അമ്പാടിയും സംഘവും ശ്രമിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. ലക്ഷിയുടെ പരാതി ലഭിച്ചുവെന്ന് അഗളി ഡി.വൈ.എസ്.പി ഓഫിസ് മാധ്യമം ഓൺലൈനോട് പറഞ്ഞു.

പരാതി പ്രകാരം ഷോളയൂർ വില്ലജ് ഓഫിസർ, പുതൂർ വില്ലേജ് അസിസ്റ്റൻറ് ശിവസ്വാമി എന്നിവരുടെ നേതൃത്വത്തിൽ കണ്ടാലറിയിറുയന്ന 10 ലധികം പേരാണ് ശനിയാഴ്ച രാവിലെ 10 ഓടെ നിരവധി വാഹനങ്ങളിലായി വെള്ളകുളത്ത് എത്തിയത്. അവരോടൊപ്പം വന്ന അരുൺ സുകുമാരൻ എന്നയാളും സംഘവും ബലമായി ആദിവാസി ഭൂമിയിൽ പ്രവേശിച്ച് സർവേ നടത്തി.ഭൂമി അളക്കാൻ വില്ലേജ് ഓഫിസറോടൊപ്പം എത്തിയത് സ്വകാര്യ സർവേ സംഘമായിരുന്നു.




 വീട്ടിലുണ്ടായിരുന്ന സ്ത്രീകളെയും കുട്ടികളെയും പ്രായമായ ആദിവാസികളെയും ഈ സംഘം ഭീഷണിപ്പെടുത്തി. അരുൺ സുകുമാരൻ സംസ്ഥാനത്തെ സി.പി.എം മന്ത്രിയുടെ ( മന്ത്രിയുടെ പേരും പരാതിയിലുണ്ട്) സുഹൃത്താണെന്ന് പറഞ്ഞാണ് ഭീഷണിപ്പെടുത്തയതെന്നും പരാതിയിൽ പറയുന്നു. ലക്ഷ്മിയുടെ ഭർത്താവിൻറെ മുത്തച്ഛൻ പെരുമാളിന്റെ പേരിൽ ഷോളയൂർ വില്ലേജിൽ സർവ്വേ നമ്പർ 1834 ലുള്ള ഭൂമിയിലാണ് കുടുംബം താമസിക്കുന്നത്. ഭൂമി അവരുടെ കൈവശമാണ്. ഇതുവരെ ആരും അവകാശവാദം ഉന്നയിട്ടില്ല. വില്ലേജിലെ എ ആൻഡ് ബി രജിസ്റ്ററിലും ആദിവാസി ഭൂമിയാണ്.




ഭൂമി അളക്കാൻ വില്ലേജ് ഓഫിസർ എത്തിയ വിവരമറിഞ്ഞ് ചില സാമൂഹിക പ്രവർത്തകർ വെള്ളകുളത്ത് എത്തി. അവരെ കണ്ടപ്പോൾ വില്ലേജ് ഓഫീസറും അരുൺ സുകുമാരനും സർവ്വേ ടീമും അവരുടെ കൂടെ വന്നവരും വാഹനങ്ങളിൽ കയറി കടന്നുകളഞ്ഞു. ആനക്കട്ടിയിലുള്ള ഒരാളും കണ്ടാൽ അറിയാവുന്ന പത്തോളം പേരും ചേർന്നാണ് ഭീഷണി മുഴക്കിയത്. ആദിവാസികളായ തങ്ങളുടെ ഭൂമിയിൽ അതിക്രമിച്ചു കടന്നതിനും ഭീഷണിപ്പെടുത്തിയതിനും നടപടി സ്വീകരിക്കണമെന്ന് ലക്ഷ്മി പരാതിയിൽ ആവശ്യപ്പെട്ടു.

അരുണിന്റെ ഭൂമി അളക്കാൻ പോയെന്ന് വില്ലേജ് ഓഫിസർ

വെള്ളകുളത്ത് 22 ഏക്കർ ഭൂമി സ്വന്തമായിട്ടുള്ള അരുൺ നൽകിയ അപേക്ഷ പ്രകാരമാണ് ഭൂമി അളക്കാൻ പോയതെന്ന് വില്ലേജ് ഓഫിസർ അജിത് മാധ്യമം ഓൺ ലൈനോട് പറഞ്ഞു. അരുണിന്റെ അച്ഛനും അമ്മയും സഹോദരിയുമെല്ലാം ചേർന്ന് അഗ്രി കമ്പനിക്കുവേണ്ടിയാണ് വെള്ളകുളത്ത് ഭൂമി വാങ്ങിയത്. കമ്പനിയുടെ പേരിൽ ഫയൽ നോക്കിയേ പറയാൻ കഴിയു. ഭൂമി സംബന്ധിച്ച രേഖകളെല്ലാം വില്ലേജ് ഓഫിസിൽ അരുൺ ഹാജരാക്കിയിരുന്നു.

അരുൺ ഹാജരാക്കിയ ആധാരപ്രകാരം 1994 ലാണ് ഭൂമി വാങ്ങിയത്. ഭൂമിയുടെ അതിർത്തി നിർണയിച്ച് കല്ലിടുന്നതിനാണ് അരുൺ അപേക്ഷ നൽകിയത്. അതിനാണ് വെള്ളകുളത്ത് പോയത്. കഴിഞ്ഞമാസമാണ് അരുൺ അപേക്ഷ നൽകിയത്. ആദിവാസി കുടുംബത്തിന്റെ എതിർപ്പുണ്ടായതോടെ അളവ് നിർത്തി മടങ്ങിപോന്നു. തർക്കമുള്ളതിനാൽ അടുത്ത ബുധനാഴ്ച ഇരുകക്ഷികളെയും ഹിയറിങ്ങിന് വിളിച്ചുവെന്നും വില്ലേജ് ഓഫിസർ പറഞ്ഞു. 

Tags:    
News Summary - Complaint that the minister's name was threatened to evict tribals in Attapadi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.