കൊട്ടിയൂർ: മന്ദംചേരിയിലെ 34കാരിയായ ആദിവാസി യുവതിയുടെ മരണത്തിൽ ദുരൂഹതയെന്ന് പരാതി. സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ജില്ല പൊലീസ് മേധാവിക്ക് ആദിവാസി ദലിത് മുന്നേറ്റ സമിതി സംസ്ഥാന പ്രസിഡൻറ് ശ്രീരാമൻ കൊയ്യോൻ പരാതി നൽകി.
ആഗസ്റ്റ് 24 മുതൽ കാണാനില്ലെന്ന് വീട്ടുകാർ കേളകം പൊലീസിൽ പരാതി നൽകിയിരുന്നു. 28ന് താമസസ്ഥലത്തുനിന്ന് 35 കിലോമീറ്റർ അകലെയുള്ള മാലൂർ തോലമ്പ്രയിലെ ആൾതാമസമില്ലാത്ത പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം നിലത്ത് ഇരുന്ന നിലയിലാണ് കാണപ്പെട്ടത്. ഷാളിൽ കെട്ടിത്തൂക്കി കൊലപ്പെടുത്തിയതാണെന്നും മൃതദേഹം മാലൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി ആത്മഹത്യയെന്ന് വരുത്തിത്തീർക്കാനാണ് ശ്രമിച്ചതെന്നുമാണ് ആദിവാസി ദലിത് മുന്നേറ്റ സമിതിയുടെ പരാതി. ഫോറൻസിക് വിദഗ്ധർ സ്ഥലം സന്ദർശിക്കുകയോ പൊലീസ് നായെ സ്ഥലത്ത് കൊണ്ടുവരുകയോ ചെയ്തിട്ടില്ല. ശോഭയുടെ ദുരൂഹമരണം 1989ലെ പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷിക്കണം.
യുവതിയെ ഒന്നിൽ കൂടുതൽ പുരുഷന്മാർ ചേർന്ന് പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം ആൾതാമസമില്ലാത്ത തോലമ്പ്ര പ്രദേശത്ത് മരത്തിൽ കെട്ടിത്തൂക്കിയതാണെന്ന സംശയം അന്വേഷിക്കണം. വീട്ടിൽനിന്ന് ഇറങ്ങിയപ്പോൾ ധരിച്ചിരുന്ന സ്വർണ കമ്മൽ, മാല, വള എന്നിവ മോഷണം പോയിട്ടുണ്ട്. കൈവശം മൊബൈൽ ഫോൺ ഉണ്ടായിരുന്നുവെങ്കിലും കാണാതായതു മുതൽ സ്വിച്ച് ഓഫാണ്. ഫോൺ നമ്പർ പൊലീസിന് നൽകിയെങ്കിലും കാൾ ലിസ്റ്റ് പരിശോധിച്ച് നടപടി സ്വീകരിക്കുന്നതിന് തയാറായില്ല.
പേരാവൂർ താലൂക്ക് ആശുപത്രിയിലേക്കെന്ന് പറഞ്ഞാണ് യുവതി വീട്ടിൽനിന്ന് പുറപ്പെട്ടത്. സംഭവം കൊലപാതകമെന്ന് സംശയിക്കുന്നതിനാൽ വിശദ അന്വേഷണം വേണമെന്ന് ശ്രീരാമൻ കൊയ്യോൻ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.