കൊച്ചി: റിപ്പബ്ലിക് ദിനത്തിൽ ഹൈകോടതി ഓഡിറ്റോറിയത്തിൽ അവതരിപ്പിച്ച നാടകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാറിനുമെതിരെ അപകീർത്തി പരാമർശമുണ്ടെന്നതിന്‍റെ പേരിൽ രണ്ട് ഹൈകോടതി ജീവനക്കാർക്ക് സസ്പെൻഷൻ. അസി. രജിസ്ട്രാർ ടി.എ. സുധീഷ്, കോർട്ട് കീപ്പർ പി.എം. സുധീഷ് എന്നിവരെയാണ് ഹൈകോടതി ചീഫ് ജസ്റ്റിസ് എ.ജെ. ദേശായ് അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തത്.
സംഭവത്തിൽ അഡ്മിനിസ്ട്രേറ്റിവ് രജിസ്ട്രാറോട് കോടതി റിപ്പോർട്ട് തേടി. റിപ്പബ്ലിക് ദിനാഘോഷ കമ്മിറ്റി നൽകിയ മാർഗ നിർദേശങ്ങൾക്ക് വിരുദ്ധമായിരുന്നു നാടകമെന്ന് ഹൈകോടതി ഭരണവിഭാഗത്തിന്‍റെ വിശദീകരണക്കുറിപ്പിൽ പറയുന്നു. ദേശീയോദ്ഗ്രഥനത്തിനും ദേശീയ ഐക്യത്തിനും പ്രാധാന്യം നൽകണമെന്ന മാർഗനിർദേശങ്ങൾ ലംഘിച്ചതിനാലാണ് സസ്പെൻഷനെന്നും വ്യക്തമാക്കുന്നു.
അഡ്വക്കറ്റ് ജനറൽ ഓഫിസ് ജീവനക്കാരടക്കം പങ്കെടുത്ത നാടകത്തിൽ പ്രധാനമന്ത്രിയെയും സർക്കാറിന്‍റെ അഭിമാന പദ്ധതിയായ ജൽജീവൻ മിഷനെയും ആസാദി കാ അമൃത് മഹോത്സവിനെയും പരിഹസിക്കുന്നതായി പരാതിയിൽ ചൂണ്ടിക്കാട്ടി. നാടകം രചിച്ച വ്യക്തിയുടെ രാഷ്ട്രീയ ചായ്‌വ് പ്രകടമാക്കുന്നതാണ് സംഭാഷണങ്ങൾ. ആസാദി കാ അമൃത് മഹോത്സവിന്‍റെ ഭാഗമായി ഹൈകോടതിയും നിരവധി പരിപാടികൾ സംഘടിപ്പിച്ചിരുന്നു.
അതിനാൽ, സ്വാതന്ത്ര്യത്തിന്‍റെ 75ാം വാർഷികാഘോഷങ്ങളെ അപമാനിക്കുന്നത് കോടതിയെക്കൂടി അപമാനിക്കുന്നതിന് തുല്യമാണ്. പ്രധാനമന്ത്രിയുടെ വാക്കുകളെയും ശൈലിയെയും പരിഹസിക്കുന്നത് രാജ്യവിരുദ്ധമാണെന്നും ഹൈകോടതി ജീവനക്കാർ സർവിസ് ചട്ടങ്ങൾ ലംഘിച്ചെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ, സസ്പെൻഷൻ നടപടി അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണെന്ന ശക്തമായ വാദവും ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.